ദുബായ് :
ഗൾഫ് മേഖലയിലേക്ക് മൂന്നാം യുദ്ധ കപ്പലും അയക്കുമെന്ന് ബ്രിട്ടൻ വ്യക്തമാക്കി. യുദ്ധക്കപ്പലിനു പുറമെ ഒരു നേവി ടാങ്കറും മേഖലയിലേക്ക് അയക്കുമെന്നാണ് ബ്രിട്ടൻ വെളിപ്പെടുത്തിയത്. എന്നാൽ, ഇറാനുമായുള്ള ഏറ്റുമുട്ടലിനല്ലെന്നും ഇറാൻ വിഷയവുമായി ബന്ധപ്പെട്ടല്ലെന്നും ബ്രിട്ടൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
എച്ച്. എം. എസ്. ഡങ്കൻ എന്ന യുദ്ധ കപ്പലാണ് മേഖലയിലേക്ക് വരുന്നത്. തുടർച്ചയായ സമുദ്ര സുരക്ഷാ സാന്നിധ്യം ബ്രിട്ടൻ നിലനിർത്തുന്നുവെന്ന് ഉറപ്പാക്കുന്നതിനാണു പുതിയ യുദ്ധ കപ്പൽ അയക്കുന്നത്. നിലവിൽ എച്ച്.എം.എസ്. മോൺട്രോസ് എന്ന യുദ്ധ കപ്പൽ മേഖലയിലുണ്ട്. ഈ വർഷം തന്നെ എച്ച്.എം.എസ്. കെന്റ് എന്ന യുദ്ധ കപ്പലും മേഖലയിലേക്ക് വരുമെന്നാണ് ബ്രിട്ടൻ അറിയിച്ചത്.
അതിനിടെ യു.എ.ഇ. യുടെ കിഴക്കൻ തീരത്തെ ഫൂജൈറയിലേക്ക് പോയ എണ്ണടാങ്കർ ഇറാൻ പിടിച്ചെന്നു സൂചനകളുള്ള റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ച ഈ കപ്പലിൽ നിന്നുള്ള സിഗ്നലുകൾ ശനിയാഴ്ചയ്ക്കുശേഷം കിട്ടുന്നില്ല. പാനമയുടെ പതാക വഹിക്കുന്ന ‘റിയാ’ ഇറാന്റെ സമുദ്രാതിർത്തിയിൽ കടന്നശേഷമാണു സിഗ്നൽ കിട്ടാതായത്. കപ്പലിന് എന്തു പറ്റിയെന്ന് ഇറാൻ വിശദീകരിച്ചിട്ടില്ല.
ഇറാൻ വിപ്ളവഗാർഡുകളുടെ താവളം സ്ഥിതിചെയ്യുന്ന ക്വേഷാം ദ്വീപിനു സമീപം വച്ചാണു കപ്പൽ കാണാതായതെന്നും ഇറാനെയാണു സംശയമെന്നും ഒരു യു.എസ്. പ്രതിരോധ ഉദ്യോഗസ്ഥൻ പറഞ്ഞു. കപ്പൽ യുഎഇയുടെ ഉടമസ്ഥതയിലുള്ളതല്ലെന്നും യു.എ.ഇ. ഉദ്യോഗസ്ഥരാരും അതിലില്ലെന്നും യു.എ.ഇ. യിലെ ഒരുദ്യോഗസ്ഥൻ പറഞ്ഞു.