കൊച്ചി :
സീറോ മലബാർ സഭയിലെ അധികാര തർക്കങ്ങളുടെ തുടർച്ചയായി ആർച്ച് ബിഷപ്പിന്റെ സ്വീകരണ മുറിയിൽ ഒരു വിഭാഗം വൈദികരുടെ സമരം ആരംഭിച്ചു. 14 ക്രിമിനൽ കേസുകളിൽ പ്രതിയായ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി സ്ഥാനമൊഴിയുക, സസ്പെൻഡ് ചെയ്ത സഹായമെത്രാൻമാരെ തിരിച്ചെടുക്കുക, വൈദികരുമായി സ്ഥിരം സിനഡ് അംഗങ്ങളായ ആർച്ചു ബിഷപ്പുമാർ എറണാകുളത്തെത്തി ചർച്ച നടത്തുക, ഓഗസ്റ്റിൽ നടക്കാനിരിക്കുന്ന സിനഡ് വത്തിക്കാൻ പ്രതിനിധിയുടെ അധ്യക്ഷതയിൽ ചേരുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികർ സമരം തുടങ്ങിയിട്ടുള്ളത്.
ഉച്ചയ്ക്ക് രണ്ടരയോടെയാണ് വൈദികർ സമരം പ്രഖ്യാപിച്ചത്. കർദ്ദിനാൾ ആലഞ്ചേരിക്കെതിരെ വ്യാജ രേഖ ചമച്ച കേസിൽ ഫാ. കുര്യാക്കോസ് മുണ്ടാടനെ കഴിഞ്ഞ ദിവസം പൊലീസ് ചോദ്യം ചെയ്തിരുന്നു. കൂടുതൽ വൈദികരെ ചോദ്യം ചെയ്തേക്കുമെന്ന സൂചനകൾ പുറത്തുവന്നതോടെയാണ് വൈദികർ പരസ്യ സമരത്തിനിറങ്ങിയിരിക്കുന്നത്. നൂറിലധികം വൈദികർ രാവിലെ കർദിനാളിനെ സന്ദർശിച്ച് ആവശ്യങ്ങൾ ഉന്നയിച്ചിരുന്നു. എന്നാൽ പ്രശ്നങ്ങളിൽ പരിഹാരം ഉരുത്തിരിയാതിരുന്നതിലാണ് ഉപവാസവുമായി ഒത്തുചേർന്നതെന്ന് വൈദിക സമിതി വക്താവ് വ്യക്തമാക്കി.
അതിരൂപതാ ആസ്ഥാനത്ത് ഫാ.ജോസഫ് പാറേക്കാട്ടിലാണ് അനിശ്ചിതകാല നിരാഹാരം ആരംഭിച്ചത്. മറ്റ് 20 വൈദീകരും സമരത്തില്‍ പങ്ക് ചേരുന്നുണ്ട്. സമരത്തിന് ഒരു വിഭാഗം അല്‍മായരുടെയും പിന്തുണയുണ്ട്. വൈദികര്‍ പോര് കടുപ്പിച്ചതോടെ, ഭൂമി വിവാദത്തില്‍ ആരംഭിച്ച് വ്യാജരേഖ വിവാദത്തിലൂടെ രൂക്ഷമായ, ഭിന്നത തുറന്ന പോരിലേക്കെത്തിയിരിക്കുകയാണ്. അതേ സമയം കര്‍ദിനാളിനെ പിന്തുണച്ച് ഒരു വിഭാഗം വിശ്വാസിക്ക് വികാരി ജനറലിന് കത്ത് നല്‍കി. ബിഷപ് ഹൗസിൽ ഇരുവിഭാഗത്തെയും അനുകൂലിക്കുന്ന വിശ്വാസികളും എത്തിച്ചേർന്നതോടെ പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. പ്രദേശത്ത് സംഘർഷഭരിതമായ സാഹചര്യമാണ് നിലനിൽക്കുന്നത്.