കൊച്ചി:
ഭൂമി ഇടപാടിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ നിലപാട് എടുത്ത സഹായ മെത്രാന്മാരെ പുറത്താക്കിയതിനെതിരെ എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികർ പ്രതിഷേധ യോഗം ചേർന്നു. മാർ ജോർജ് ആലഞ്ചേരിയെ എറണാകുളം- അങ്കമാലി രൂപതയുടെ ചുമതല ഏൽപ്പിച്ച് വത്തിക്കാനിൽ നിന്നും തീരുമാനം വന്ന് ദിവസങ്ങൾ മാത്രം പിന്നിടുമ്പോഴാണ് അതിരൂപതയ്ക്ക് അഡ്‌മിനിസ്‌ട്രേറ്റർ ബിഷപ്പിനെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് വിമത വൈദികർ രംഗത്തെത്തിയിരിക്കുന്നത്. അതിരൂപതയെ വ്യക്തമായി അറിയുന്ന ആൾ തന്നെ അഡ്‌മിനിസ്‌ട്രേറ്റർ ആർച്ച് ബിഷപ്പാകണമെന്നും ഇരുന്നൂറിലേറെ വൈദികർ പങ്കെടുത്ത യോഗത്തിലാണഅ വിമത വൈദികർ ആവശ്യമുയർത്തിയത്.
ഭൂമി വിവാദത്തെ തുടർന്ന് റോമിൽ നിന്നുള്ള നിർദ്ദേശാനുസരണ പ്രകാരം മാറ്റി നിർത്തപ്പെട്ട സിറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കു കഴിഞ്ഞ ദിവസം എറണാകുളം–അങ്കമാലി അതിരൂപതയുടെ ഭരണച്ചുമതല തിരിച്ചു നൽകിയിരുന്നു. അതോടൊപ്പം സഹായമെത്രാൻമാരായ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, മാർ ജോസ് പുത്തൻവീട്ടിൽ എന്നിവരെ ചുമതലകളിൽ നിന്നു നീക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ എറണാകുളം–അങ്കമാലി അതിരൂപതയിലെ വൈദികരുടെയും വിശ്വാസികളുടെയും ഇടയിൽ ഉണ്ടായ പ്രതിഷേധം രേഖപ്പെടുത്താനായിരുന്നു കലൂരിൽ യോഗം ചേർന്നത്.
അതിരൂപതയിലെ ഇരുന്നൂറിലധികം വൈദികരാണ് ഈ യോഗത്തിൽ പങ്കെടുത്തത്.
മാർ ആലഞ്ചേരി കാനോനിക നിയമം ലംഘിച്ചെന്നും നിയമം പാലിച്ചെങ്കിൽ ഇപ്പോഴത്തെ കേസുകൾ ഉണ്ടാകില്ലായിരുന്നുവെന്നും വൈദികർ അഭിപ്രായപ്പെട്ടിരുന്നു. ‘സിനഡിൽ ആലോചിക്കാതെയാണ് ഭൂമി വിൽപന നടത്തിയത്. സഹായ മെത്രാന്മാരെ മാറ്റിയത് ആലഞ്ചേരിയുടെ പ്രതികാര നടപടിയായിരുന്നുവെന്നും’ ആരോപണമുയർന്നു. നടപടികൾ തിരുത്താൻ ആവശ്യപ്പെട്ട് സിറോ മലബാർ സഭാ സ്ഥിരം സിനഡിന് ഉടൻ കത്തുനല്കും. ഭൂമിവില്പനയിലെ വീഴ്ചകൾ അന്വേഷിച്ച കമ്മീഷൻ റിപ്പോർട്ടുകൾ ഉടൻ പുറത്തുവിടണം. തർക്ക വിഷയങ്ങളിൽ തീരുമാനം ഉണ്ടാകുംവരെ അജപാലന ചുമതല നിർവഹിക്കാൻ സ്വതന്ത്ര ചുമതലയുള്ള മെത്രാപ്പൊലീത്തയെ നിയമിക്കണമെന്നും യോഗത്തിൽ പങ്കെടുത്ത വൈദികർ ആവശ്യപ്പെട്ടു.
രണ്ട് സഹായ മെത്രാന്മാരെ അച്ചടക്ക നടപടിയുടെ ഭാഗമായി മാറ്റിനിർത്തുന്നത് അപൂർവ സംഭവമാണ്. എറണാകുളം-അങ്കമാലി അതിരൂപതയിലെ സഹായമെത്രാന്മാർ ചെയ്ത തെറ്റ് എന്താണെന്നാണ് ആലഞ്ചേരിയെ എതിർക്കുന്ന വൈദികർ ചോദിക്കുന്നത്. ആരുമറിയാതെ അര്‍ധരാത്രി ജോര്‍ജ് ആലഞ്ചേരി അധികാരമേറ്റെടുത്തത് അപഹാസ്യമാണ്. ഭൂമിയിടപാട് കേസില്‍ പ്രതിപ്പട്ടികയിലുള്ള ആലഞ്ചേരിയുടെ നേതൃത്വം അംഗീകരിക്കാന്‍ കഴിയില്ല. മുന്‍ അഡ്മിനിസ്‌ട്രേറ്റര്‍ക്ക് മാര്‍പാപ്പയെ കാണാന്‍ പൗരസ്ത്യ തിരുസംഘം അവസരം നല്‍കിയില്ല. അതിനാല്‍ പൗരസ്ത്യതിരുസംഘത്തിന്റെ ഉദ്ദേശശുദ്ധിയില്‍ സംശയമുണ്ട്. കാനോനികസമിതി വിളിച്ച് അവിടെ ഇക്കാര്യം പറയണം. മാർ ആലഞ്ചേരിക്ക് മേജർ ആർച്ച് ബിഷപ്പ് പദവി ജന്മസിദ്ധമായി കിട്ടിയതല്ലെന്നും വൈദികർ പറഞ്ഞു.
കേരളത്തിലെ സീറോ മലബാർ സഭക്ക് തീരാകളങ്കം ഉണ്ടാക്കിയ ഭൂമി ഇടപാട് ആയിരുന്നു ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന എല്ലാ പ്രശ്നങ്ങൾക്കും തുടക്കമിട്ടത്. 2016 ജൂൺ 15 ന് അതിരൂപതാ കേന്ദ്രത്തിൽ ചേർന്ന ഭരണസമിതിയാണ് സീപോർട്ട്-എയർപ്പോർട്ട് റോഡ്, കരുണാലയം, നിലംപതിഞ്ഞമുകൾ, മരട്, വെണ്ണല എന്നീ സ്ഥലങ്ങളിലുള്ള ഭൂമി അതിരൂപതയുടെ സാമ്പത്തിക ബാധ്യതകൾ തീർക്കാനായി വിൽക്കാൻ അനുമതി നൽകിയത്. ആകെ വരുന്ന 3 ഏക്കർ സ്ഥലം സെന്റിന് 905000 രൂപയിൽ കുറയാതെ വിൽക്കണം എന്ന ധാരണപ്രകാരം 27 കോടി 24 ലക്ഷം രൂപയാണ് രൂപതയ്ക്ക് കിട്ടേണ്ടത്. പ്രസ്തുത സ്ഥലങ്ങളിൽ കുണ്ടന്നൂരിൽ മരടിലുള്ള ഭൂമി ഒഴികെ 4 സ്ഥലങ്ങളുടെ വിൽപന നടന്നു. ഈ 4 സ്ഥലങ്ങളുടെ ആകെ വിസ്തീർണ്ണം 2 ഏക്കർ 46 സെന്റാണ്. മാർ ആലഞ്ചേരി നൽകിയ അനുവാദ പ്രകാരം 22 കോടി 26 ലക്ഷത്തി മുപ്പതിനായിരം രൂപയാണ് അതിരൂപതയ്ക്ക് ലഭിക്കേണ്ടത്. ഈ പറയുന്ന 4 സ്ഥലങ്ങളുടേയും തീറാധാരങ്ങളിൽ മാർ ആലഞ്ചേരി ഒപ്പുവച്ചിട്ടും കേവലം 9 കോടി രൂപ മാത്രമാണ് അതിരൂപതയ്ക്ക് ലഭിച്ചിരിക്കുന്നത്. ഇതോടെയാണ് വിവാദം ഉടലെടുക്കുന്നത്.
അതോടൊപ്പം തൃക്കാക്കര ഭാരത് മാതാ കോളേജിന് സമീപിത്തുള്ള 60 സെന്റ് ഭൂമി ഇടനിലക്കാർ വഴി വിറ്റതിൽ കോടികളുടെ നികുതി വെട്ടിപ്പ് നടത്തിയത് ആദായനികുതി വകുപ്പ് കണ്ടെത്തിയത് സഭയ്ക്ക് കൂടുതൽ നാണക്കേടായി. 60 സെന്റ് ഭൂമി വിറ്റത് 3 കോടി 99 ലക്ഷം രൂപയ്ക്കാണെന്നായിരുന്നു സഭ ആധാരത്തിൽ കാണിച്ചത്. എന്നാൽ ഇടനിലക്കാരനായ സാജു വർഗീസിന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ ഭൂമി വിൽപ്പന നടത്തിയത് 10 കോടി രൂപയ്ക്കാണെന്ന് തെളിയിക്കുന്ന രേഖകൾ ആദായ നികുതി വകുപ്പ് കണ്ടെത്തി. തുടർന്ന് നികുതി വെട്ടിപ്പ് നടത്തിയതിനു മൂന്നു കോടി രൂപയോളം രൂപയുടെ പിഴയാണ് എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് ചുമത്തിയത്. ആദ്യഘട്ടമായി 51 ലക്ഷം രൂപ സഭ നേതൃത്വം ആദായ നികുതി വകുപ്പിൽ അടച്ചു.
ഇതിന് പിന്നാലെയാണ് കർദിനാളിനെതിരെ കേസും വരുന്നത്. ഭൂമി ഇടപാടിനെക്കുറിച്ച് എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടും കേസെടുത്തിട്ടില്ലെന്നുകാണിച്ച് ചേർത്തല സ്വദേശി ഷൈൻ വർഗീസ് സമർപ്പിച്ച ഹർജിയാണ് കർദിനാളിനെ കേസിൽ പ്രതിയാക്കുന്നത്. ഭൂമിവിൽപ്പന 27 കോടി രൂപയുടേതാണെന്നാണ് പറയുന്നത്. എന്നാൽ, അതിരൂപതയുടെ അക്കൗണ്ടിൽ ഒമ്പതുകോടിയേ എത്തിയിട്ടുള്ളൂ എന്നാണ് ആക്ഷേപം. തുക മുഴുവൻ നൽകിയെന്നാണ് ഇടനിലക്കാരനായ സാജുവർഗീസിന്റെ നിലപാട്. ഈ പൊരുത്തകേടുകളാണ് കേസിന് ആധാരം. സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിക്കാൻ തട്ടിപ്പു നടത്തിയെന്ന കുരുക്കാണ് കർദിനാളിനെ കേസിൽ പ്രതിയാക്കുന്നത്.
തുടർന്നായിരുന്നു കർദിനാൾ ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ചു എന്ന ആരോപണം ഉണ്ടാകുകയും മുൻ സഭ വക്താവായിരുന്ന ഫാദർ പോള്‍ തേലക്കാട്ടും, ബിഷപ് ജേക്കബ് മനത്തോടത്തും കേസിൽ കുടുങ്ങുന്നതും. ജോർജ്ജ് ആലഞ്ചേരിയുടെ പേരിലുള്ള വ്യക്തിപരമായ ഒരു ബാങ്ക് അക്കൗണ്ടിൽ നിന്ന് രണ്ട് പ്രമുഖ സ്ഥാപനങ്ങളിലേയ്ക്ക് പണം കൈമാറ്റം ചെയ്തിട്ടുണ്ട് എന്നതിന്റെ രേഖയായിരുന്നു വ്യാജമായി ചമച്ചത്. ഈ രേഖ ബിഷപ് മനത്തോടത്ത് മേജർ ആർച്ചുബിഷപ്പിനെ ഏൽപ്പിക്കുകയും മേജർ ആർച്ചുബിഷപ്പ് ഇത് സീറോ മലബാർ സഭാ സിനഡിന്റെ ശ്രദ്ധയിൽകൊണ്ടുവന്ന് തനിക്കു ഈ ബാങ്കിൽ അക്കൗണ്ട് ഇല്ലെന്നു വെളിപ്പെടുത്തുകയും ചെയ്തു. തുടർന്നുള്ള അന്വേഷണത്തിൽ അതിരൂപതയിലെ ചില വൈദികരുടെ നിർദ്ദേശപ്രകാരം സഭയുടെ സ്ഥാപനത്തിൽ തന്നെ ജോലി ചെയ്യുന്ന ആദിത്യൻ എന്ന യുവാവാണ് ഈ രേഖ വ്യാജമായി നിർമ്മിച്ചതെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
വ്യാജരേഖ കേസില്‍ തങ്ങള്‍ക്കെതിരെയുള്ള നിയമനടപടികള്‍ റദ്ദ് ചെയ്യണമെന്ന ആവശ്യവുമായി മാര്‍ ജേക്കബ് മനത്തോടത്തും, ഫാ. പോള്‍ തേലക്കാട്ടും നല്‍കിയ ഹര്‍ജി നൽകിയിരുന്നു. ഹര്‍ജിക്കാരുടെ ആവശ്യം കേള്‍ക്കുന്നതിനിടയില്‍ കോടതി വ്യാജരേഖ കേസ് ഒരു മധ്യസ്ഥനെ ഉള്‍പ്പെടുത്തി സമവായത്തില്‍ അവസാനിപ്പിക്കാനുള്ള സാധ്യത ആരായുകയും, മധ്യസ്ഥനായി ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ പേര് നിര്‍ദേശിക്കുകയും ചെയ്തു. എന്നാൽ സത്യം കണ്ടെത്തിയിട്ടു മതി സമവായം എന്നാണ് ആലഞ്ചേരിയുടെ അനുകൂലിക്കുന്നവരുടെ നിലപാട്.
എന്തായാലും ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളിയാണ് കേരള കത്തോലിക്കാ സഭ നേരിടുന്നത്. ചങ്ങനാശ്ശേരി രൂപതയും എറണാകുളം-അങ്കമാലി അതിരൂപതയും തമ്മിൽ പണ്ട് മുതലേയുള്ള അഭിപ്രായ വ്യത്യാസങ്ങളുടെ മൂർദ്ധന്യാവസ്ഥയാണ് ഇപ്പോൾ സംജാതമായിരിക്കുന്നത്. ഭൂമി വിവാദം ഉണ്ടായപ്പോൾ ചങ്ങനാശ്ശേരി രൂപത പിന്തുണക്കുന്ന മാർ ആലഞ്ചേരിയെ ഒതുക്കാൻ എറണാകുളം-അങ്കമാലി അതിരൂപത ആ വിഷയം ഉപയോഗിച്ചതാണ് കാര്യങ്ങൾ വഷളാക്കിയത്. ഒരു വർഷത്തോളം ഭരണ കാര്യങ്ങളിൽ നിന്നും മാറി നിൽക്കേണ്ടി വന്നെങ്കിലും ഇപ്പോൾ ഭരണം തിരികെ കിട്ടിയത് ആലഞ്ചേരിക്ക് വിജയവും എറണാകുളം-അങ്കമാലി അതിരൂപത അനുകൂലികൾക്ക് തിരിച്ചടിയുമാണ്. അതിനാലാണ് സമര പരിപാടികൾ ഉൾപ്പടെയുള്ള കടുത്ത നടപടികളിലേക്കു പോയി സഭയുടെ ആഗോള നേതൃത്വത്തെ സമ്മർദ്ധത്തിലാക്കാൻ അവർ ശ്രമിക്കുന്നത്.
ഫ്രാങ്കോ മുളക്കലിനെ ബലാൽസംഗ കേസിൽ സഭ പിന്തുണച്ചത് ഗതികേട് കൊണ്ടാണെന്നു വാദിക്കുന്നവരുണ്ടാകാം. എന്നാൽ വിശ്വാസികളിൽ നിന്നും പിടിയരി ശേഖരിച്ചു ഉണ്ടാക്കിയ ആസ്തികൾ വിശ്വാസികളെ അറിയിക്കാതെ കള്ളക്കച്ചവടം നടത്തിയതിലും , സർക്കാരിനെ പറ്റിച്ചു നികുതി വെട്ടിപ്പ് നടത്തിയതിലും, കർദ്ദിനാളിനെതിരെ വ്യാജ രേഖ ഉണ്ടാക്കിയതിലും സഭ നേതൃത്വത്തിൽ ചിലരുടെ അങ്ങേയറ്റത്തെ ക്രിമിനൽ ബുദ്ധിയാണ് പ്രവർത്തിച്ചതെന്ന് പറയാതെ വയ്യ.
എന്തായാലും പരസ്പരം സ്നേഹിക്കുവാനും, ബഹുമാനിക്കുവാനും, വിട്ടുവീഴ്ച ചെയ്യാനും നിരന്തരം സഭാമക്കളെ ഉത്ബോധിപ്പിക്കുന്ന സഭ നേതൃത്വം രാഷ്ട്രീയക്കാരെ വെല്ലുന്ന ഈ അധികാര തർക്കത്തിൽ നിന്നും വിട്ടു നിന്നില്ലെങ്കിൽ കേരള കത്തോലിക്കാ സഭ കൂടുതൽ അപഹാസ്യമായി തീരും.