കൊച്ചി:
യാത്രക്കാര്‍ക്ക് മര്‍ദനമേറ്റ സംഭവവുമായി ബന്ധപ്പെട്ട കേസില്‍ ബസ് ഉടമ സുരേഷ് കല്ലടയ്ക്കെതിരേ കൂടുതല്‍ അന്വേഷണം വേണമെന്ന് പോലീസ്. കഴിഞ്ഞ ദിവസം പോലീസിനു മുന്‍പാകെ സുരേഷ് കല്ലട ഹാജരായെങ്കിലും കേസില്‍ സുരേഷിന്റെ പങ്ക് ഇനിയും അന്വേഷിക്കേണ്ടതുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. കേസില്‍ പിടിയിലായ പ്രതികളെ വീണ്ടും ചോദ്യം ചെയ്യുമെന്നും തൃക്കാക്കര എസിപി അറിയിച്ചു. അറസ്റ്റിലായവര്‍ക്കെല്ലാം കേസില്‍ നേരിട്ട് പങ്കുള്ളവരാണ്. കല്ലട ബസുകളില്‍ ആയുധം സൂക്ഷിക്കുന്നതായി യാത്രക്കാരുടെ മൊഴിയുണ്ടെങ്കിലും അതു കണ്ടെത്തണമെങ്കില്‍ പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യണമെന്നുമാണ് പോലീസ് ഭാഷ്യം.
അറസ്റ്റിലായ പ്രതികള്‍ സുരേഷ് കല്ലടയെ വിളിച്ചതിന്റെയോ, അദ്ദേഹം ജീവനക്കാര്‍ക്ക് നല്‍കിയതിന്റെയോ തെളിവ് പൊലീസിന് ലഭിച്ചിട്ടില്ല. എന്നാല്‍ സംഭവത്തിന്റെ ധാര്‍മിക ഉത്തരവാദിത്തത്തില്‍ നിന്ന് സുരേഷ് കല്ലടയ്ക്ക് പൂര്‍ണമായും ഒഴിഞ്ഞുമാറാനാകില്ല. നേരത്തെയും ഇത്തരം സംഭവങ്ങള്‍ നടന്നിട്ടുണ്ടോ, അറിഞ്ഞെങ്കില്‍ നടപടി എടുത്തിരുന്നോ തുടങ്ങിയ കാര്യങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്.
അതിനിടെ, ബംഗളൂരുവിലേക്കുള്ള യാത്രക്കിടെ യാത്രക്കാരെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ അറസ്റ്റിലായ ഏഴ് പ്രതികളെയും സ്ഥലത്തെത്തിച്ച് തെളിവെടുത്തു. ‘കല്ലട’ ബസ് സര്‍വീസിന്റെ ഓഫീസ് സ്ഥിതി ചെയ്യുന്ന എറണാകുളം വൈറ്റിലയില്‍ എത്തിച്ചാണ് പൊലീസ് തെളിവെടുപ്പ് നടത്തിയത്.
ബസ് ഡ്രൈവര്‍ തമിഴ്നാട് കോയമ്ബത്തൂരിലെ നാച്ചിപാളയം സ്വദേശി കുമാര്‍ (55), മാനേജര്‍ കൊല്ലം പട്ടംതുരുത്ത് ആറ്റുപുറത്ത് ഗിരിലാല്‍ (37), ആലപ്പുഴ മണ്ണഞ്ചേരി കാവുങ്കല്‍ വിഷ്ണു (29), ബസ് ജീവനക്കാരായ പുതുച്ചേരി സ്വദേശി അന്‍വര്‍, ജിതിന്, ജയേഷ്, രാജേഷ് എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്.
കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി ഈ മാസം 30 വരെയാണ് പ്രതികളെ കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. കഴിഞ്ഞയാഴ്ചയാണ് എറണാകുളം വൈറ്റിലയില്‍നിന്നുള്ള യാത്രക്കാരായ ബത്തേരി സ്വദേശി സചിന് (22), സുഹൃത്ത് അഷ്കര്‍ (22), തൃശൂര്‍ സ്വദേശി അജയ്ഘോഷ് എന്നിവരെ ബസ് ജീവനക്കാര്‍ കൂട്ടമായി മര്‍ദിച്ചത്.
ഹരിപ്പാട് വച്ച് കേടായ ബസിനു പകരം ബസ് ഏര്‍പ്പാടാക്കാത്തത് യുവാക്കള്‍ ചോദ്യം ചെയ്തിരുന്നു. ഇവര്‍ ഹരിപ്പാട് പൊലീസില്‍ പരാതിപ്പെട്ടതോടെ പകരം ബസ് എത്തിച്ച് യാത്ര തുടര്‍ന്നു. ഈ ബസ് വൈറ്റിലയിലെ കല്ലട ഓഫീസിനു മുന്നിലെത്തിയപ്പോള്‍ ചോദ്യം ചെയ്യലിന് പ്രതികാരമായി ഒരു സംഘം ആളുകള്‍ ബസില്‍ കയറി യുവാക്കളെ മര്‍ദ്ദിച്ച് റോഡില്‍ തള്ളുകയായിരുന്നു. ക്രൂരമര്‍ദനത്തെ തുടര്‍ന്ന് പരിക്കേറ്റ് സേലത്തെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാക്കളുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു.
അതേസമയം, സംസ്ഥാനത്ത് ഓപ്പറേഷന് നൈറ്റ് റൈഡേഴ്സ് പരിശോധന തുടരുകയാണ്. ശനിയാഴ്ച രാത്രിയില്‍ 168 ദീര്‍ഘദൂര ബസുകള്‍ പോലീസ് പരിശോധിച്ചു. പെര്‍മിറ്റ് ലംഘനം കണ്ടെത്തിയ വാഹനങ്ങളില്‍നിന്നും 5,05,000 രൂപ പിഴ ഈടാക്കി. 120 ബസുകളിലാണ് പെര്‍മിറ്റ് ലംഘനം കണ്ടെത്തിയത്. കല്ലടയുടെ 20 ബസുകള്‍ക്ക് നോട്ടീസ് നല്കി. 43 ട്രാവല്‍ ഏജന്‍സികള്‍ക്ക് നോട്ടീസ് നല്‍കിയതായും മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു.