കണ്ണൂര്‍:
കണ്ണൂരിലെ കള്ളവോട്ട് വിവാദത്തില്‍ തിരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദേശപ്രകാരം കണ്ണൂര്‍ ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി സൂചന. കണ്ണൂര്‍ ജില്ലയിലെ പിലാത്തറ എയുപി സ്‌കൂളിലെ 19-ാം ബൂത്തില്‍ ആണ് ആറ് കള്ളവോട്ടുകള്‍ നടന്നുവെന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ വരണാധികാരിയായ ജില്ലാ കളക്ടറില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയിരുന്നു. റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം രാത്രി തന്നെ കളക്ടര്‍ സമര്‍പ്പിച്ചുവെന്നാണ് വിവരങ്ങള്‍.
കള്ളവോട്ട് നടന്നുവെന്ന് തെളിഞ്ഞ ബൂത്തിലുണ്ടായിരുന്ന പ്രിസൈഡിങ് ഓഫീസര്‍ അടക്കമുള്ള തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസം കളക്ടര്‍ വിളിച്ചുവരുത്തിയിരുന്നു. കള്ളവോട്ടു സംബന്ധിച്ച പുറത്തുവന്ന ദൃശ്യങ്ങള്‍ വ്യാജമല്ലെന്ന് വെബ് ക്യാം ഓപറേറ്റര്‍ കളക്ടര്‍ക്ക് വിശദീകരണം നല്‍കിയെന്നാണ് സൂചന.
കഴിഞ്ഞ ദിവസം 11 മണിയോടെയാണ് കള്ളവോട്ട് നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നത്. എന്നാല്‍ നടന്നത് കള്ളവോട്ടല്ലെന്നും ഓപ്പണ്‍ വോട്ടാണെന്നുമാണ് സി.പി.എം. വാദിക്കുന്നത്. എന്നാല്‍ നടന്നത് ഓപ്പണ്‍ വോട്ടല്ല എന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. ഓപ്പണ്‍ വോട്ട് ചെയ്യുന്നവര്‍ക്ക് വലതുകൈയിലെ ചൂണ്ടുവിരലിലാണ് മഷി പുരട്ടുക. എന്നാല്‍ പുറത്തുവന്ന ദൃശ്യങ്ങളില്‍ എല്ലാവരും ഇടതുകൈയിലാണ് മഷി പുരട്ടുന്നത്. ഇക്കാര്യങ്ങളെല്ലാം പരിശോധിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് കളക്ടര്‍ സമര്‍പ്പിച്ചിരിക്കുന്നതെന്നാണ് വിവരം.