ന്യൂഡൽഹി:
നിയമന കമ്മിറ്റിയടക്കം എട്ട് കാബിനറ്റ് കമ്മിറ്റികള്‍ കേന്ദ്രസര്‍ക്കാര്‍ പുനഃസംഘടിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി ആറു കമ്മിറ്റികളിലും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എല്ലാ കമ്മിറ്റികളിലും സ്ഥാനംപിടിച്ചു. കേരളത്തില്‍ നിന്നുള്ള ഏക കേന്ദ്ര സഹമന്ത്രിയായ വി. മുരളീധരന്‍ പാര്‍ലമെന്ററി കാര്യ കമ്മിറ്റിയില്‍ പ്രത്യേകം ക്ഷണിതാവാണ്. ഇതുസംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു.
പാര്‍ലമെന്ററി കാര്യവും നിയമനവും കൂടാതെ സാമ്പത്തികകാര്യം, സുരക്ഷ, അക്കോമഡേഷന്‍, രാഷ്ട്രീയകാര്യം, നിക്ഷേപം-വളര്‍ച്ച, തൊഴില്‍-നൈപുണ്യവികസനം എന്നീ വിഭാഗങ്ങളിലുള്ള കമ്മിറ്റികളാണ് പുനഃസംഘടിപ്പിച്ചത്. അക്കോമഡേഷന്‍, പാര്‍ലമെന്ററി കാര്യം എന്നീ വിഭാഗങ്ങളിലെ കമ്മിറ്റികളിലാണ് മോദി ഇല്ലാത്തത്. നിയമന കമ്മിറ്റിയില്‍ മോദിക്കും ഷായ്ക്കും പുറമേ ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി, ധനമന്ത്രി നിര്‍മലാ സീതാരാമന്‍, റെയില്‍മന്ത്രി പീയുഷ് ഗോയല്‍ എന്നിവരുമുണ്ട്.