തൃശൂര്‍:
ബാംഗളൂരിലേക്കുള്ള സ്വകാര്യ ബസുകളിലെ അക്രമങ്ങളും അമിത ചാര്‍ജും സംബന്ധിച്ച് പ്രശ്നങ്ങള്‍ ഉണ്ടായതിനെത്തുടര്‍ന്ന് ഞായറാഴ്ചകളില്‍ ബാംഗളൂരിലേക്ക് സ്പെഷ്യല്‍ ട്രെയിന്‍ നാളെ മുതല്‍ ഓടി തുടങ്ങും. കൊച്ചുവേളി-കൃഷ്ണരാജപുരം ട്രെയിനാണ് നാളെ മുതല്‍ ഓടിത്തുടങ്ങുന്നത്.
ട്രെയിന്‍ നാളെ രാവിലെ അഞ്ചിന് കൊച്ചുവേളിയില്‍ നിന്ന് പുറപ്പെടും. 10.42ന് തൃശൂരിലെത്തും. 12 നു പാലക്കാടെത്തും. സ്പെഷല്‍ ട്രെയിനില്‍ സീറ്റുകള്‍ റിസര്‍വ് ചെയ്യാനുള്ള സൗകര്യം ഇന്നു രാവിലെ എട്ടിന് ആരംഭിച്ചു.
സ്വകാര്യ ബസ് സര്‍വീസുകളെ നിയന്ത്രിക്കാനാണ് ഈ നടപടി. മന്ത്രി എ.കെ. ശശീന്ദ്രന്റെ നിര്‍ദ്ദേശ പ്രകാരം ഗതാഗത പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍ റെയില്‍വേ ബോര്‍ഡുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സ്പെഷല്‍ ട്രെയിന്‍ ഓടിക്കാന്‍ തീരുമാനമായത്.
നിലവില്‍ അഞ്ച് ട്രെയിനുകള്‍ കേരളത്തില്‍ നിന്നും ബംഗളൂരുവിലേക്ക് നിത്യേന സര്‍വ്വീസ് നടത്തുന്നുണ്ട്. ഇതു കൂടാതെ പകല്‍ സമയത്ത് ബാംഗ്ലൂര്‍ ഇന്‍റര്‍സിറ്റി എക്സപ്രസ്സും സര്‍വ്വീസ് നടത്തുന്നു. കേരള ആര്‍.ടി.സി- കര്‍ണാടക ആര്‍.ടി.സി, സ്വകാര്യ ബസുകള്‍ എന്നിവയുടെ സര്‍വ്വീസുകള്‍ വേറെ. എന്നിട്ടും കേരളത്തില്‍ നിന്നും ബംഗളൂരുവിലേക്കുള്ള യാത്രാ പ്രശ്നം പരിഹരിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. പ്രതിവാര തീവണ്ടികള്‍ പലതും ദിവസേനയുള്ള സര്‍വ്വീസാക്കി മാറ്റണമെന്ന ആവശ്യം കാലങ്ങളായി റെയില്‍വേക്ക് മുന്നിലുണ്ടെങ്കിലും ഇതേ വരെ അനുകൂലമായ നടപടികളൊന്നുമുണ്ടായിട്ടില്ല.
അതേസമയം കല്ലട ബസില്‍ യാത്രക്കാര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തിനെ തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പ് അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകളില്‍ നടത്തിയ ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്സില്‍ സംസ്ഥാനത്തൊട്ടാകെ 259 ബസ്സുകള്‍ക്കെതിരെ കേസെടുത്തു. 374000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്.
ദീര്‍ഘദൂര സ്വകാര്യ ബസ്സ് സര്‍വീസുകളുടെ നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ മോട്ടോര്‍വാഹന വകുപ്പ് നടത്തുന്ന ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്സ് പരിശോധന തുടരുന്നു. സ്വകാര്യബസുകളിലെ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടുണ്ടോയെന്നും ക്രിമിനല്‍ പശ്ചാത്തലമുള്ള തൊഴിലാളികള്‍ ബസുകളില്‍ ഉണ്ടോയെന്നും പരിശോധിക്കും. തിരുവനന്തപുരത്ത് 20 ബസ്സുകള്‍ക്കെതിരെയും എറണാകുളത്ത് 11 വാഹനങ്ങള്‍ക്കെതിരെയും കേസെടുക്കുകയും 35000 രൂപ പിഴ ഈടാക്കുകയും ചെയ്തു. എല്ലാ ജില്ലകളിലും പ്രത്യേക സംഘങ്ങളായി തിരിഞ്ഞാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധന.
അതേസമയം, അടിക്കടിയുള്ള പരിശോധന ബസ്സ് ജീവനക്കാരെയും വലയ്ക്കുന്നുണ്ട്. തുടര്‍ച്ചയായുള്ള പരിശോധനകള്‍ സര്‍വ്വീസ് നടത്തിപ്പിനെ ഗുരുതരമായി ബാധിക്കുന്നുണ്ടെന്നാണ് ബസ് ഉടമകളും ജീവനക്കാരും പറയുന്നത്. പ്രശ്നം അടിയന്തരമായി ചര്‍ച്ച ചെയ്യാന്‍ ഞായറാഴ്ച ബസുടമകള്‍ യോഗം ചേരും.