Wed. Nov 6th, 2024
കൊച്ചി:

 

ഷാങ്ങ്ഹായ് ഫിലിം ഫെസ്റ്റിവെലില്‍ മലയാള സിനിമയ്ക്ക് ഒരു ഇടം കണ്ടെത്തി തന്ന സിനിമയാണ് ഇന്ദ്രന്‍സ് അഭിനയിച്ച് ഡോ. ബിജു സംവിധാനം ചെയ്ത വെയില്‍ മരങ്ങള്‍. ഫെസ്റ്റിവലില്‍ ഔട്സ്റ്റാന്റിങ് ആര്‍ട്ടിസ്റ്റിക്ക് അച്ചീവ്മെന്റ് പുരസ്‌കാരം ‘വെയില്‍മരങ്ങൾ’ നേടിയെടുത്തു. എന്നാല്‍ മുൻ നിര മാധ്യമങ്ങള്‍ ഇതൊരു വാര്‍ത്തയാക്കിയില്ല. സാമൂഹിക മാധ്യമങ്ങള്‍ ഈ വാര്‍ത്ത ഏറ്റു പിടിച്ചതോടെ ഓണ്‍ ലൈന്‍ മാധ്യമങ്ങള്‍ വാര്‍ത്തയാക്കി. മലയാള സിനിമാ ലോകത്തിന് എക്കാലവും അഭിമാനിക്കാവുന്ന നേട്ടമാണ് വെയില്‍ മരങ്ങള്‍ തന്നത്. മലയാള സിനിമാ ലോകത്തെ നായക സങ്കല്‍പ്പങ്ങളെ കാറ്റില്‍ പറത്തിയാണ് വെയില്‍മരങ്ങള്‍ ഇവിടെ നിലനില്‍ക്കുന്നത്. എന്നാല്‍ അവാര്‍ഡിന്റെ തലക്കനങ്ങള്‍ ഇല്ലാത്ത, ജീവിതത്തില്‍ അഭിനയിക്കാന്‍ അറിയാത്ത പച്ചയായ മനുഷ്യനാണ് ഇന്ദ്രന്‍സ്.

 

ഷാങ്ങ്ഹായ് ഫിലിം ഫെസ്റ്റിവല്‍ അനുഭവങ്ങള്‍

 

 

ഷാങ്ങ്ഹായ് ഫിലിം ഫെസ്റ്റിവല്‍ അനുഭവങ്ങള്‍ പങ്കുവെയ്ക്കാമോ എന്ന ചോദ്യത്തിന് ഭവ്യതയുടെ ആള്‍ രൂപമായിട്ടായിരുന്നു സംസാരിച്ചത്. അവാര്‍ഡിന്റെ നേട്ടം സിനിമമേഖലയ്ക്ക് മുഴുവനായി അഭിമാനിക്കാവുന്ന ഒന്നാണെന്നാണ് അദ്ദേഹം പറഞ്ഞത്. ‘ഷാങ്ങ്ഹായ് ഫിലിം ഫെസ്റ്റിവല്‍ വലിയ ഒരു അനുഭവമായി തോന്നി. ലോക രാജ്യങ്ങളിലെ സിനിമകള്‍ മത്സരിക്കുന്ന വേദിയില്‍ നമ്മുടെ അഭിമാനമായിട്ട് ഒരു മലയാള സിനിമയ്ക്ക് മത്സരിക്കാന്‍ കഴിഞ്ഞു, മാത്രമല്ല അതിന് സമ്മാനം കിട്ടിയതിലും സന്തോഷം ഉണ്ട്. ആ സിനിമയില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് മഹാഭാഗ്യമായി കരുതുന്നു. മാത്രമല്ല ഈ വിജയം സിനിമയ്ക്ക് മൊത്തമായും, മലയാളത്തിലുളള എല്ലാ സഹപ്രവര്‍ത്തകള്‍ക്കും അഭിമാനിക്കാവുന്ന നോട്ടമായി കരുതുന്നുവെന്നും’ ഇന്ദ്രന്‍സ് വോക്ക് മലയാളത്തോട് പറഞ്ഞു.

 

സംവിധായകനായ ഡോ. ബിജുവിനെക്കുറിച്ച്

 

 

‘സംവിധായകന്‍ വളരെ ഉത്സാഹിയാണ്. മറ്റു രാജ്യങ്ങളിലെ നിരവധി സിനിമകള്‍ കാണുകയും അതിനോടോപ്പം സഞ്ചരിക്കുവാന്‍ ഒരുപാട് കൊതിയുളള ആളാണെന്നും, അതുപോലെ ഉത്സാഹിയുമാണ് അതുകൊണ്ടാണ് അങ്ങനെ ഒരു മേളയില്‍ അദ്ദേഹത്തിന് പോകാന്‍ സാധിച്ചത്. 2 വര്‍ഷം സമയമെടുത്ത് ബുദ്ധിമുട്ടി ചെയ്ത സിനിമയാണ്. അവിടെ വരെ ആ സിനിമയെ എത്തിച്ചത് ആ ഉത്സാഹം കൊണ്ട് മാത്രമാണ്. ക്യാമറാമാന്‍ എം.ജെ. രാധാകൃഷ്ണന്റെ ഏറ്റവും നല്ല സിനിമകളിലൊന്നായിരിക്കും വെയില്‍ മരങ്ങളെന്നും ഇന്ദ്രന്‍സ് വോക്ക് മലയാളത്തോട് പറഞ്ഞു.

 

സിനിമയെക്കുറിച്ചുളള അനുഭവം

 

 

 

‘മറ്റു സിനിമകളേക്കാള്‍ കൂടുതല്‍ സമയം എടുത്തു. കാലാവസ്ഥ മാറുന്നതനുസരിച്ച് വേനല്‍, മഞ്ഞ്, മഴ കാലഘട്ടങ്ങള്‍ മാറി വരുന്നത് കാത്തിരുന്ന് കാത്തിരുന്ന് 2 വര്‍ഷത്തോളം അതിന് വേണ്ടി നില്‍ക്കേണ്ടി വന്നു. അതൊരു പ്രത്യേക അനുഭവമായി തോന്നിയെന്നും ഇന്ദ്രന്‍സ്.

 

അന്താരാഷ്ട്ര മേളകളുടെ ആധികാരിക നിര്‍ണയിക്കുന്ന ഫിയാപ്ഫിന്റെ അംഗീകാരമുള്ള ലോകത്തെ പ്രധാനപ്പെട്ട ആദ്യ 15 ചലച്ചിത്രമേളയില്‍ ഒന്നാണ് ഷാങ്ങ്ഹായ് ഫിലിം ഫെസ്റ്റിവെല്‍. കഴിഞ്ഞ ആറു വര്‍ഷങ്ങളിലും ഒരു ഇന്ത്യന്‍ സിനിമയ്ക്ക് പോലും ഷാങ്ങ്ഹായ് ഫിലിം ഫെസ്റ്റിവെല്ലിലെ പ്രധാനമത്സര വിഭാഗങ്ങളില്‍ ഇടം പിടിക്കാനായില്ല. അപൂര്‍വമായാണ് ഇന്ത്യന്‍ ചിത്രങ്ങള്‍ ഈ മേളയില്‍ സാധ്യമാകുന്നത്. മേളയില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട 14 സിനിമകളിലൊന്നാണ് വെയില്‍ മരങ്ങള്‍. ചൈനയിലെ ഷാങ്ങ്ഹായ് ഫെസ്റ്റിവലില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ആയിരുന്നു ഇന്ദ്രന്‍സ് അവിടെ എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *