തിരുവനന്തപുരം:
കറുത്ത നിറം, താമസിക്കുന്നത് കോളനിയില്‍, ദളിതന്‍, ഈ മൂന്നു കാര്യങ്ങള്‍ ഒരു വ്യക്തിയ്ക്കുണ്ടെങ്കില്‍ അവന്‍ കള്ളനോ, പിടിച്ചു പറിക്കാരനോ, ഗുണ്ടയോ ആകാനാണ് സാധ്യതയെന്നാണ് പൊതുസമൂഹത്തിന്റ ധാരണ. കള്ളന്‍ ആകണമെങ്കില്‍ ഈ മൂന്നെണ്ണത്തില്‍ ഒരെണ്ണം മാത്രം മതി . മറ്റ് രണ്ട് വിശേഷണങ്ങള്‍ കൂടിയായാല്‍ ചോദിക്കാതെതന്നെ വകുപ്പുകള്‍ തീരുമാനിക്കാനാവും കേരള പോലീസിന്. മനുഷ്യാവകാശ ലംഘനങ്ങള്‍ പെരുമഴ പോലെ ഇത്തരം ആളുകള്‍ക്ക് പോലീസ് സ്റ്റേഷനില്‍ നേരിടേണ്ടിവരും. കെട്ടിച്ചമച്ച കേസുകളും, വകുപ്പുകളും, നിയമങ്ങളും അവരുടെ മേല്‍ ചാര്‍ത്തി ഭാവി ജീവിതം തകര്‍ക്കുകയും ചെയ്യും. വളരെ കുറച്ച് പേര്‍ ഇതില്‍ നിന്ന് അടിപതറി ജീവിതം അവസാനിപ്പിക്കും. ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ് തൃശ്ശൂരിലെ വിനായകന് സംഭവിച്ചതും.
ജനമൈത്രി പോലീസ് ആണെന്ന് ഏതു നേരം പറയുമ്പോള്‍തന്നെയും ധാര്‍ഷ്ട്യവും, ക്രൂരതയും ജനങ്ങള്‍ക്കുമേല്‍ കാണിക്കും. ഇത്തരം കെട്ടിച്ചമച്ച കേസിന്റെയും തുടര്‍ന്നുണ്ടായ ക്രൂരതയുടെയും തെളിവുകള്‍ നിരത്തി പുറത്തുവന്ന അവസാനത്തെ ഇരയാണ് തിരുവനന്തപുരം ചെങ്കല്‍ചൂളയില്‍ താമസക്കാരനായ വാദ്യകലാകാരന്‍ ജെ.കെ. സതീഷ്.
സംഭവത്തിനു തുടക്കം
പൊതു സ്ഥലത്ത് നിന്ന് സിഗരറ്റ് വലിച്ചു എന്ന കുറ്റത്തിനാണ് സതീഷിനെ വഞ്ചിയൂര്‍ എസ്.ഐ. സബീര്‍ പിടികൂടിയത്. 200 രൂപ പിഴയടയ്ക്കാന്‍ പോലീസ് ആവശ്യപ്പെട്ടപ്പോള്‍ പണമടക്കാന്‍ തയ്യാറായതാണ്. എന്നാല്‍ വണ്ടിയുടെ പെട്രോള്‍ തീര്‍ന്നതിനാല്‍ കൂടെയുണ്ടായിരുന്ന ആള്‍ പെട്രോള്‍ പമ്പ് വരെ പോയിരിക്കുകയാണെന്നും, കാശ് അയാളുടെ കയ്യിലാണെന്നും തിരിച്ചു വന്നാല്‍ പിന്നെ അടയ്ക്കാം എന്ന് സതീഷ് പറഞ്ഞിരുന്നു. അതിനു സമ്മതിക്കാതെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു. വണ്ടിയിലും സ്റ്റേഷനിലും വച്ച് ജാതിയുമായി അധിക്ഷേപിക്കുകയും ചെയ്തു. ചെങ്കല്‍ചൂളക്കാരെല്ലാം ക്രിമിനലുകള്‍ ആണെന്ന തരത്തില്‍ അപമാനിക്കുകയും ചെയ്തു. സ്റ്റേഷനില്‍ വച്ച് തന്നെ വസ്ത്രങ്ങള്‍ അഴിച്ചുമാറ്റുകയും അടിവസ്ത്രം മാത്രം ധരിപ്പിച്ച് നിര്‍ത്തുകയും ചെയ്തതായും, എസ്.ഐ. ശാരീരികമായി ഉപദ്രവിച്ചതായും സതീഷ് പറഞ്ഞു. പട്ടികജാതിയില്‍പ്പെട്ട ഒരു കലാകാരനാണ് സതീഷ്. ചെങ്കല്‍ചൂളയിലെ യുവാക്കള്‍ക്ക് കലയിലൂടെ നേര്‍വഴി കാണിക്കുന്നതിന് സ്ഥാപിച്ച ഹൈനസ് കലാ സാംസ്‌കാരിക സമിതിയുടെ സ്ഥാപകനുമാണ്. 48 മണിക്കൂര്‍ തുടര്‍ച്ചയായി ചെണ്ട കൊട്ടി ഗിന്നസ് റെക്കോര്‍ഡില്‍ ഇടം നേടിട്ടുളള കലാകാരനും കൂടിയാണ് അദ്ദേഹം.
‘ഒറ്റക്കാണെങ്കിലും പൊരുതും’ ധനൂജ കുമാരി – സതീഷിന്റെ ഭാര്യ
ചെങ്കല്‍ ചൂളയില്‍ ജനിച്ചു വളര്‍ന്നവള്‍. ചെങ്കല്‍ചൂളയെക്കുറിച്ച് പുസ്തകമെഴുതിയവള്‍, ഭര്‍ത്താവിനേറ്റ അപമാനത്തില്‍ പോരാടാന്‍ ഉറച്ച പെണ്ണ് ഇതാണ് ധനൂജ കുമാരിയെന്ന നാല്‍പ്പത്തി അഞ്ച് വയസ്സുകാരിയായ വീട്ടമ്മ. ‘കടുത്ത മനുഷ്യാവകാശ ലംഘനമാണ് എന്റെ ഭര്‍ത്താവിന് പോലീസില്‍ നിന്നും ഏല്‍ക്കേണ്ടിവന്നത്. നിസ്സാര കുറ്റമായ സിഗരറ്റ് വലിച്ചതിന് എന്റെ ഭര്‍ത്താവിനെ അവര്‍ അപമാനിച്ചതും ക്രൂരമായി മര്‍ദ്ദിച്ചതും. സംഭവത്തെപ്പറ്റി ധനൂജയുടെ വാക്കുകളിലേയ്ക്ക്:-
“അദ്ദേഹം ഒരു സാധാരണ കലാകാരനാണ്. മാത്രമല്ല ഒരു നിഷ്‌കളങ്കനും. പതിനാലാം തീയതി രാത്രില്‍ ശ്രീവരാഹം ക്ഷേത്രത്തില്‍ പരിപാടിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിച്ചു മടങ്ങി വരുന്ന വഴി തകരപ്പറമ്പ് ഫ്‌ളൈ ഓവര്‍ പാലം തുടങ്ങു നിടത്തുവെച്ച് അവര്‍ സഞ്ചരിച്ച ഓട്ടോറിക്ഷയുടെ പെട്രോള്‍ തീര്‍ന്നു പോയി. ചേട്ടന്റെ കൈവശം ഉണ്ടായിരുന്ന 500 രൂപ കൂടെ ഉണ്ടായിരുന്ന അനുജന്റെ (അവന്റെ ഓട്ടോയിലാണ് പോയത്) കൈയ്യില്‍ കൊടുത്ത് പെട്രോള്‍ വാങ്ങി വരാന്‍ പറഞ്ഞു വിട്ടു.
ആ സമയത്ത് അദ്ദേഹം ഒരു സിഗരറ്റ് വലിച്ചു, അപ്പോഴാണ് പോലീസ് ജീപ്പ് അവിടെ എത്തുന്നത്. വണ്ടിയില്‍ നിന്നും ഇറങ്ങിയ ഉടനെ തന്നെ എസ്.ഐ. സബീര്‍ പൊതുസ്ഥലത്ത് സിഗരറ്റ് വലിക്കുന്നേടാ എന്ന് ചോദിച്ച് തെറിയാണ് ചേട്ടനെ വിളിച്ചത്. വലിച്ചതിന് 200 രൂപ പിഴ അടക്കണം എന്ന് പറഞ്ഞു. ചേട്ടന്റെ കൈവശം അപ്പോള്‍ പൈസ ഒന്നും ഉണ്ടായിരുന്നില്ല. ആകെയുണ്ടായിരുന്ന 500 രൂപയാണ് പെട്രോള്‍ വാങ്ങാന്‍ കൊടുത്തത്. വാങ്ങാന്‍ പോയ അനിയന്‍ തിരിച്ചു വന്നാലുടന്‍ പിഴയടയ്ക്കാമെന്ന് പോലീസുകാരോട് പറഞ്ഞു. എന്നാല്‍ ചേട്ടനെ തെറി വിളിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് ജീപ്പിലേക്ക് കയറാന്‍ പറഞ്ഞപ്പോള്‍ സാധുവായ എന്റെ ഭര്‍ത്താവ് അതില്‍ കയറുകയായിരുന്നു. ഇന്നോളം നിലവില്‍ അദ്ദേഹത്തിനെതിരെ ഒരു കേസ് പോലും അടുത്ത സ്റ്റേഷനുകളില്‍ ഉണ്ടായിട്ടില്ല.
കയറിയ ഉടനെ തന്നെ എവിടെയാണ് വീടെന്ന് ചോദിച്ചു. രാജാജി നഗറിലാണ് വീട് എന്ന് പറഞ്ഞപ്പോള്‍ കൂടെയുണ്ടായിരുന്ന ഡ്രൈവര്‍ ആണ് പറഞ്ഞത്, സാറിനറിയില്ലേ ഈ രാജാജി നഗര്‍ എന്ന് പറയുന്നത് പഴയ ചെങ്കല്‍ചൂള ആണെന്ന്. ചേട്ടന്‍ പറഞ്ഞു സാര്‍ ഞാനൊരു പട്ടികജാതിയില്‍പ്പെട്ട കലാകാരനാണെന്ന് . അപ്പോള്‍ അവര്‍ ചേട്ടന്റെ ജാതി ചോദിച്ചു. സാംബവ സമുദായമാണെന്നു പറഞ്ഞപ്പോള്‍ എസ്.ഐ. തിരിച്ചു പറഞ്ഞത്, പറയന്‍ എന്നു പറയെടാ എന്നായിരുന്നു. ചേട്ടന്‍ സ്ഥിരമായി വെളള മുണ്ടും ഷര്‍ട്ടുമാണ് ധരിക്കാറുളളത്. അതുകണ്ടിട്ട് അവര്‍ വീണ്ടും ദേഷ്യപ്പെട്ടു. നീ പറയനായതിന്റെ നെഗളിപ്പ് ആയിരിക്കും വെള്ളയും വെള്ളയും ഇട്ട് നടക്കുന്നത് അല്ലേടാ, നീയൊക്കെ എങ്ങനെ നടന്നാലും പറയന്‍ പറയന്‍ തന്നെ എന്നു പറഞ്ഞാണ് എസ്.ഐ. ചേട്ടനെ അപമാനിച്ചത്.
പിന്നെ കോളനിയുടെ പേരു പറഞ്ഞായിരുന്നു ചീത്തവിളിയും ഭീഷണിയും. ഞാന്‍ കഴക്കൂട്ടത്തെ താമസക്കാരനാണ്. എന്റെ പേര് സബീര്‍, ഞാന്‍ ചെങ്കല്‍ച്ചൂളയില്‍ വരാം, നീ എന്താന്നുവച്ചാല്‍ ചെയ്യെടാ എന്നു പറഞ്ഞുകൊണ്ട് വീണ്ടും അസഭ്യം പറയുകയാണ് എസ്.ഐ. ചെയ്തത്. തുടര്‍ന്ന് ചെങ്കല്‍ ചൂളയില്‍ ഉളളവര്‍ ഗുണ്ടകളും കൊലപാതകികളും, കളളന്‍മാരാണെന്ന് പറഞ്ഞു കുറേ കളിയാക്കി. വണ്ടി സ്റ്റേഷനില്‍ എത്തിയ ഉടനെ ചേട്ടന്റെ മുണ്ടും ഷര്‍ട്ടും ഊരി വാങ്ങി. ഷഡിയിലാണ് നിര്‍ത്തിയത്. മദ്യപിക്കാത്ത ആള്‍ ആണ് അദ്ദേഹം എന്നിട്ടും മദ്യപിച്ചിട്ടുണ്ടെന്ന് പറഞ്ഞു മെഡിക്കല്‍ എടുക്കാന്‍ ജനറല്‍ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി അതിനുശേഷമാണ് അദ്ദേഹത്തെ ജാമ്യത്തില്‍ വിട്ടത്.”
പറയുമ്പോള്‍ അവരുടെ കണ്ണ് നിറഞ്ഞിരുന്നു. “ഇപ്പോള്‍ പറയുമ്പോള്‍പോലും എനിക്ക് സങ്കടം സഹിക്കാന്‍ സാധിക്കുന്നില്ല. ഇതെന്നോട് പറഞ്ഞ് ഏട്ടന്‍ കരയുകയായിരുന്നു. ശാരീരികമായും മാനസികമായും അദ്ദേഹം വളരെയധികം തകര്‍ന്നു പോയിരുന്നു. മറ്റുളളവര്‍ പറയുന്ന ചെങ്കല്‍ ചൂളയല്ല ഞങ്ങളുടേത് അത് മറ്റുളളവര്‍ക്ക് മനസ്സിലാക്കാന്‍ വേണ്ടി ചെങ്കല്‍ച്ചൂളയിലെ എന്റെ ജീവിതം എന്ന പുസ്തകം എഴുതിയ ആളാണ് ഞാൻ. എന്നിട്ടും എന്റെ വീട്ടില്‍ ഇത്തരമൊരു ദുരനുഭവം ഉണ്ടായത് താങ്ങാവുന്നതിലും അപ്പുറമാണ്,” ധനൂജ വോക്ക് മലയാളത്തോട് പറഞ്ഞു.
“വലിയ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരെ പോലീസ് കൊണ്ടുപോകുമ്പോള്‍ ജനമൈത്രിയാണെന്ന് പറയും പക്ഷേ ഞങ്ങളുടെ കാര്യത്തില്‍ വന്നപോള്‍ ജനമൈത്രി എവിടെപോയെന്നും ധനൂജ ചോദിച്ചു. തന്റെ മകന്‍ നല്ലൊരു കലാകാരനാണ് അവന് കലാമണ്ഡലത്തില്‍ കിട്ടാത്തതിനു കാരണം ചെങ്കല്‍ചൂളക്കാരനായതാണ്. എന്താണ് ചെങ്കല്‍ ചൂളയുടെ പ്രശ്‌നം ഇവിടെ ജനിച്ചതാണോ? എന്തുതന്നെ വന്നാലും കേസുമായി ഞങ്ങള്‍ മുന്നോട്ട പോകും ഇത് എനിക്ക് വേണ്ടിയല്ല. ഇവിടെ താമസിക്കുന്നവര്‍ക്കും ഞങ്ങളുടെ വരും തലമുറയ്ക്കും വേണ്ടിയാണ്,” ധനൂജ വോക്ക് മലയാളത്തോട് പ്രതികരിച്ചു.
‘ഞങ്ങള്‍ ചെങ്കല്‍ ചൂളക്കാര്‍ക്ക് എന്താണ് സാറെ പ്രശ്‌നം’ നീതിഷ് എസ്.ഡി. – സതീഷിന്റെ മകന്‍
‘ഞങ്ങള്‍ ചെങ്കല്‍ ചൂളക്കാര്‍ക്ക് എന്താണ് സാറെ പ്രശ്‌നം’ അറിയാന്‍ പാടില്ലാത്തത് കൊണ്ട് ചോദിക്കുവാ ഞങ്ങള്‍ ഇവിടെ ജനിച്ചതാണോ കുറ്റം.’ സതീഷിനെ പോലീസ് പിടിച്ച് വ്യക്തിഹത്യ നടത്തിയതിനെതിരെ മകന്‍ നിതീഷ് എസ്.ഡി. തന്റെ ഫെയ്‌സ് ബുക്കില്‍ കുറിച്ച വാക്കാണിത്.
“കാലങ്ങളായി കേള്‍ക്കുന്ന ചോദ്യവും പിന്നീടുളള മുഖം ചുളിക്കലും ഞാന്‍ ജനിച്ചപ്പോള്‍ കാണുന്നതാണ്. എനിക്ക് കലാമണ്ഡലത്തില്‍ അഡ്മിഷന്‍ കിട്ടാത്തതും ഇതിന്റെ പേരിലാണ്. എന്റെ മേല്‍വിലാസം എന്നും ചെങ്കല്‍ ചൂള എന്നായിരിക്കും എനിക്കതില്‍ അഭിമാനവുമുണ്ട്. സ്ഥലപരിമിതികള്‍ ഉണ്ടങ്കെിലും ഇത് ഞങ്ങള്‍ക്ക് സ്വര്‍ഗ്ഗ തുല്യമായ വാസ സ്ഥലമാണ്.” സതീഷിന്റെ മകന്‍ നീതിഷ് വോക്ക് മലയാളത്തോട് പ്രതികരിച്ചു.
“ചെങ്കല്‍ ചൂളയിലെ ആളുകള്‍ ആ പോലീസുകാരനെക്കാളും കഴിവുളളവരാണ് പഠിത്തത്തിലും, കലാപരമായും കായികപരമായും. ഇവിടത്തെ ഫുട്‌ബോള്‍ ടീമായ അരശുംമൂടാണ് മിക്ക കളികളിലും ട്രോഫി സ്വന്തമാക്കുന്നത്. ഞങ്ങള്‍ക്ക് കളിക്കാന്‍ സ്വന്തമായി ഒരു ഗ്രൗണ്ട് പോലുമില്ല. മാത്രമല്ല ടീമിലെ കളിക്കാര്‍ ഒരിക്കലും പ്രാക്ടീസ് ചെയ്യുന്നത് കണ്ടിട്ടില്ല. എല്ലാവരും പണിക്കു പോകുന്നവരാണ്. അധ്വാനിച്ച് ജീവിക്കുന്ന ഞങ്ങളെയാണ് മറ്റുളളവര്‍ അധിക്ഷേപിക്കുന്നത്. സാധാരണക്കാരന് ഒരു ദിവസം ജീവിക്കുന്നതിന് 450 രൂപ വേണം അത് ഉണ്ടാക്കാനുളള ഓട്ടത്തിലാണ് ഇവിടെയുളളവരെന്നും,” നീതിഷ് വോക്ക് മലയാളത്തോട് പറഞ്ഞു.
പോലീസിന്റെ ഭാഗത്തു നിന്ന് പ്രതികരണം ചോദ്യച്ചിരുന്നെങ്കിലും ഒഴിഞ്ഞുമാറുകയാണ് ചെയ്തത്.
രാജാജി നഗര്‍ അഥവാ ചെങ്കല്‍ചൂള എന്താണ് ?
പണ്ട് കാലത്ത് ഒരു വലിയ പാടശേഖരമായിരുന്നു ചെങ്കല്‍ചൂള എന്ന പ്രദേശം. സെക്രട്ടറിയേറ്റ് നിര്‍മ്മാണത്തിന് ചുടുകട്ട ദൂരെ നിന്ന് കൊണ്ടുവരാനുളള കൂലി കൂടുതലായതിനാല്‍ അതിന്റെ അടുത്തുളള സ്ഥലമായ ഈ പാടശേഖരം എടുത്തത്. അങ്ങനെ ചുടുകല്ലുകള്‍ വാര്‍ത്തെടുത്ത സ്ഥലമാണ് ചെങ്കല്‍ചൂള ആയത്. സെക്രട്ടറിയേറ്റ് നിര്‍മാണത്തിനു വന്നവരുടെ തലമുറക്കാരാണ് ഇപ്പോള്‍ അവിടുത്തെ നിവാസികളിള്‍ ഭൂരിപക്ഷവും. തിരുവനന്തപുരത്തിന്റെ ഹൃദയ ഭാഗമായ സ്ഥമാണ് ഇത്. ഏകദേശം 16 ഏക്കര്‍ സ്ഥലമായിരുന്നത് പിന്നീട് റോഡിനും ഫയര്‍ഫോഴ്‌സിനും സ്ഥലം സല്‍കിയപ്പോള്‍ 12 ഏക്കറാണ് ഇപ്പോഴുളളത്. സര്‍ക്കാര്‍ പണിതു നല്‍കിയ ഫ്‌ളാറ്റ് മോഡല്‍ വീടുകളും, ഷെഡുകളിലുമായി 2000 കുടുംബങ്ങളാണ് താമസിക്കുന്നത്. ഒരു കാലത്ത് ഇവിടുത്തെ ആളുകള്‍ ഗുണ്ടാ പണിയ്ക്ക് പോയിരുന്നു. ഇന്നും അവിടം അറിയപ്പെടുന്നത് ഗുണ്ടാ കോളനി എന്നാണ്. എന്നാല്‍ സത്യമതല്ല. പുതു തലമുറ അദ്ധ്വാനിച്ച് ജീവിക്കുന്നവരാണ്. എന്നാല്‍ പഴയകാല ചരിത്രത്തിന്റെ ഓര്‍മ്മയില്‍ വേട്ടയാടപ്പെടുകയാണ് ഇവിടത്തെ ജനങ്ങള്‍. ചെങ്കല്‍ചൂള നിവാസികള്‍ ആണെങ്കില്‍ അവര്‍ എന്തിനും മടിയില്ലാത്തവരാണെന്ന് തിരുവനന്തപുരത്തെ സംസാരം. എന്നാല്‍ ഒരു കാലത്ത് മഴ പെയ്താല്‍ സെക്രട്ടറിയേറ്റിലെ കക്കൂസ് മാലിന്യങ്ങള്‍ ഉള്‍പ്പടെ അടിഞ്ഞു കൂടിയിരുന്നു. ജീവിതത്തിലെ സാഹചര്യങ്ങള്‍ളും മറ്റെല്ലാത്തിനും മാറ്റം വന്നിട്ടും ജനങ്ങളുടെ മനസ്സില്‍ ചെങ്കല്‍ചൂളയെക്കുറിച്ചും അവിടത്തെ നല്ലവരായ മനുഷ്യരെക്കുറിച്ച് ആര്‍ക്കും നല്ലതു പറയാന്‍ കഴിയുന്നില്ലെങ്കില്‍ നിങ്ങളുടെ കണ്ണുകളില്‍ തിമിരം ബാധിച്ചു എന്നു വേണം പറയാന്‍.
നീതിക്കായ് സതീഷും കുംടുബവും എസ്.പിയ്ക്കും, ഡി.ജി.പിയ്ക്കും, മുഖ്യമന്ത്രിക്കും എസ്.സി. കമ്മീഷനും പരാതി നല്‍കി. പോലീസിന് മജിസ്റ്റീരിയല്‍ പദവി നല്‍കിയ മുഖ്യമന്ത്രി അത് പുനഃപരിശോധിക്കേണ്ടി വരും. ജനങ്ങളുടെ കാവലാകേണ്ട പോലീസ് കാപാലികന്മാരായി മാറരുത്.