വൈക്കം മുഹമ്മദ് ബഷീർ, മലയാള സാഹിത്യത്തിൽ പുതിയ ദിശ സമ്മാനിച്ച എഴുത്തുകാരൻ. സവർണ ബ്രാഹ്മണ നായർ സത്വങ്ങളുടെ കഥ പറഞ്ഞു വന്ന തനതു ശൈലിയിൽ നിന്ന് വ്യത്യസ്തമായി നാട്ടുഭാഷയിലൂടെ പച്ചയായ മനുഷ്യജീവിതം വച്ചു കാണിച്ച കഥാകാരൻ.
1908 ജനുവരി 21 ന് വൈക്കത്തിനടുത്ത് തലയോലപ്പറമ്പില്‍ ജനിച്ച ബഷീര്‍ അലയാത്ത നാടില്ല. ചെയ്യാത്ത ജോലിയില്ല. പാചകക്കാരന്‍, മാജിക്കുകാരന്റെ സഹായി, കൈനോട്ടക്കാരൻ ഹോട്ടല്‍ തൊഴിലാളി, പഴക്കച്ചവടക്കാരന്‍, ന്യൂസ് പേപ്പര്‍ ഏജന്റ് അങ്ങനെ അങ്ങനെ …
സ്വാതന്ത്ര്യസമര സേനാനി, എഴുത്തുകാരന്‍, പ്രകൃതി സ്‌നേഹി… ഇനി എത്ര എത്ര വിശേഷണങ്ങള്‍. ഇതിനെല്ലാമുപരി ഒരു തികഞ്ഞ മനുഷ്യസ്‌നേഹി. അതായിരുന്നു ബഷീര്‍. ഈ പ്രപഞ്ചത്തിലെ സമസ്ത ജീവജാലങ്ങളെയും അദ്ദേഹം സ്‌നേഹിച്ചിരുന്നു.
ബഷീര്‍ വൈക്കം സ്‌കൂളില്‍ ഫോര്‍ത്ത് ഫോമില്‍ പഠിക്കുന്ന കാലത്താണു ഗാന്ധിജി വൈക്കം സത്യഗ്രഹത്തില്‍ പങ്കെടുക്കാനെത്തിയത്. ഗാന്ധിജിയെ കാണാന്‍ വീട്ടില്‍ നിന്ന് ഒളിച്ചോടിയതാണു ബഷീറിന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. ഗാന്ധിജിയെ തൊട്ട എന്നെ കണ്ടോളിന്‍ നാട്ടാരെ… എന്നു അഭിമാനത്തോടെ പറഞ്ഞ ബഷീര്‍ സ്വാതന്ത്ര്യസമരരംഗത്തേക്ക് എടുത്തു ചാടി.
1930- ല്‍ കോഴിക്കോട്ട് ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ജയിലിലായി. ഫിഫ്ത്ത് ഫോമില്‍ പഠിക്കുമ്പോള്‍ നാടുവിട്ട ബഷീര്‍ ഒമ്പതുവര്‍ഷം ഇന്ത്യയൊട്ടാകെ സഞ്ചരിച്ചു. ഒരെഴുത്തുകാരനാകാന്‍ ബഷീറിനെ സഹായിച്ച യാത്രയായിരുന്നു അത്.
വ്യാകരണത്തിന്റെ എല്ലാ നിയമങ്ങളെയും കാറ്റിൽ പറത്തി, ശബ്ദതാരാവലിയെ ഗൗനിക്കാതെ ഇദ്ദേഹം സൃഷ്ടിച്ച ഭാഷ മലയാളികളെ സാഹിത്യ സൃഷ്ടികളുമായി കൂടുതൽ അടുപ്പിച്ചു.
പ്രിയപ്പെട്ട മാങ്കോസ്റ്റിൻ മരച്ചുവട്ടിൽ ചാരുകസേരയിൽ ഇരുന്നു കൊണ്ട് ഹാസ്യത്തിന്റെ മേമ്പൊടിയോടെ ലോകത്തെ വിമർശിച്ച ധിഷണാശാലി കൂടിയാണ് ഇദ്ദേഹം.
കഥകളെക്കാളും ബഷീർ സൃഷ്ടിച്ച കഥാപാത്രങ്ങളാവും മലയാളികൾ ഓർമിക്കുന്നത്. നിഷ്കളങ്കയായ കുഞ്ഞിപ്പാത്തുമ്മയും, ഉപാധികളില്ലാത്ത പ്രണയത്തിന്റെ ലോകം തീർത്ത കേശവൻ നായരും, സാറാമ്മയും, ശബ്ദങ്ങൾ കൊണ്ട് മാത്രം പ്രണയം കൈമാറുന്ന നാരായണിയും, മജീദും സുഹറയും, എട്ടുകാലി മമ്മൂഞ്ഞ്, പൊന്‍കുരിശ് തോമ, മണ്ടന്‍ മുത്തപ്പ, ആനവാരി രാമന്‍ നായര്‍ അങ്ങനെ എത്ര പേർ! മലയാളികൾ ഉള്ളിടത്തോളം ഇവർക്ക് മരണമില്ല.
ഭൂമിയുടെ അധിപൻ മനുഷ്യനാണെന്ന അഹന്തയിൽ അവൻ ചെയ്യുന്ന കൊള്ളരുതായ്മകളെ തന്റെ കൃതികളിലൂടെ പ്രതിരോധിക്കാനും ബഷീർ മറന്നില്ല. പുൽച്ചാടി മുതൽ ആന വരെ ഭൂമിയുടെ അവകാശികളാണെന്ന് സ്വന്തം എഴുത്തിലും പ്രവർത്തിയിലും അദ്ദേഹം കാട്ടിത്തന്നു. ബേപ്പൂരിലെ രണ്ടേക്കർ പറമ്പിലില്ലാത്ത ചെടികളും മൃഗങ്ങളുമില്ല.
ഈ അനശ്വര കഥാകാരനെ രാജ്യം പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്. കേന്ദ്രസാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്, വള്ളത്തോൾ പുരസ്കാരം, ലളിതാംബിക അന്തർജനം പുരസ്കാരം തുടങ്ങി ഒട്ടനവധി പുരസ്കാരങ്ങൾ ഈ സുൽത്താനെ തേടിയെത്തിയിട്ടുണ്ട്.
1994 ജൂലായ് അഞ്ചിന് ഈ സുവർണ കഥാകാരൻ വിട പറഞ്ഞു.