ന്യൂഡൽഹി:
ഗാന്ധിജിയുടെ ഫോട്ടോ മദ്യക്കുപ്പിയുടെ മേൽ പതിപ്പിച്ച സംഭവം വിവാദത്തിൽ. ഇസ്രായേലിലെ മക്ക ബ്രൂവറി എന്ന ബ്രാൻഡാണ് ഗാന്ധിയുടെ ഫോട്ടോ കാർട്ടൂൺ രീതിയിൽ വികൃതമാക്കി മദ്യക്കുപ്പിയുടെ മുകളിൽ ഉൾപ്പെടുത്തിയത്.
ഇരു രാജ്യങ്ങളിലെയും പ്രധാനമന്ത്രിമാരോട് ഈ വിഷയത്തിൽ ഇടപെടാൻ വിവിധ ഗാന്ധി സംഘടനകൾ ആഹ്വാനം ചെയ്തു.
കൂളിംഗ് ഗ്ലാസും ടി- ഷർട്ടും ഓവർ കോട്ടും ധരിച്ചുകൊണ്ടുള്ള ഗാന്ധിജിയുടെ ചിത്രം hipstoryart.com എന്ന വെബ്‌സൈറ്റിൽ ധാരാളമായുണ്ടെന്നും ഇത് ഒഴിവാക്കണമെന്നും പാലാ കേന്ദ്രീകൃതമായി പ്രവർത്തിക്കുന്ന ഗാന്ധി ഫൌണ്ടേഷൻ ചെയർമാനായ എബി ജെ. ജോസ് ആവശ്യപ്പെട്ടു. അമിത് ഷിമോണിയാണ് ഈ ചിത്രം ഡിസൈൻ ചെയ്തിരിക്കുന്നത്. റ്റെഫാൻ ഇൻഡസ്ട്രിയൽ സോണിലാണ് ഈ കമ്പനി പ്രവർത്തിക്കുന്നതെന്നും മറ്റു പല ദേശീയ നേതാക്കളെയും ഇത്തരത്തിൽ ബിയർ കുപ്പികളിൽ ഉപയോഗിച്ചിട്ടുണ്ടെന്നും, ഇതിനു പരിഹാരം കാണാൻ വേണ്ടി ഇസ്രായേൽ പ്രധാന മന്ത്രിയായ ബെഞ്ചമിൻ നെതന്യാഹുവിനും ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദിക്കും നിവേദനങ്ങൾ അയച്ചുവെന്നും ഇദ്ദേഹം വ്യക്തമാക്കി.
തന്റെ ജീവിതകാലം മുഴുവൻ അഹിംസയ്ക്കുവേണ്ടി നീക്കി വെച്ച മഹാത്മാ ഗാന്ധി മദ്യത്തിനും എതിരായിരുന്നു. അദ്ദേഹത്തിന്റെ ഫോട്ടോ തന്നെ മദ്യക്കുപ്പിയിൽ ഉപയോഗിച്ചതിന് ലോക വ്യാപകമായി പ്രതിഷേധം ഉയരുകയാണ്.