Sat. Nov 23rd, 2024

ആസ്സാം:

സംസ്ഥാനത്തെ പൌരത്വത്തെക്കുറിച്ചുള്ള പ്രശ്നങ്ങളെക്കുറിച്ച് കവിത എഴുതിയതിന് 10 ആളുകൾക്കെതിരെ ആസ്സാം പോലീസ് കേസ് റജിസ്റ്റർ ചെയ്തു.

ജൂലൈ 31 ന് ദേശീയപൌരത്വ റജിസ്റ്റർ നിലവിൽ വരും. അതിനുമുമ്പ്, ആരെങ്കിലും, തങ്ങളോ, പൂർവ്വികരോ, 1971 മാർച്ച് 24 നു മുമ്പ് ആസ്സാമിൽ പ്രവേശിച്ചിരുന്നു എന്നു സ്ഥാപിക്കപ്പെട്ടില്ലെങ്കിൽ, അവരെ വിദേശിയായി കണക്കാക്കും.

മിയ കവിതയെക്കുറിച്ചാണു പരാതി. ബംഗാളി മുസ്ലീം സമുദായത്തിന് അനീതിയ്ക്കും വിവേചനത്തിനും എതിരെ എതിർപ്പു പ്രകടിപ്പിക്കാനുള്ള ഒരു മാധ്യമമാണ് മിയ കവിത.

ആസ്സാമിലെ ജനതയ്ക്കു വലിയൊരു ഭീഷണിയാണ് ഈ കവിതയെന്നാണ് ആരോപണം. അത് ദേശീയ സുരക്ഷയ്ക്കും, സാമൂഹികവ്യവസ്ഥയ്ക്കും കൂടെ ഭീഷണിയാണെന്നും പരാതിക്കാരനായ പ്രണബ്‌ജിത് ഡോലോയ് പറയുന്നു.

പരാതിയിൽ പറഞ്ഞിരിയ്ക്കുന്ന, ഹഫീസ് അഹമ്മദിന്റെ കവിത ഇങ്ങനെയാണ്:-

എഴുതൂ

എഴുതിയെടുക്കൂ

ഞാൻ ഒരു മിയയാണ്

ദേശീയ പൌരത്വ റജിസ്റ്ററിൽ എന്റെ ക്രമ നമ്പർ 200543 ആണ്

എനിക്ക് രണ്ടു മക്കളുണ്ട്

അടുത്ത വേനൽക്കാലത്ത്,

ഒരാളും കൂടെ വരുന്നുണ്ട്

എന്നെ നിങ്ങൾ വെറുക്കുന്നതുപോലെ

അവനേയും നിങ്ങൾ വെറുക്കുമോ?

എഴുതൂ

ഞാൻ ഒരു മിയയാണ്

നിങ്ങളെ ഊട്ടാൻ വേണ്ടി

ഞാൻ പാഴായ ചതുപ്പുനിലം

പച്ച പുതച്ച നെൽ വയലാക്കി മാറ്റി

നിങ്ങളുടെ കെട്ടിടം പണിയാൻ

ഞാൻ ഇഷ്ടിക ചുമന്നു

നിങ്ങളുടെ സൌകര്യത്തിനുവേണ്ടി,

നിങ്ങളുടെ കാർ ഓടിച്ചു,

നിങ്ങളെ ആരോഗ്യവാന്മാരാക്കാൻ വേണ്ടി

നിങ്ങളുടെ അഴുക്കുചാലുകൾ ഞാൻ വൃത്തിയാക്കി

നിങ്ങൾ അസംതൃപ്തരായിരുന്നിട്ടു കൂടെ

എല്ലായ്പോഴും നിങ്ങളെ സേവിച്ചു.

എഴുതിയെടുക്കൂ,

ഞാൻ ഒരു മിയയാണ്.

ഒരു മതേതര, ജനാധിപത്യ റിപ്പബ്ലിക്കിലെ ഒരു പൌരൻ

ഒരു അവകാശവും ഇല്ലാത്തവൻ

മാതാപിതാക്കൾ ഇന്ത്യക്കാരായിരുന്നിട്ടുകൂടെ,

എന്റെ അമ്മ ഒരു ഡി വോട്ടർ ആയി,

നിങ്ങൾക്കു വേണമെങ്കിൽ എന്നെ കൊല്ലാം, എന്റെ ഗ്രാമത്തിൽ നിന്നും ഓടിക്കാം,

എന്റെ പാടം തട്ടിയെടുക്കാം.

നിങ്ങളുടെ റോളർ

എന്റെ മുകളിലൂടെ ഉരുട്ടാം

നിങ്ങളുടെ വെടിയുണ്ടകൾക്ക്

എന്റെ നെഞ്ചു തകർക്കാം,

ഒരു ശിക്ഷയുമില്ലാതെ തന്നെ.

എഴുതൂ

ഞാനൊരു മിയ ആണ്.

ബ്രഹ്മപുത്രയ്ക്കു മുകളിൽ ജീവിക്കുന്ന,

നിങ്ങളുടെ പീഡനങ്ങൾ സഹിയ്ക്കുന്ന.

എന്റെ ശരീരം കറുത്തുപോയി,

എന്റെ കണ്ണുകൾ അഗ്നിപോലെ ജ്വലിക്കുന്നു.

മനസ്സിലാക്കുക

കോപമല്ലാതെ മറ്റൊന്നും എന്റെ പക്കലില്ല

ദൂരെ മാറി നിൽക്കൂ,

അല്ലെങ്കിൽ ചാരമാവൂ.

Leave a Reply

Your email address will not be published. Required fields are marked *