Mon. Dec 23rd, 2024
#ദിനസരികള്‍ 809

 

എഴുത്തു നന്നാവാന്‍ എന്തു ചെയ്യണം എന്ന് ചിന്തിക്കാത്ത ഒരെഴുത്തുകാരനും ഈ ഭൂമുഖത്ത് ഉണ്ടാവില്ല. ഭാഷയേയും ചിന്തകളേയും എങ്ങനെയൊക്കെ നവീകരിച്ചെടുക്കാന്‍ കഴിയുമെന്നും താന്‍ പറയുന്നതിലേക്ക് ആളുകളെ കൂടുതല്‍ കൂടുതലായി എങ്ങനെ ആകര്‍ഷിച്ചെടുക്കാമെന്നുമൊക്കെയുള്ള വേവലാതികള്‍ എഴുത്തുകാരന്റെ കൂടപ്പിറപ്പുമാണ്. എഴുത്തിന്റെ ലോകത്ത് അത്തരത്തിലുള്ള ആശങ്കകളില്‍ നിന്നും മുക്തനായി ആരും തന്നെയില്ല. എഴുത്തച്ഛന്‍ തന്നെ അര്‍ത്ഥിച്ചിരിക്കുന്നത്,

വാരിധി തന്നില്‍ തിരമാലകളെന്ന പോലെ
ഭാരതീ! പദാവലി തോന്നേണം കാലേ കാലേ എന്നാണല്ലോ.

അങ്ങനെ തട്ടും മുട്ടുമില്ലാതെ എഴുതിപ്പോകാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുകയും തുടക്കത്തില്‍ ശുഭസൂചകങ്ങളായ അക്ഷരങ്ങളേയും വാക്കുകളേയുമൊക്കെ ഉപയോഗിച്ചുകൊണ്ട് രചനയില്‍ ഏര്‍‌പ്പെടുകയുമൊക്കെ ചെയ്യുന്ന എഴുത്തുകാരുണ്ട്. അവരില്‍ ചിലര്‍ എഴുത്തു തുടങ്ങുന്നത് ഒരു കുരിശു വരച്ചതിനു ശേഷമായിരിക്കും. മറ്റു ചിലരാകട്ടെ ഹരിശ്രീ ഗണപതയേ നമഃ എന്നും വേറെ ചിലര്‍ ഖുറാനിലെ പ്രാര്‍ത്ഥനകളെ എഴുതി വെച്ചതിനു ശേഷവുമായിരിക്കും. ഏതായാലും എഴുത്തു നന്നാവാനും മുടങ്ങാതെയിരിക്കുവാനും അവനവന്റെ വിശ്വാസമനുസരിച്ചുള്ള ചില കാര്യങ്ങള്‍ നടപ്പിലാക്കുന്നവരുണ്ട് എന്ന് നിസ്സംശയം പറയാം.

എഴുത്തുകാരന്‍ എന്നൊരു ലേബല്‍ ഇതുവരെ എടുത്തണിഞ്ഞിട്ടില്ലെങ്കിലും ഒന്നു രണ്ടു കൊല്ലമായി മുടങ്ങാതെ എന്തെങ്കിലും കുത്തിക്കുറിച്ചിടുന്ന ഒരാളെന്ന നിലയ്ക്ക് എന്റെ ചില അനുഭവങ്ങള്‍ പങ്കുവെക്കാമെന്ന് കരുതുന്നു. എഴുത്തു കൂടുതല്‍ നന്നാകാന്‍ അത് എനിക്ക് ഒരു സ്വയം വിമര്‍ശനത്തിന്റെ ഗുണം ചെയ്യുമെങ്കില്‍ നല്ലതുതന്നെയാണല്ലോ. മാത്രവുമല്ല സ്ഥിരമായി വായിച്ചു പോകുന്നവര്‍ക്ക് എഴുത്തിനെക്കുറിച്ച് ചിന്തിക്കാന്‍ ഒരവസരവുമാകുമല്ലോ.

ദിവസത്തില്‍ ഇരുപത്തിനാലു മണിക്കൂറുണ്ടെങ്കിലും രാവിലെ ഏഴുമുതല്‍ ഒമ്പതുവരെയുള്ള രണ്ടു മണിക്കൂര്‍ സമയമാണ് ഞാന്‍ എഴുത്തിന് വേണ്ടി വിനിയോഗിക്കുന്നത്. തിരക്കുകളില്‍ സമയത്തിന് മാറ്റങ്ങളുണ്ടായെന്നു വരാം. അതുപോലെ പുസ്തകങ്ങളെക്കുറിച്ച് എഴുതുന്ന ദിവസങ്ങളില്‍ ബാക്കിയുള്ള സമയങ്ങളില്‍ അതുവായിച്ചു നോക്കുമെങ്കിലും അല്ലാത്ത ഭൂരിഭാഗം ദിവസങ്ങളിലും എന്തെഴുതണമെന്ന് ആലോചിക്കുന്നതു പോലും ഈ രണ്ടു മണിക്കൂറിനുള്ളിലാണ്. ഒരു പക്ഷേ എന്റെ എഴുത്തിന്റെ ഏറ്റവും വലിയ ദോഷം ഇതുതന്നെയായിരിക്കാം എന്നു ഞാന്‍ കരുതുന്നു. എഴുതിയത് രണ്ടാമതൊന്ന് വായിച്ചു നോക്കാനോ അക്ഷരത്തെറ്റു പോലും തിരുത്തുവാനോ ഉള്ള സാവകാശം കണ്ടെത്താന്‍ കഴിയാത്തത് ഒരു പ്രധാനപ്പെട്ട കുഴപ്പം തന്നെയാണ്.

എന്തെഴുതണം എന്നതിനെക്കുറിച്ച് എനിക്ക് ആവലാതികളൊന്നുമുണ്ടാകാറില്ല. എന്നാല്‍ എങ്ങനെ എഴുതിത്തുടങ്ങണം എന്നതിനെ സംബന്ധിച്ച് അഥവാ നല്ലൊരു തുടക്കം കിട്ടാന്‍ എനിക്ക് കാത്തിരിക്കേണ്ടി വരാറുണ്ട്. നമുക്ക് പ്രാര്‍ത്ഥിക്കാന്‍ ഒരു ദൈവമില്ലാത്തതുകൊണ്ട് സ്വന്തം ശേഷിതന്നെ ഉപയോഗിച്ചുകൊണ്ട് തുടങ്ങേണ്ടിവരുമെന്നതിനാല്‍ തുടക്കത്തിനു വേണ്ടി സമയത്തിന്റെ നല്ലൊരു ശതമാനം നീക്കിവെക്കേണ്ടി വരാറുണ്ട്. എന്നാലും സാന്തിയാഗോവിനെപ്പോലെ ഞാന്‍ കാത്തിരിക്കുന്നു. പലതും ചൂണ്ടലില്‍ കൊരുത്ത് കടലിലേക്കെറിയുന്നു. എന്തോ ചിലത് കൊത്തി എന്ന തോന്നലുണ്ടാകുന്നു. എന്നാല്‍ വലിച്ച് കരക്കിടുമ്പോഴാണ് ഒന്നുമില്ലെന്ന് മനസ്സിലാക്കുക. വീണ്ടും ചൂണ്ട കടലിലേക്കെറിഞ്ഞ് കാത്തിരിക്കുന്ന സാന്തിയാഗോവായി ഞാന്‍ മാറുന്നു.

അവസാനം വമ്പന്‍ സ്രാവുകള്‍ക്ക് പകരം കിട്ടുന്നത് വല്ല പരലോ പള്ളത്തിയോയൊക്കെയാകും (കടലില്‍ പള്ളത്തിയോ പരലോ ഉണ്ടാകുമോയെന്ന് ചോദിക്കരുത്. ഇന്നുമുതലുണ്ടാകും.) ഞാന്‍ ഇത്തിരി ഉപ്പും മുളകും ചേര്‍ത്ത് വേവിച്ച് അതൊരു രസക്കൂട്ടാക്കിയെടുത്ത് വിളമ്പി വെക്കുന്നു. കൂട്ട് ശരിക്കും കൂട്ടായോ എന്ന് പറയേണ്ടത് അതു തൊട്ടുകൂട്ടുന്നവര്‍ തന്നെയാണല്ലോ.

ഭാഷ, എഴുത്തു തുടങ്ങുന്നവരില്‍ പലര്‍ക്കും പ്രശ്നമാണെന്ന് പറയുന്നത് കേട്ടിട്ടുണ്ട്. ആ കത്തി എന്റെ കൈയ്യിലുണ്ട്. എന്നാല്‍ മൂര്‍ച്ചയെപ്പറ്റിയേ ഭിന്നാഭിപ്രായമുള്ളു. സ്കൂള്‍ കാലങ്ങളില്‍ ധാരാളമായി വായിച്ചു പഠിച്ച ക്ലാസിക് കൃതികള്‍ എനിക്കൊരു ഭാഷാവബോധമുണ്ടാക്കിത്തന്നിട്ടുണ്ട്. ചെറുശ്ശേരിയും തുഞ്ചനും കുഞ്ചനുമടക്കമുള്ള മഹാകവികളെ പരിചയപ്പടാനിടയായ സാഹചര്യങ്ങള്‍ക്ക് നന്ദി പറയുക.

കവിത എഴുതാന്‍ ശ്രമിക്കുന്നവര്‍ അധ്യാത്മരാമായണം കാണാതെ പഠിക്കണമെന്ന് എന്റെ ഇഷ്ടകവി ബാലചന്ദ്രന്‍ ചുള്ളിക്കാട് പണ്ട് പറഞ്ഞതുകേട്ട് ഞാന്‍ അതിനും ശ്രമിച്ചിരുന്നു. എന്നു വെച്ച് കവിതയെഴുതിയോ എന്ന് ചോദിക്കരുത്. കുറച്ച് ശ്ലോകങ്ങള്‍ എഴുതാന്‍ ശ്രമിച്ചിരുന്നുവെന്നതാണ് സത്യം. നിത്യചൈതന്യയതി നടത്തിയിരുന്ന ഗുരുകുലം മാസികയില്‍ ഒരിക്കല്‍ അതു പ്രസിദ്ധീകരിച്ചിട്ടുമുണ്ട് എന്ന രഹസ്യം കൂടി പങ്കുവെക്കട്ടെ.

ഭാഷയെ വശത്താക്കാന്‍ ശ്രമിച്ചത് എഴുത്തുകാരനാകാനല്ല, മറിച്ച് എഴുത്തുകളെ കൂടുതല്‍ നന്നായി മനസ്സിലാക്കാന്‍ വേണ്ടി മാത്രമായിരുന്നു. അപ്പോള്‍ ഭാഷയെ കയ്യിലാക്കുക എന്ന മര്‍മ്മ പ്രധാനമായ സംഗതി അതിന്റെ ഗൌരവത്തില്‍ത്തന്നെ എഴുത്തുകാര്‍ സ്വീകരിക്കേണ്ടതാണെന്ന അഭിപ്രായം എനിക്കുണ്ട്. പുതുതലമുറയിലെ എഴുത്തുകാര്‍ രണ്ടുകാര്യങ്ങളില്‍ വിമുഖരാണ്. ഒന്ന്, വായനയില്‍, രണ്ട്, ഭാഷയെ സ്വാംശീകരിക്കുന്നതില്‍. ഈ രണ്ടു കാര്യങ്ങളിലും അവര്‍ കൂടുതലായി ശ്രദ്ധ വെയ്ക്കേണ്ടതാണെന്നു കൂടി ഈ അവസരത്തില്‍ സൂചിപ്പിക്കട്ടെ.

എന്തായാലും എഴുത്ത് നന്നാക്കേണ്ടതുണ്ട് എന്ന് ചിന്തിക്കുന്നവര്‍ നിരന്തരം എഴുതുകയും ആശയങ്ങള്‍ പങ്കുവെയ്ക്കാനുള്ള ഏക ഉപാധിയായ ഭാഷ ഫലപ്രദമായി പ്രയോഗിക്കാനുള്ള കഴിവുമുണ്ടാക്കിയെടുക്കുക തന്നെ വേണം. ഇതാണ് ഞാന്‍ എനിക്കു തന്നെ നല്കിക്കൊണ്ടേയിരിക്കുന്ന നിര്‍‌ദ്ദേശം.

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.

Leave a Reply

Your email address will not be published. Required fields are marked *