ചെന്നൈ:
തമിഴ്‌നാട്ടിലെ ഡി.എം.കെ. സർക്കാർ 2009 ൽ നൽകിയ രാജ്യദ്രോഹക്കേസിൽ, എം.ഡി.എം.കെ. ജനറല്‍ സെക്രട്ടറി വൈക്കോ (വി.ഗോപാലസ്വാമി) യ്ക്ക് ചെന്നൈയിലെ ഒരു പ്രത്യേക കോടതി ഒരു വർഷത്തെ തടവുശിക്ഷ വിധിച്ചു.
ഈ കേസിൽ വൈക്കോ കുറ്റക്കാരനെന്നു കണ്ടെത്തിയതിനെത്തുടർന്ന്, ജഡ്ജി ജെ. ശാന്തിയാണ് ശിക്ഷ വിധിച്ചത്. 10000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്.
2009 ൽ തന്റെ പുസ്തകപ്രകാശനച്ചടങ്ങിനിടെയാണ് ദേശവിരുദ്ധമായ പ്രസ്താവന വൈക്കോ പറഞ്ഞത്. “നാൻ കുറ്റ്‌റം സാത്തുഗിരേൻ” എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിനിടയ്ക്ക്, ശ്രീലങ്കയിൽ എ.ടി.ടി.ഇയ്ക്കു നേരെയുള്ള യുദ്ധം നീർത്തിയില്ലെങ്കിൽ, ഇന്ത്യ പിന്നെ ഒറ്റ രാജ്യമായി തുടരില്ല എന്നാണ് അദ്ദേഹം പറഞ്ഞത്.
പരാതി നൽകിയത് ഡി.എം.കെ. സർക്കാർ ആയിരുന്നെങ്കിലും, ഇപ്പോൾ ഡി.എം.കെ. സഖ്യത്തിൽ രാജ്യസഭ സ്ഥാനാർത്ഥിയായി നാളെ നാമനിർദേശപത്രിക സമർപ്പിക്കാനിരിക്കുകയാണ് വൈക്കോ. 78 ലും, 84 ലും, പിന്നെ 90 ലും ഡി.എം.കെയുടെ രാജ്യസഭ പ്രതിനിധി ആയിരുന്നു വൈക്കോ.