ലണ്ടൻ :
നാലു മണിക്കൂർ 55 മിനിറ്റ് നീണ്ട ആവേശ പോരാട്ടത്തിനൊടുവിൽ റോജർ ഫെഡററെ തോൽപ്പിച്ച് സെർബിയൻ താരം നൊവാക് ജോക്കോവിച്ച് വിംബിൾഡൺ കിരീടം സ്വന്തമാക്കി. സ്കോർ 7-6,1-6,7-6,4-6,13-12 (7-3). ടെന്നിസ് കണ്ട മഹാൻമാരായ രണ്ടു താരങ്ങളുടെ പോരാട്ടത്തിൽ അവസാന പോയിന്റ് വരെയും ആവേശം നിറഞ്ഞു നിന്നു. വിംബിൾഡൺ ഫൈനലുകളുടെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഒരു പോരാട്ടമായിരുന്നു ഇന്നലെ സെന്റർ കോർട്ടിൽ നടന്നത്.
ഒന്നാം സെറ്റ് 4-5 ൽ നിൽക്കെ 0/30 യ്ക്ക് പിന്നിൽ നിന്ന ശേഷം തിരിച്ചുവന്ന ജോക്കോവിച്ച് ടൈബ്രേക്കറിലൂടെ 59 മിനിറ്റ് നീണ്ടുനിന്ന ഒന്നാം സെറ്റ് സ്വന്തമാക്കി. രണ്ടാം സെറ്റിൽ ഫെഡറർ ഒന്നിനെതിരെ ആറു പോയിന്റുകൾക്ക് സെറ്റ് സ്വന്തമാക്കി. രണ്ടാം സെറ്റിൽ നിഷ്പ്രഭമായിപ്പോയ ജോക്കോവിച്ച് മൂന്നാം സെറ്റിൽ തിരിച്ചെത്തി.
ഒപ്പത്തിനൊപ്പം പോരാട്ടം കാഴ്ചവച്ച മൂന്നാം സെറ്റിൽ ഒരു ഘട്ടത്തിൽ ഫെഡറർ സെറ്റ് സ്വന്തമാക്കുമെന്നു വരെ തോന്നിച്ചു. എന്നാൽ രണ്ടു സെറ്റ് പോയിന്റുകൾ അതിജീവിച്ച ജോക്കോവിച്ച് സെറ്റ് ടൈബ്രേക്കറിലേക്കു നീട്ടി. ഇത്തവണയും ടൈബ്രേക്കറിലെ വിജയം ജോക്കോവിച്ചിനൊപ്പം നിന്നു. പതിനാറാം ഗ്രാൻസ് ലാം കിരീടത്തിലാണു ജോക്കോവിച്ച് മുത്തമിട്ടത്.