Mon. Dec 23rd, 2024
തിരുവനന്തപുരം:

 

യൂണിവേഴ്‌സിറ്റി കോളേജിൽ എസ്.എഫ്.ഐ. പ്രവർത്തകർ കുത്തിപ്പരിക്കേൽപ്പിച്ച അഖിൽ, അക്രമവുമായി ബന്ധപ്പെട്ട് ഡോക്ടർക്ക് മൊഴി നൽകി. കുത്തിയത് എസ്.എഫ്.ഐ. യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്ത് തന്നെയെന്ന് അഖിൽ ഡോക്ടറോട് പറഞ്ഞു. കുത്താൻ ശിവരഞ്ജിത്തിനെ സഹായിച്ചത് യൂണിറ്റ് സെക്രട്ടറി നസീമാണെന്നും മൊഴിയിലുണ്ട്. അഖിലിനെ കുത്തിപ്പരുക്കേൽപ്പിച്ചത് എസ്.എഫ്.ഐ. പ്രവർത്തകനായ ശിവരഞ്ജിത്താണെന്നാണ് എഫ്‌.ഐ.ആറിലും പറയുന്നത്.

അഖിലിന് കുത്തേറ്റ സംഭവത്തിൽ പൊലീസ് സുഹൃത്തുക്കളിൽ നിന്നും മൊഴിയെടുത്തിരുന്നു. ഫിലോസഫി ഡിപ്പാര്‍ട്ട്മെന്‍റിന് സമീപം വച്ചാണ് അഖിലിനെ കുത്തി വീഴ്ത്തിയതെന്ന് അഖിലിന്‍റെ സുഹൃത്ത് ഉമൈര്‍ പൊലീസിന് മൊഴി നൽകി. നസീമിന്‍റെയും ശിവരഞ്ജിത്തിന്‍റെയും കയ്യിൽ കത്തി ഉണ്ടായിരുന്നു.

കുത്തേറ്റ ശേഷം പുറകിലോട്ട് നടന്ന അഖിൽ പിന്നീട് കുഴഞ്ഞു വീണു. എന്നിട്ടു പോലും അഖിലിനെ പിടിച്ചെഴുന്നേൽപ്പിക്കാനോ സഹായത്തിനെത്താനോ ശ്രമിക്കാതെ എസ്.എഫ്.ഐ. നേതാക്കൾ എല്ലാം കണ്ടു നിൽക്കുകയായിരുന്നു. സുഹൃത്തുക്കൾ ചേര്‍ന്ന് താങ്ങിയെടുത്താണ് അഖിലിനെ ആശുപത്രിയിലേക്ക് എത്തിക്കുന്നതെന്നും ഉമൈര്‍ പറഞ്ഞു.

അതിനിടെ യൂണിവേഴ്സിറ്റി കോളേജിലെ എസ്.എഫ്.ഐക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ വിദ്യാര്‍ത്ഥിനി നിഖിലയും രംഗത്തു വന്നു. വിവിധ കേസിലുള്ള പ്രതികൾ ഒളിവിൽ കഴിയുന്നത് ക്യാമ്പസിന് അകത്താണെന്നും പ്രിൻസിപ്പാൾ പോലും എസ്.എഫ്.ഐയുടെ കയ്യിലെ പാവയാണെന്നും യൂണിവേഴിസിറ്റി കോളേജിൽ നിന്ന് പഠനമുപേക്ഷിച്ച് പോയ നിഖില പറയുന്നു.

വിവിധ കേസുകളിൽ പ്രതിയാകുന്ന എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ ഒളിവിൽ കഴിയുന്നത് പോലും കോളേജിന് അകത്താണ്. പോലീസിനെ ആക്രമിച്ച കേസിൽ പ്രതിയാക്കപ്പെട്ടവര്‍ ഒളിവിൽ താമസിച്ചത് ക്യാമ്പസിനകത്താണ്. യൂണിറ്റ് റൂമെന്ന് പറയുന്ന സംവിധാനം കോളേജിന് അകത്ത് ഉണ്ട്. കോളേജ് വിലക്കെടുത്ത പോലെയാണ് എസ്.എഫ്.ഐ. നേതാക്കൾ പെരുമാറുന്നതെന്നും രാത്രിയും പകലും തോന്നിയപോലെയാണ് താമസിക്കുന്നതെന്നും മദ്യവും മയക്കുമരുന്നും പോലും ക്യാമ്പസിന് അകത്ത് ഉണ്ടെന്നും നിഖില പറയുന്നു.

യൂണിവേഴ്സിറ്റി കോളേജ് യൂണിറ്റിന്‍റെ വിദ്യാര്‍ത്ഥി വിരുദ്ധ പ്രവര്‍ത്തനങ്ങൾ ആദ്യം ചര്‍ച്ചയായതും നിഖിലയുടെ ചെറുത്ത് നിൽപ്പോടെയായിരുന്നു. എസ്.എഫ്.ഐ. നേതാക്കളുടെ മാനസിക പീഡനത്തിൽ മനം നൊന്ത് ആത്മഹത്യയുടെ വക്കിൽ നിന്നും രക്ഷപ്പെട്ട് വേറൊരു കോളേജിലേക്ക് മാറ്റം വാങ്ങിപോയ വിദ്യാർത്ഥിനിയാണ് നിഖില.

യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാര്‍ത്ഥിക്ക് കുത്തേറ്റ സംഭവത്തിന് പിന്നാലെ എസ്.എഫ്.ഐക്കെതിരെയും, ആഭ്യന്തര വകുപ്പിനെതിരെയും പ്രതിഷേധം കടുപ്പിച്ച് സി.പി.ഐ. വിദ്യാര്‍ത്ഥി സംഘടനയായ എ.ഐ.എസ്.എഫും രംഗത്തു വന്നു. എ.ഐ.എസ്. എഫിന് പോലും യൂണിവേഴ്‌സിറ്റി കാമ്പസിൽ എസ്.എഫ്.ഐ. പ്രവർത്തന സ്വാതന്ത്ര്യം ഇതുവരെ കൊടുത്തിരുന്നില്ല. എന്നാൽ ഈ അവസരം മുതലാക്കി എസ്.എഫ്.ഐക്കെതിരെ പരസ്യമായ രംഗത്തെത്തിയ വിദ്യാര്‍ത്ഥികളെ കൂട്ടി എ.ഐ.എസ്.എഫ് കാമ്പസിൽ യൂണിറ്റ് രൂപീകരിച്ചു.

സി.പി.എം. ജില്ലാ നേതൃത്വം ഇടപെട്ട് പ്രതികളെ കോടതിയിൽ ഹാജരാക്കാൻ നീക്കം നടക്കുന്നതായാണ് സൂചന. എസ്.എഫ്.ഐ. യൂണിറ്റ് ഭാരവാഹികളായ നസീം, ശിവരഞ്ജിത്ത്, ഇബ്രാഹീം, അദ്വൈത്, ആരോമൽ, അമൽ, ആദിൽ എന്നിവർക്കെതിരെയാണ് വധശ്രമത്തിന് കേസെടുത്തത്. ഇവരെ ഭാരവാഹിത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. എസ്.എഫ്.ഐ. കോളേജ് യൂണിറ്റും പിരിച്ചു വിട്ടിട്ടുണ്ട്.

യൂണിവേഴ്സിറ്റി കോളേജ് അക്രമത്തിൽ കേസുമായി മുന്നോട്ട് പോകുമെന്ന് കുത്തേറ്റ അഖിലിന്‍റെ അച്ഛനും അമ്മയും വ്യക്തമാക്കി. സി.പി.എം. നേതാക്കൾ അനുനയ നീക്കം നടത്തുന്നുണ്ടെന്ന് അഖിലിന്‍റെ അച്ഛൻ ചന്ദ്രൻ നേരത്തെ സൂചിപ്പിച്ചിരുന്നെങ്കിലും പിന്നീട് പാർട്ടിയുടെ സമ്മർദ്ദം മൂലം അത് തിരുത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *