Mon. Dec 23rd, 2024
എറണാകുളം:

ജില്ലയെ മാലിന്യമുക്തമാക്കാന്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ജില്ലാഭരണകൂടം നടപ്പിലാക്കുന്ന ‘എന്റെ ക്ലീന്‍ എറണാകുളം’പദ്ധതിയ്ക്ക് തുടക്കം. ജില്ലാ കളക്ടര്‍ എസ്.സുഹാസ് പദ്ധതി ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ഭാഗമായി മുട്ടം മെട്രോ സ്റ്റേഷന്‍ മുതല്‍ അമ്പാട്ട്കാവ് വരെയുള്ള ഒരു കിലോമീറ്റര്‍ ദേശീയപാതയോരം കളക്ടറിന്റെ നേതൃത്വത്തില്‍ ശുചീകരിച്ചു.ഇവിടുത്തെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കുന്നതില്‍ കളക്ടറും നേരിട്ട് പങ്കാളിയായി.അന്‍വര്‍ സാദത്ത് എം എല്‍ എ യും ശുചീകരണ യജ്ഞത്തിന് തുടക്കം കുറിക്കുന്ന ചടങ്ങില്‍ പങ്കെടുത്തു.

പാതയോരത്ത് പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങള്‍ തള്ളരുതെന്ന് വ്യാപാരികളോട് കളക്ടര്‍ അഭ്യര്‍ഥിച്ചു. മാലിന്യ നിര്‍മ്മാര്‍ജനത്തിന് പരീക്ഷണാടിസ്ഥാനത്തില്‍ നടത്തുന്ന പദ്ധതിയാണിതെന്നും ഈ അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുമെന്നും കളക്ടര്‍ പറഞ്ഞു. ഓരോ 15 ദിവസത്തിലും ഇത്തരം ശുചീകരന യജ്ഞം സംഘടിപ്പിക്കും. മാലിന്യം നീക്കുന്നതിലെ വെല്ലുവിളികള്‍ മനസ്സിലാക്കാനും പരിസര ശുചിത്വത്തെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് അവബോധം നല്‍കുന്നതിനുമായാണ് പരിപാടി സംഘടിപ്പച്ചത്. എല്ലാവരുടെയും കൂട്ടായ സഹകരണവും അദ്ദേഹം അഭ്യര്‍ഥിച്ചു.

കളമശ്ശേരി പോളിടെക്നിക് കോളേജ്, എസ് സിഎംഎസ് കോളേജ് എന്നിവിടങ്ങളില്‍ നിന്നുള്ള 208 നാഷണല്‍ സര്‍വീസ് സ്‌കീം വളണ്ടിയര്‍മാര്‍, 65 അന്‍പൊട് കൊച്ചി വളണ്ടിയര്‍മാര്‍, ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ ശുചീകരണ യജ്ഞത്തില്‍ പങ്കാളികളായി. അന്‍പോട് കൊച്ചിയുടെ വൊളന്റിയര്‍മാരുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ മുന്നേറിയത്. വൊളന്റിയര്‍മാരെ വിവിധ ഗ്രൂപ്പുകളാക്കി ശുചീകരണം ഏകോപിപ്പിക്കുന്നതില്‍ അന്‍പൊട് കൊച്ചി സജീവമായി. 20 വളണ്ടിയര്‍മാരടങ്ങുന്ന വിവിധ ഗ്രൂപ്പുകളായി തിരിച്ച്, പത്ത് മീറ്റര്‍ അകലത്തിലായിരുന്നു ശുചീകരണം.ശുചീകരണത്തില്‍ പങ്കാളികളായവര്‍ക്ക് എന്റെ ക്ലീന്‍ എറണാകുളം സന്ദേശം പതിച്ച ടീ ഷര്‍ട്ടും തൊപ്പിയും നല്‍കി. കൂടാതെ കൈയ്യുറകളും മാസ്‌കുകളും ഇതോടൊപ്പം നല്‍കിയിരുന്നു.

ജൂനിയര്‍ റെഡ് ക്രോസ് വളന്റിയര്‍മാരും വി.കെ.വി കാറ്ററേഴ്സ്, നെസ്റ്റ് ഗ്രൂപ്പ് എന്നിവരും പരിപാടിയുമായി സഹകരിച്ചു. കണ്‍സ്ട്രക്ഷന്‍ എക്യുപ്മെന്റ്സ് ഓണേഴ്സ് അസോസിയേഷന്‍ തൃക്കാക്കര മേഖല വിട്ടു നല്‍കിയ രണ്ട് ജെസിബികളും മാലിന്യം നീക്കുന്നതിനായി ഉപയോഗിച്ചു.

യജ്ഞത്തില്‍ പങ്കാളികളാകുന്നവര്‍ക്ക് കുടിവെള്ളംവും ഭക്ഷണവും ഒരുക്കിയിരുന്നു. ശുചീകരണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി നിരീക്ഷിക്കാന്‍ കോ ഓഡിനേറ്റര്‍മാരെയും ലൈസന്‍സിങ് ഓഫീസര്‍മാരെയും നിയോഗിച്ചിരുന്നു. പൊതുമരാമത്ത് നിരത്ത് വിഭാഗത്തിന്റെ നേതൃത്വത്തില്‍ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ, ആരോഗ്യവകുപ്പ്, ചൂര്‍ണിക്കര ഗ്രാമപഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെയാണ് യജ്ഞം സംഘടിപ്പിച്ചത്. ഹരിത കേരളം ശുചിത്വമിഷനുകളും പങ്കാളികളായി.

Leave a Reply

Your email address will not be published. Required fields are marked *