കണ്ണൂർ :
മരിച്ചിട്ടും സാജന്റെ കുടുംബത്തെ വിടാതെ സി.പി.എം അപവാദ പ്രചാരണം നടത്തുകയാണെന്നു ആന്തൂരിൽ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്‍റെ ഭാര്യ ബീന. സി.പി.എം. പാർട്ടി മുഖപത്രമായ ദേശാഭിമാനിയിൽ കൺവെൻഷൻ സെന്‍ററിന് അനുമതി ലഭിക്കാതിരുന്നത് കൊണ്ടല്ല, വ്യക്തിപരമായ പ്രശ്നങ്ങളുടെ പേരിലാണ് സാജൻ ആത്മഹത്യ ചെയ്തതെന്ന് സൂചനകളുള്ള വാർത്ത പ്രസിദ്ധീകരിച്ചതിനെതിരെയാണ് സാജന്റെ കുടുംബം രംഗത്ത് വന്നിട്ടുള്ളത്. ദേശാഭിമാനിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സാജന്റെ ഭാര്യ വ്യക്തമാക്കി.
തെറ്റായ വാർത്തകളാണ് ദേശാഭിമാനിയും, രാഷ്ട്ര ദീപികയും പ്രചരിപ്പിക്കുന്നത് . കുട്ടികൾക്കെതിരെ പോലും വ്യാജപ്രചരണങ്ങൾ നടത്തുകയാണ്. ഇത് തുടർന്നാൽ കുട്ടികളെയും കൊണ്ട് താനും ആത്മഹത്യ ചെയ്യുമെന്നും ബീന പറഞ്ഞു. സാജന്‍റെ രണ്ട് മക്കളെയും കൂട്ടിയായിരുന്നു ബീന മാധ്യമങ്ങളെ കണ്ടത്.
കുടുംബപ്രശ്നങ്ങളുണ്ടായിരുന്നതായി മകൾ മൊഴി നൽകിയെന്ന് വരെ വ്യാജ വാർത്ത വന്നുവെന്നും ബീന പറഞ്ഞു. ഇത്തരമൊരു മൊഴിയും താൻ ആർക്കും നൽകിയിട്ടില്ലെന്ന് മകളും വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സാജന്‍റെ ഫോണിൽ നിന്നുള്ള കോളുകൾ ചെയ്തത് താനാണെന്ന് മകൻ പറഞ്ഞു. കൂട്ടുകാരോടൊപ്പം കോൺഫറൻസ് ഗെയിം കളിക്കാറുണ്ട്. അതിനായി വിളിക്കാറുണ്ട്. ആ കോളുകളെയാണ് മറ്റ് പേരുകളിൽ പ്രചരിപ്പിക്കുന്നതെന്നും മകൻ മാധ്യമങ്ങളോട് പറഞ്ഞു.
ആന്തൂരിൽ പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണസംഘം ഇന്ന് സാജന്റെ ഡ്രൈവറെ ചോദ്യം ചെയ്തിരുന്നു. സാജന്റെ പേരിലുള്ള സിം കാർഡ് ഉപയോഗിച്ചു നടത്തിയ ഫോൺ വിളികളുടെ രേഖകൾ പരിശോധിച്ചതിനുശേഷമാണ് ഡ്രൈവറെ ചോദ്യം ചെയ്തത്.