Mon. Dec 23rd, 2024
മുക്കം :

മുക്കം ഓമശ്ശേരിയിൽ പ്രവർത്തിക്കുന്ന ശാദി ജൂവല്ലറിയിൽ തോക്കു ചൂണ്ടി കവർച്ച. വൈകുന്നേരം ഏഴരയോടെ ജീവനക്കാര്‍ സ്വര്‍ണാഭരണശാല അടയ്ക്കാനൊരുങ്ങുന്നതിനിടെയാണ് മുഖംമൂടി ധരിച്ച മൂന്ന് പേര്‍ തോക്കുമായി എത്തിയത്. മൂന്നംഗസംഘത്തില്‍ ഒരാള്‍ ജീവനക്കാരെ തോക്കുചൂണ്ടി നിര്‍ത്തി. മറ്റു രണ്ട് പേര്‍ കൗണ്ടറില്‍ കയറി പണവും ആഭരണങ്ങളും കവര്‍ന്നു.

കൊള്ളമുതലുമായി ഇവര്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ സ്ഥാപനത്തിലെ ജീവനക്കാരും സമീപത്തെ കടകളിലെ വ്യാപാരികളും ചേര്‍ന്ന് കവര്‍ച്ചാ സംഘത്തിലെ ഒരാളെ ബലമായി കീഴടക്കി. പിടിയിലായ ആള്‍ പശ്ചിമബംഗാള്‍ സ്വദേശിയാണ്. ഇയാളുടെ കൈയില്‍ നിന്നും തോക്ക്, കത്തി, മൊബൈല്‍ ഫോണ്‍ എന്നിവ പിടികൂടി.

മൽപ്പിടുത്തത്തിനിടയിൽ പരിക്കേറ്റ മോഷ്ടാവിന് ബോധം നഷ്ടമായിരുന്നു. ഇയാളെ പിന്നീട് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു തോക്ക്, കത്തി, മൊബൈൽ ഫോൺ എന്നിവ ഇയാളിൽ നിന്ന് പിടികൂടിയിട്ടുണ്ട്. തോക്ക് ലോഡ് ചെയ്ത നിലയിലായിരുന്നു. പിടിവലിക്കിടയിൽ തോക്ക് പൊട്ടാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി.

ഇതിനിടെ രണ്ട് ജീവനക്കാർക്ക് പരിക്കേറ്റിട്ടുണ്ട്.സ്ഥാപനത്തിൽ നിന്ന് 15 വളകൾ സംഘം കവർന്നുവെന്നാണ് പ്രാഥമിക വിവരം. കൊടുവള്ളി പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. പിടിയിലായ ആൾ അബോധാവസ്ഥയിലാണ്. ഇയാളെ പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബോധം തെളിയാത്തതിനാൽ വിശദാംശങ്ങൾ ലഭിച്ചിട്ടില്ല.

സ്വര്‍ണവുമായി കടന്നു കളഞ്ഞ മറ്റു രണ്ട് പേര്‍ക്കായി പൊലീസും നാട്ടുകാരും പ്രദേശത്ത് തെരച്ചില്‍ നടത്തുകയാണ്. ഇവർ അധിക ദൂരം പോകാൻ സാധ്യതയില്ലെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. ജൂവലറിയിലെയും സമീപത്തെ കടകളിലെയും സിസിടിവി ക്യാമറയിലെ ദൃശ്യങ്ങൾ പൊലീസ് ശേഖരിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *