സോൻഭദ്ര:
മൂന്നു സ്ത്രീകളടക്കം ഒമ്പതുപേർ കിഴക്കൻ ഉത്തർപ്രദേശിലെ സോൻഭദ്ര ജില്ലയിലെ ഒരു ഗ്രാമത്തിൽ, ഭൂമിതർക്കത്തെത്തുടർന്നു വെടിയേറ്റു മരിച്ചു. വെടിവെപ്പിൽ 19 പേർക്ക് പരിക്കേറ്റിട്ടുണ്ട്. വെടിവെപ്പുമായി ബന്ധപ്പെട്ട് അഞ്ചുപേർ അറസ്റ്റിലായിട്ടുണ്ട്.
ജില്ലയിലെ ഊഭ ഗ്രാമത്തിൽ, ഗ്രാമമുഖ്യനായ യജ്ഞ ദത്ത്, രണ്ടു വർഷം മുമ്പ് 36 ഏക്കർ കൃഷിസ്ഥലം വാങ്ങിയിടത്താണ് സംഭവം നടന്നത്. ഇന്ന് ദത്തും കൂട്ടാളികളും സ്ഥലം ഏറ്റെടുക്കാൻ പോയി. ഗ്രാമത്തിലെ ജനങ്ങൾ അതിനെ എതിർത്തതിനെത്തുടർന്ന് ഗ്രാമമുഖ്യന്റെ കൂടെ വന്നവർ, വെടിവെയ്ക്കുകയാണുണ്ടായതെന്നു പോലീസ് പറഞ്ഞു.
“ഊഭയിലെ ഘോരാവലിലാണ് സംഭവം നടന്നത്. ഗ്രാമമുഖ്യൻ, രണ്ടു വർഷം മുമ്പ് 90 ഭീഗ (36 ഏക്കർ)നിലം വാങ്ങിയിരുന്നു. ഇന്ന് അത് ഏറ്റെടുക്കാനായി കുറച്ചുപേരേയും കൂട്ടി അയാൾ ചെന്നു. പ്രാദേശികവാസികൾ എതിർത്തു. അതിന്റെ ഫലമായി മുഖ്യന്റെ കൂടെ വന്നവർ വെടിവെച്ചു. അത്, 3 സ്ത്രീകളടക്കം ഒമ്പതുപേരുടെ മരണത്തിനു കാരണമായി,” എന്ന് ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞതായി എൻ.ഡി.ടി.വി. റിപ്പോർട്ടു ചെയ്തു.