ഇസ്ലാമാബാദ്:
രാജ്യദ്രോഹക്കുറ്റം നേരിടുന്ന, പാക്കിസ്ഥാൻ മുൻ പ്രസിഡന്റ് പർവേസ് മുഷറഫ് മെയ് 1 നു ദുബായിയിൽ നിന്നും, പാക്കിസ്ഥാനിലേക്കു തിരിച്ചെത്തിയേക്കും. അദ്ദേഹത്തിന്റെ അഭിഭാഷകനായ സുലൈമാൻ സഫ്‌ദാറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മെയ് 2 നു പ്രത്യേക കോടതിക്കുമുന്നിൽ, മുഷറഫ് ഹാജരാവുമെന്നും അദ്ദേഹം പറഞ്ഞു.
2016 ൽ ചികിത്സയ്ക്കായാണ് മുഷറഫ് ദുബായിയിലേക്കു പോയത്. അദ്ദേഹത്തിന്റെ രോഗാവസ്ഥ കാരണം പാക്കിസ്ഥാനിലേക്കു തിരിച്ചുപോവാൻ ഡോക്ടർമാർ ഇതുവരെ അനുവദിച്ചിരുന്നില്ല.
മെയ് 2 നു കോടതിയിൽ ഹാജരാവണമെന്നും, അല്ലാത്തപക്ഷം മുഷറഫിന് കേസിൽ, തന്റെ വാദം കേൾപ്പിക്കാനുള്ള അവസരം നഷ്ടമാവുമെന്നും, പ്രോസിക്യൂഷന്റെ വാദം കണക്കിലെടുത്ത് കോടതി ഒരു തീരുമാനത്തിലെത്തുമെന്നും, കോടതി മുഷറഫിനെ അറിയിച്ചിരുന്നു.
മുഷറഫിനെ പാക്കിസ്ഥാനിലേക്കു കൊണ്ടുവരുന്ന കാര്യത്തിൽ എന്തു നടപടിയെടുത്തുവെന്ന് അറിയിക്കാൻ, സുപ്രീം കോടതി, പാക്കിസ്ഥാൻ സർക്കാരിന് ഉത്തരവു നൽകിയിരുന്നു.
2013 ൽ പാക്കിസ്ഥാൻ മുസ്ലീം ലീഗ്(നവാസ്) സർക്കാർ ആണ്, 2007 ൽ പട്ടാളത്തിന്റെ സഹായത്തോടെ, ഭരണഘടന റദ്ദാക്കിയതിനും, രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനും, മുഷറഫിനെതിരെ രാജ്യദ്രോഹക്കുറ്റം ആരോപിച്ച് കേസ് റജിസ്റ്റർ ചെയ്തത്.