Wed. Jan 22nd, 2025
#ദിനസരികള്‍ 808

 

നേരു പറയണമങ്ങുവിളിക്കെയെന്‍
പേരു മധുരമായിത്തീരൂന്നതെങ്ങനെ?
നേരു പറയണമങ്ങു തൊടുമ്പോള്‍ ഞാന്‍
താരു പോലെ മൃദുവാകുന്നതെങ്ങനെ? – എന്ന ജി. ശങ്കരക്കുറുപ്പിന്റെ ചോദ്യത്തിന് മധുരോദാരമായ ഒരുത്തരം സങ്കല്പിച്ചു നോക്കാത്തവന്‍ മനുഷ്യനായുണ്ടോ? എത്ര മുരടനായ ഒരുവന്റെ ഹൃദയത്തിലും ചില അനുരണനങ്ങളുണ്ടാകുവാനും വസന്തോത്സവങ്ങളുടെ ഉച്ചസ്ഥായിയിലേക്ക് പൊടുന്നനെ വന്നു വീണ ഒരുവനെപ്പോലെ കാല്പനികനാകാനും ഈ ചോദ്യം പ്രേരിപ്പിക്കുന്നു. ജി. എന്ന കവിയെക്കുറിച്ച് ഡോക്ടര്‍ സുകുമാര്‍ അഴീക്കോട് പലതും പറഞ്ഞിട്ടുണ്ടെങ്കിലും എനിക്ക് അദ്ദേഹത്തോട് ഇത്തരം വരികളെ മുന്‍നിറുത്തി ഒരിഷ്ടമൊക്കെയുണ്ട്.

സത്യം പറഞ്ഞാല്‍ ജീയുടെ കവിതകള്‍ വായിക്കുന്നതിനു മുമ്പേ ഞാന്‍ വായിച്ചത് പ്രൌഢഗംഭീരമായ മലയാളത്തില്‍ അഴീക്കോട് എഴുതി ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു എന്ന ഗ്രന്ഥമാണ്. അതിലെ ഭാഷ, താന്‍ ചിന്തിക്കുന്നതാണ് ശരിയെന്ന് സ്ഥാപിച്ചെടുക്കാനുള്ള ശേഷി, ഇതരവാദങ്ങളെ അടിമുടി അരിഞ്ഞു വീഴ്ത്തിക്കൊണ്ടുള്ള കണിശത, ലോകസാഹിത്യത്തെക്കുറിച്ചുള്ള ധാരണ മുതലായ കാരണങ്ങളാല്‍ ആ പുസ്തകം എന്നെ ഏറെ വിസ്മയപ്പെടുത്തിയിട്ടുണ്ട്. പല തവണ ഞാനതു വായിച്ചിട്ടുണ്ട്. ആ വിമര്‍ശനത്തെ പിന്‍പറ്റി ജി. ശങ്കരക്കുറുപ്പ് കവിയേയല്ലെന്ന് ഏറ്റുവിളിച്ച് അദ്ദേഹത്തിന്റെ രചനകളെ വായിക്കാതെ മനഃപൂർവ്വം അവഗണിച്ചു പോയിട്ടുമുണ്ട്.

പിന്നീട് അഴീക്കോട് പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണല്ലോ ഞാനതു ശരിവെയ്ക്കണമെങ്കില്‍ ജിയെ ഞാനൊന്ന് വായിച്ചു നോക്കേണ്ടതുണ്ടല്ലോ എന്ന് ചിന്തിച്ചതോടു കൂടിയാണ് ജി. സാഹിത്യം ഞാന്‍ കൈയ്യിലെടുക്കുന്നത്. ജി. വിമര്‍ശനത്തില്‍ വ്യക്തിതാല്പര്യം കടന്നുകൂടിയിട്ടേയില്ലെന്ന് അഴീക്കോട് ആണയിടുന്നുണ്ടെങ്കിലും അതിനത്രക്ക് വിശ്വാസ്യത പോര എന്നതാണ് വാസ്തവം. അഴീക്കോടിന്റെ പ്രേതം കൂടിയിട്ടില്ലെങ്കില്‍ ജി. ചിലപ്പോഴെങ്കിലും നമ്മെ രസിപ്പിക്കുക തന്നെചെയ്യും എന്നു ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു.

അനുകരണമെന്ന് അഴീക്കോട് ആണയിട്ട ഓടക്കുഴല്‍ എന്ന കവിത അക്കൂട്ടത്തില്‍ രസകരമായ ഒന്നാണ്.

ഓടക്കുഴലിതു നീടുറ്റ കാലത്തിന്‍

കൂടയില്‍ മൂകമായ് വീഴാം നാളെ

വന്‍ചിതലായേക്കാ, മല്ലെങ്കിലിത്തിരി

വെണ്‍ചാരം മാത്രമായ് മാറിപ്പോകാം

നന്മയെച്ചൊല്ലി വിനിശ്വസിക്കാം ചിലര്‍

തിന്മയെപ്പറ്റിയേ പാടു ലോകം

എന്നാലും നിന്‍ കൈയ്യിലര്‍പ്പിച്ച മജ്ജന്മ

മെന്നാളുമാനന്ദസാന്ദ്രം ധന്യം – നമ്മില്‍ മയങ്ങിക്കിടക്കുന്ന മോഹനങ്ങളായ ചില സങ്കല്പങ്ങളെ തൊട്ടുണര്‍ത്താന്‍ ഈ കവിത ശക്തമാകുന്നു.

ശ്രാന്തമംബരം നിദാഘോഷ്മളസ്വപ്നാക്രാന്തം താന്തമാരബ്ധക്ലേശരോമന്ഥം മമ സ്വാന്തം എന്നെല്ലാം എഴുതിയെങ്കിലും സാഗരഗീതവും ചില രസങ്ങളെ പേറുന്നുണ്ട്. അതിനെയൊക്കെ പ്രകീര്‍ത്തിച്ച് പ്രകീര്‍ത്തിച്ച് ആത്മാവും പരമാത്മാവും തമ്മിലുള്ള മേളനമാക്കാതിരുന്നാല്‍ മതിയെന്നു മാത്രം.

ക്ഷീണമാമെന്നാത്മാവു തകര്‍ന്നാല്‍ തകര്‍ന്നോട്ടെ, വീണയാക്കുക ഭവദാശയം ഗാനം ചെയ്‌വാന്‍ എന്നു കേള്‍ക്കുമ്പോഴേക്കും മിസ്റ്റിസിസത്തിന്റെ തൊഴുത്തിലേക്ക് ആനയിച്ചു കയറ്റരുത്.

പ്രണയത്തിന്റെ ഏറ്റവും തരളമായ ഭാവങ്ങളെ പ്രസരിപ്പിക്കുന്ന സൂര്യകാന്തി പോലെയുള്ള കവിതകള്‍ പഠിപ്പിക്കുമ്പോള്‍ പരമാത്മാവിനോട് ഐക്യപ്പെടാനുള്ള ജീവാത്മാവിന്റെ വ്യഗ്രത എന്നൊക്കെ പ്രസംഗിച്ചു കളഞ്ഞ അധ്യാപകരാണ് ജിയുടെ അന്തകരാകുന്നതെന്ന് എനിക്കു തോന്നിയിട്ടുണ്ട്. എന്താണ് സൂര്യനോട് പ്രേമം തോന്നിയ ഒരു പൂവിന്റെ ആത്മാലാപമാണ് ഈ കവിത എന്നു പറഞ്ഞും പഠിപ്പിച്ചും കൊടുത്താല്‍ സംഭവിക്കുക? എനിക്കത് ഇതുവരെ മനസ്സിലാകാത്ത കാര്യമാണ്.

ആ വിശുദ്ധമാം മുഗ്ദ്ധപുഷ്പത്തെക്കണ്ടില്ലെങ്കില്‍
ആ വിധം പരസ്പരം സ്നേഹിക്കാതിരുന്നെങ്കില്‍ എന്ന് പാടുന്നതിന് മണ്ണില്‍ ചവിട്ടി നിന്നുകൊണ്ടാണെന്ന സങ്കല്പത്തിന് എന്തോ കുറവുണ്ടെന്ന് ധരിച്ചു വശായ നമ്മുടെ സവര്‍ണബോധ്യങ്ങള്‍ കവിയ്ക്കു ചവിട്ടിനില്ക്കാന്‍ പട്ടുപരവതാനി വിരിച്ചു കൊടുക്കുന്നു. അതോടെ മണ്ണില്‍ തൊടാത്തവനായി കവി മാറുന്നു. പിടിച്ചു വീണ്ടും പച്ചമണ്ണില്‍ ചവിട്ടിച്ചു നിറുത്തുകയാണ് നാം ചെയ്യേണ്ടത്. അങ്ങനെ ചെയ്താല്‍ ജിയില്‍ നിന്നും ഇനിയും നമുക്ക് ഒരുപാട് വായിച്ചെടുക്കാനുണ്ടാകും.

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.

Leave a Reply

Your email address will not be published. Required fields are marked *