തിരുവനന്തപുരം:
മുട്ടത്തുവര്‍ക്കി പുരസ്കാരത്തിന് പ്രമുഖ നോവലിസ്റ്റ് ബെന്യാമിന്‍ അര്‍ഹനായി. 50,000 രൂപയും, സി.പി നായര്‍ രൂപകല്‍പന ചെയ്ത ശില്‍പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. കെ.ആര്‍. മീര, എന്‍ ശശിധരന്‍, പ്രൊഫ. എന്‍.വി. നാരായണന്‍ എന്നിവരടങ്ങിയ ജൂറിയാണ് ഇരുപത്തിയെട്ടാമത് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്.
മുട്ടത്തു വര്‍ക്കിയുടെ ചരമ വാര്‍ഷിക ദിനമായ മെയ് ഇരുപത്തിയെട്ടിനു പന്തളത്ത് ചേരുന്ന സാംസ്കാരിക സമ്മേളനത്തില്‍ ഫൗണ്ടേഷന്‍ ജനറല്‍ കണ്‍വീനര്‍ ശ്രീകുമാരന്‍ തമ്പി പുരസ്കാരം സമ്മാനിക്കും. കഴിഞ്ഞ വർഷം കെ.ആർ. മീരക്കായിരുന്നു പുരസ്കാരം ലഭിച്ചത്.
പത്തനംതിട്ട ജില്ലയിലെ പന്തളത്തിനടുത്ത് കുളനട സ്വദേശിയായ ബെന്യാമിൻ ഇപ്പോള്‍ ബഹ്‌റൈനിലാണ് താമസിക്കുന്നത്. ബെന്നി ഡാനിയേൽ എന്നാണ് യഥാർത്ഥ നാമം. മലയാള സാഹിത്യമേഖലയിലെ പുതിയ തലമുറയിലെ പ്രശസ്ത എഴുത്തുകാരനാണ് ബെന്യാമിന്‍. അദ്ദേഹത്തിന്റെ “ആടു ജീവിതം” എന്ന നോവല്‍ 2009 ലെ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയിട്ടുണ്ട്.