തിരുവനന്തപുരം:
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥി അഖില്‍ ചന്ദ്രനെ കുത്തിയ കേസില്‍ ആറ് വിദ്യാര്‍ത്ഥികളെ അനിശ്ചിതകാലത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു.ഇന്ന് രാവിലെ കൂടിയ കോളേജ് കൗണ്‍സിലാണ് ഇവരെ സസ്‌പെന്‍ഡ് ചെയ്തത്. കേസിലെ പ്രതികളായ ശിവരഞ്ജിത്ത്,നസീം.എ.എന്‍, അമര്‍.എ.ആര്‍, അദ്വൈത് മണികണ്ഠന്‍,ആദില്‍ മുഹമ്മദ്, ആരോമല്‍.എസ്.നായര്‍,മുഹമ്മദ് ഇബ്രാഹീം എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഈ വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പാളിന്റെ അനുമതിയില്ലാതെ കോളേജില്‍ പ്രവേശിക്കാന്‍ പാടില്ലെന്നും ഇവര്‍ക്ക് അനുവദിച്ച തിരിച്ചറിയല്‍ കാര്‍ഡ് അസാധുവാക്കിയതായും ഉത്തരവില്‍ പറയുന്നു. കോളേജില്‍ നടന്ന സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ അന്വേഷണ സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ടിന് ശേഷം നടപടികള്‍ സ്വീകരിക്കുമെന്നും പ്രിന്‍സിപ്പാള്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
കുത്തേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന അഖിലിന്റെ മൊഴിയെടുക്കാന്‍ ഇന്നലെയും പൊലീസിനു കഴിഞ്ഞില്ല. ഉച്ചയ്ക്ക് 12 മണിയോടെ കന്റോണ്‍മെന്റ് സി.ഐ അനില്‍കുമാറും സംഘവും ആശുപത്രിയില്‍ എത്തിയെങ്കിലും അഖിലിന്റെ ആരോഗ്യനില തൃപ്തികരമല്ലാത്തതിനാല്‍ മൊഴിയെടുക്കാന്‍ ഡോക്ടര്‍മാര്‍ അനുവദിച്ചില്ല. രണ്ടു ദിവസത്തിനകം മൊഴിയെടുക്കാനാകുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.
അഖില്‍ചന്ദ്രനെ കുത്തിയ കേസിലെ ഒന്നുംരണ്ടും പ്രതികളായ ആര്‍. ശിവരഞ്ജിത്ത്, എ.എന്‍. നസീം എന്നിവരുള്‍പ്പെടെ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. അതിനിടെ ഇന്നലെ നടന്ന പരിശോധനയില്‍ ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും സര്‍വകലാശാല ഉത്തരക്കടലാസുകള്‍ കണ്ടെടുത്ത സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു.
പ്രതിപ്പട്ടികയിലില്ലാത്ത എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ ഇജാബിനെ നേമത്തെ വീട്ടില്‍ നിന്ന് ഇന്നലെ പുലര്‍ച്ചെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ടാലറിയാവുന്ന മുപ്പതോളം പേര്‍ക്കെതിരെ കേസെടുത്തതില്‍ ഉള്‍പ്പെട്ടയാളാണ് ഇജാബ്. സംഭവം നടക്കുമ്‌ബോള്‍ സ്ഥലത്തുണ്ടായിരുന്നെങ്കിലും കുത്തിയത് ആരാണെന്ന് തനിക്കറിയില്ലെന്നാണ് ഇജാബിന്റെ മൊഴി. ശിവരഞ്ജിത്തിന്റെയും നസീമിന്റെയും കയ്യില്‍ കത്തിയുണ്ടായിരുന്നെന്നും ഇജാബ് പറഞ്ഞു. ഇയാളെ റിമാന്‍ഡ് ചെയ്തു. പിടിയിലായ മറ്റുള്ളവരെ ഇന്ന് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും.