ന്യൂഡല്‍ഹി:
മുന്‍ ക്രിക്കറ്റ് താരവും ഈസ്റ്റ് ദില്ലിയിലെ ബി.ജെ.പി. സ്ഥാനാര്‍ത്ഥിയുമായ ഗൗതം ഗംഭീറിനെതിരെ കേസെടുക്കാന്‍ പോലീസിനോട് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം. അനുമതിയില്ലാതെ തിരഞ്ഞെടുപ്പ് റാലി നടത്തിയതിനെ തുടര്‍ന്നാണ് നടപടി.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് അനുമതി വാങ്ങാതെ ദില്ലിയിലെ ലജ്പത് നഗറില്‍ ഗംഭീര്‍ റാലിയും യോഗവും സംഘടിപ്പിച്ചതായി പരാതി ഉയര്‍ന്നിരുന്നു. പരാതിയില്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് പോലീസ് അധികൃതര്‍ വ്യക്തമാക്കി. ഡല്‍ഹി ജംഗ്പുരയില്‍ ഈ മാസം 25 നാണ് ഗംഭീര്‍ മുന്‍കൂര്‍ അനുമതി തേടാതെ റാലി സംഘടിപ്പിച്ചത്.
കഴിഞ്ഞ മാസമാണ് ഗൗതം ഗംഭീര്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. രാഷ്ട്രീയ പ്രവേശനത്തിന് പിന്നാലെ വിവാദങ്ങളും താരത്തെ പിന്തുടരുകയാണ്. ഗൗതം ഗംഭീറിന് രണ്ട് വോട്ടര്‍ ഐഡി കാര്‍ഡ് ഉണ്ടെന്നാരോപിച്ച് ഈസ്റ്റ് ദില്ലിയിലെ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി അതിഷീ ഗംഭീറിനെതിരെ പരാതി നല്‍കിയിരുന്നു.
ദില്ലിയിലെ കരോള്‍ ബാഗിലും രജാന്ദര്‍ നഗറിലും വോട്ടര്‍ പട്ടികയില്‍ ഗംഭീറിന്റെ പേരുണ്ടെന്നാണ് അതീഷി ആരോപിക്കുന്നത്. ഇവ രണ്ടും സെന്ട്രല്‍ ദില്ലി ലോക്സഭാ മണ്ഡലത്തില്‍ വരുന്ന നിയോജക മണ്ഡലങ്ങളാണ്. മെയ് ഒന്നിന് ഈ പരാതിയില്‍ കോടതി വാദം കേള്‍ക്കും. മെയ് 12നാണ് ദില്ലിയിലെ എഴ് മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പ് നടക്കുന്നത്.