നമ്മുടെ ശരീരം പ്രവർത്തിക്കുന്നതിന് വെള്ളം വളരെ അത്യാവശ്യമാണ്. പ്രായപൂർത്തിയായ ഒരാൾ ദിവസവും പത്തു മുതൽ പന്ത്രണ്ടു ഗ്ലാസ് വരെ വെള്ളം കുടിക്കേണ്ടതുണ്ട്. ആഹാരത്തിലെ പോഷകങ്ങളെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിക്കുക, ശരീരത്തിന്റെ താപനില നിയന്ത്രിക്കുക, മാലിന്യങ്ങള്‍ നീക്കുക, നാഡികളുടെ പ്രവര്‍ത്തനം, ശ്വസനം, വിസര്‍ജ്ജനം തുടങ്ങിയ നിരവധി ശാരീരികപ്രവര്‍ത്തനങ്ങള്‍ക്ക് വെള്ളം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ആരോഗ്യത്തിനു തണുത്ത വെള്ളത്തേക്കാൾ മികച്ചത് ചൂടുവെള്ളമാണ്.
ആഹാരത്തിനു ശേഷം ചെറു ചൂടിലുള്ള വെള്ളം കുടിക്കുന്നത് ദഹനം സുഗമമാക്കാൻ സഹായിക്കുന്നു. അതേ സമയം തണുത്ത വെള്ളമാണെങ്കിൽ ആഹാരം കട്ടിപിടിക്കാനും സാധ്യതയുണ്ട്. പ്രതിരോധ ശേഷി കൂട്ടാനും ചൂടുവെള്ളമാണ് നല്ലതെന്ന് പഠനങ്ങൾ പറയുന്നു.
ശരീരത്തിൽ വെള്ളം കുറയുമ്പോഴാണ് മലബന്ധം ഉണ്ടാവുന്നത്. വെറും വയറ്റിൽ ഒരു ഗ്ലാസ് ചൂടുവെള്ളം കുടിക്കുന്നതാണ് ഇതിനു പരിഹാരം. ശരീര ഭാരം കുറയ്ക്കാൻ രാവിലെ വെറും വയറ്റിൽ തേനും നാരങ്ങയും ചൂട് വെള്ളത്തിൽ ചേർത്ത് കഴിക്കുന്നത് നല്ലതാണ്.
ഭക്ഷണം കഴിക്കുന്നതിനു അര മണിക്കൂർ മുന്നേ രണ്ടു ഗ്ലാസ് ചൂടുവെള്ളം കുടിക്കുന്നത് ആഹാരം കഴിക്കുന്ന അളവിനെ നിയന്ത്രിക്കുകയും അമിത ഭാരത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു. ചൂടുവെള്ളം കുടിക്കുമ്പോള്‍ അന്നനാളത്തിലും ശ്വാസകോശങ്ങളിലും രൂപപ്പെട്ടിരിക്കുന്ന കഫം ഇളകി പോകുകയും ഇത് സുഗമമായ ശ്വസനത്തിന് സഹായിക്കുകയും ചെയ്യും. കൂടാതെ തൊണ്ട വേദന ശമിപ്പിക്കാനും ചൂട് വെള്ളം ആവശ്യമാണ്.
ആർത്തവ സമയത്തെ വേദനയ്ക്കും ചൂടുവെള്ളമാണ് പരിഹാരം. ഇടയ്ക്കിടെ ചൂടുവെള്ളം കുടിക്കുമ്പോൾ അത് വയറിലെ പേശികളുടെ അയവിനു സഹായകമാവുന്നു. ശരീരത്തിൽ രക്തയോട്ടം കൂടാനും ചർമ്മം സംരക്ഷിക്കാനും ചൂടുവെള്ളം ആവശ്യമാണ്.