തിരുവനന്തപുരം:
പ്രശസ്ത ഛായാഗ്രാഹകൻ എം. ജെ രാധാകൃഷ്ണൻ അന്തരിച്ചു. 60 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിലേക്ക് പോകും വഴിയായിരുന്നു അന്ത്യം. പട്ടത്തെ സ്വവസതിയിൽ വച്ച് അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായി. തുടർന്ന് ആശുപത്രിയിലേക്ക് പോകും വഴിയാണ് മരണം സംഭവിച്ചത്. കൊല്ലം ജില്ലയിൽ പുനലൂരിലെ തൊളിക്കോടാണ് എം. ജെ രാധാകൃഷ്ണന്‍റെ സ്വദേശം.
സ്വന്തമായി കാർ ഓടിച്ചാണ് അദ്ദേഹം ആശുപത്രിയിലേക്ക് പോയത്. പോകുംവഴി വീണ്ടും അവശനായ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചപ്പോഴേക്ക് മരിച്ചിരുന്നു.
കളിയാട്ടം, ദേശാടനം, കരുണം, തീര്‍ത്ഥാടനം, കണ്ണകി, പരിണാമം, കൂട്ട്, മകള്‍ക്ക്, നാല് പെണ്ണുങ്ങള്‍, ഗുല്‍മോഹര്‍, വിലാപങ്ങള്‍ക്കപ്പുറം, പേരറിയാത്തവര്‍, കാട് പൂക്കുന്ന നേരം, ഓള് തുടങ്ങി അറുപത്തഞ്ചോളം സിനിമകള്‍ക്ക് ഛായാഗ്രഹണം നിര്‍വഹിച്ചിട്ടുള്ള രാധാകൃഷ്ണന്റെ ആദ്യ സ്വതന്ത്ര ചിത്രം അലി അക്ബര്‍ സംവിധാനം ചെയ്ത് 1988ല്‍ പുറത്തിറങ്ങിയ മാമലകള്‍ക്കപ്പുറത്താണ്. ഏക് അലഗ് മോസം എന്ന ഹിന്ദി ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിച്ച് ബോളിവുഡിലുമെത്തി.
ഷാജി.എന്‍.കരുണ്‍ ഒരുക്കിയ ‘ഓള്’ ആണ് അവസാന ചിത്രം. മികച്ച ഛായാഗ്രാഹകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ഏഴു തവണ രാധാകൃഷ്ണനെ തേടി എത്തിയിട്ടുണ്ട്.