ന്യൂഡൽഹി:
ചാരപ്രവർത്തനം ആരോപിക്കപ്പെട്ട് പാക്കിസ്ഥാൻ തടവിലാക്കിയ 49 കാരനായ കുൽഭൂഷൺ ജാധവിന്റെ ശിക്ഷ തടഞ്ഞുകൊണ്ട് അന്താരാഷ്ട്ര കോടതിയുടെ വിധി വന്നു. വധശിക്ഷ നല്‍കിക്കൊണ്ടുള്ള പാക്കിസ്ഥാൻ സൈനിക കോടതി വിധി പുനഃപരിശോധിക്കണമെന്നും കുല്‍ഭൂഷണ് നയതന്ത്ര സഹായം ലഭ്യമാക്കണമെന്നും അന്താരാഷ്ട്ര കോടതി വിധിച്ചു. ഇന്ത്യ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ വിധി.
“കുൽഭൂഷൺ സുധീർ ജാധവുമായി ആശയവിനിമയം നടത്താനും, ബന്ധപ്പെടാനും, തടവിൽ അദ്ദേഹത്തെ സന്ദർശിക്കാനും, അദ്ദേഹത്തിനു നിയമസഹായം ഏർപ്പെടുത്താനുമുള്ള ഇന്ത്യയുടെ അവകാശം പാക്കിസ്ഥാൻ നിഷേധിച്ചു.” യു.എൻ. കോടതി പറഞ്ഞു.
ഇന്ത്യന്‍ സമയം 6.30 ന് ആണ് വിധി പ്രഖ്യാപനം നടന്നത്. ഹേഗിലെ കോടതിയിൽ ജഡ്ജി അബ്ദുള്‍ഖവി അഹമ്മദ് യൂസുഫ് ആണ് വിധിപ്രസ്താവം വായിച്ചത്. 16 ജഡ്ജിമാരടങ്ങുന്ന ബെഞ്ചില്‍ 15 പേരും ഇന്ത്യയ്ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. പാക്കിസ്ഥാന്റെ ജഡ്ജി മാത്രമാണ് എതിർ നിലപാട് സ്വീകരിച്ചത്. കുല്‍ഭൂഷണ് ആവശ്യമായ നയതന്ത്ര സഹായം ഇന്ത്യയ്ക്ക് നല്‍കാമെന്ന് കോടതി നിലപാടെടുത്തു.
കുല്‍ഭൂഷണ്‍ ജാധവിനെ 2016 മാർച്ച് 3 നാണ് പാക്കിസ്ഥാൻ അറസ്റ്റു ചെയ്തത്. 2017 ഏപ്രിലില്‍ പാക്കിസ്ഥാൻ കോടതി വധശിക്ഷയ്ക്കു വിധിച്ചു. ഇതിനെതിരെ ഇന്ത്യ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് 2017 മെയ് 18-ന് കുല്‍ഭൂഷണ്‍ ജാധവിന്റെ വധശിക്ഷ നടപ്പിലാക്കുന്നത് കോടതി തടഞ്ഞിരുന്നു. ഇതിനുശേഷമാണ് കേസില്‍ വാദം കേട്ടത്.
കുല്‍ഭൂഷണ്‍ ജാധവിന്റെ കേസില്‍ പാക്കിസ്ഥാൻ കോടതി അന്താരാഷ്ട്ര പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനം നടത്തിയെന്നായിരുന്നു ഇന്ത്യയുടെ വാദം. ശരിയായ വിചാരണ കൂടാതെയാണ് പാക്കിസ്ഥാൻ കുല്‍ഭൂഷണ്‍ ജാധവിനെ ശിക്ഷിച്ചതെന്നും അദ്ദേഹത്തെ മോചിപ്പിക്കണമെന്നും ഇന്ത്യ അന്താരാഷ്ട്ര കോടതിയില്‍ വാദിച്ചു. മുന്‍ സോളിസിറ്റര്‍ ജനറലായ ഹരീഷ് സാല്‍വെയാണ് ഇന്ത്യയ്ക്കു വേണ്ടി അന്താരാഷ്ട്ര കോടതിയില്‍ ഹാജരായത്.