കണ്ണൂർ:
കണ്ണൂരിലെ ആന്തൂരില്‍, കൺവെൻഷൻ സെന്ററിനു അനുമതി ലഭിക്കാഞ്ഞതിന്റെ വിഷമം മൂലം ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്‍ പാറയിലിന്റെ കാര്യത്തിൽ നഗരസഭയുടെ ഭാഗത്ത് വീഴ്ചയില്ലെന്നു സര്‍ക്കാർ, ഹൈക്കോടതിയില്‍ വിശദീകരണം നൽകി. തയ്യാറാക്കി നൽകിയ പ്ലാനിൽ പല തവണ മാറ്റം ആവശ്യപ്പെടാന്‍ കാരണം കണ്‍വെന്‍ഷന്‍ സെന്ററിന് പ്ലാന്‍ തയ്യാറാക്കിയ ആര്‍ക്കിടെക്ടിന്റെ അശ്രദ്ധയായിരിക്കുമെന്നാണു സത്യവാങ്മൂലത്തില്‍ പറയുന്നത്.
ഇടക്കാലത്ത് പുതിയ പ്ലാന്‍ സമര്‍പ്പിച്ചതും നഗരസഭയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ നിര്‍മ്മാണരീതി മാറ്റിയതും പ്രശ്നമായെന്ന് തദ്ദേശവകുപ്പിലെ അണ്ടര്‍ സെക്രട്ടറി ജി. അനില്‍ കുമാര്‍ പറയുന്നു. കോടതി നിര്‍ദേശിച്ചതനുസരിച്ച് സമര്‍പ്പിച്ചതാണ് ഈ സത്യവാങ്മൂലം. പുതിയ പ്ലാനിലും പല പാളിച്ചകളും കണ്ടെത്തിയിരുന്നു.
കണ്‍വെന്‍ഷന്‍ സെന്ററിന് ആന്തൂര്‍ നഗരസഭ ലൈസന്‍സ് നല്‍കാത്തതിനെത്തുടര്‍ന്ന് സാജന്‍ പാറയില്‍ ജൂണ്‍ 18-നാണ് ആത്മഹത്യ ചെയ്തത്. മാധ്യമറിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഇക്കാര്യം സ്വമേധയാ ഹര്‍ജിയാക്കിയാണ് ഹൈക്കോടതി വിശദീകരണം തേടിയത്.