വയനാട്:
പ്രളയത്തെത്തുടർന്ന് വൻ നാശനഷ്ടങ്ങൾ അനുഭവിക്കേണ്ടി വന്ന ആദിവാസി കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ചു നൽകാമെന്നു വാഗ്ദാനം നല്‍കി വഞ്ചിച്ചെന്ന പരാതിയില്‍ നേരിട്ട് ഹാജരാകാന്‍ നടി മഞ്ജു വാര്യര്‍ക്ക് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ നോട്ടീസ്. തിങ്കളാഴ്ച വയനാട് ലീഗല്‍ സര്‍വീസസ് അതോറിറ്റി ഓഫീസില്‍ നടക്കുന്ന സിറ്റിംഗില്‍ നേരിട്ട് ഹാജരാകണമെന്നാണ് രേഖാമൂലം ആവശ്യപ്പെട്ടിരിക്കുന്നത്. വയനാട് പനമരം പഞ്ചായത്ത് പരക്കുനി ഊരിലെ ആദിവാസി കുടുംബങ്ങളുടെ പരാതിയിന്മേലാണ് നടപടി.
പ്രളയത്തില്‍ വ്യാപക നാശമുണ്ടായ സ്ഥലങ്ങളാണ് പരക്കുനി, പരപ്പില്‍ പ്രദേശങ്ങള്‍. പ്രളയത്തെ തുടര്‍ന്ന് പുനരധിവാസ ഫണ്ട് വിനിയോഗം സംബന്ധിച്ച ആലോചനയില്‍ ഒന്നേമുക്കാല്‍ കോടിയിലധികം രൂപ ചെലവഴിച്ച് മഞ്ജു വാര്യര്‍ ഫൗണ്ടേഷന്‍ 57 ആദിവാസി കുടുംബങ്ങള്‍ക്ക് വീടു നിര്‍മ്മിച്ചുനല്‍കുമെന്ന് വാഗ്ദാനം ചെയ്തതിനാല്‍ ഇനി ഇവിടെ വേറെ ഫണ്ട് അനുവദിക്കേണ്ടെന്ന് അധികൃതര്‍ തീരുമാനമെടുക്കുകയായിരുന്നു.