അഗര്‍ത്തല:
ത്രിപുര മുഖ്യമന്ത്രിയും ബി.ജെ.പി. നേതാവുമായ ബിപ്ലബ് കുമാര്‍ ദേബിനെതിരെ ഗാര്‍ഹിക പീഡന പരാതിയുമായി ഭാര്യ. ഗാര്‍ഹിക പീഡനത്തിന് ഇരയാകുന്നതായി കാണിച്ച് ബിപ്ലബ് കുമാറിന്‍റെ ഭാര്യ നീതിയാണ് ദില്ലിയിലെ തീസ് ഹസാരി കോടതിയില്‍ വിവാഹമോചന ഹര്‍ജി നല്‍കിയിരിക്കുന്നത്. ഇരുവര്‍ക്കും ഒരു മകനും മകളുമാണ്. അതേസമയം വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പ്രതികരണമൊന്നും വന്നിട്ടില്ല
സി.പി.എം. ഭരണത്തെ താഴെയിറക്കി 2018ലാണ് ബി.ജെ.പി. തൃപുരയില്‍ അധികാരത്തിലെത്തുന്നത്. തുടര്‍ന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ബിപ്ലബ് കുമാര്‍ ദേബ് നടത്തിയ നിരവധി പ്രസ്താവനകള്‍ വിവാദമായി മാറിയിരുന്നു.
ഡയാന ഹെയ്ഡന് ലോകസുന്ദരി പട്ടം കിട്ടിയതിന് പിന്നില്‍ അന്താരാഷ്ട്ര ഫാഷന്‍ മാഫിയയാണെന്നുള്ള പരാമര്‍ശമായിരുന്നു അതിലൊന്ന്. ഇന്ത്യന്‍ സുന്ദരിമാര്‍ക്ക് ഐശ്വര്യത്തിന്‍റെയും അറിവിന്‍റെയും ദേവതമാരായ ലക്ഷ്മി ദേവിയുടെയും സരസ്വതി ദേവിയുടേയും സവിശേഷതകള്‍ വേണം. ഡയാനയ്ക്ക് അതില്ലെന്നാണ് അന്ന് ബിപ്ലബ് ദേബ് പറഞ്ഞത്. പ്രസ്താവന വിവാദമായതിനെ തുടര്‍ന്ന് ബിപ്ലബ് കുമാര്‍ മാപ്പ് പറഞ്ഞിരുന്നു. സിവിൽ എൻജിനിയർമാരാണ‌് സിവിൽ സർവീസിന‌് ഏറ്റവും യോഗ്യരെന്നായിരുന്നു ബിപ്ലവ‌് ദേവിന്റെ മറ്റൊരു കണ്ടുപിടിത്തം. സർക്കാർ ജോലിക്കുവേണ്ടി രാഷ‌്ട്രീയ പാർടികൾക്ക‌് പുറകെ നടക്കാതെ പശുവിനെ കറക്കുകയോ മുറുക്കാൻകട തുടങ്ങുകയോ ചെയ്യൂ എന്നാണ‌് മറ്റൊരു ഉപദേശം.
താറാവുകള്‍ വെളളത്തില്‍ സഞ്ചരിക്കുമ്പോള്‍ വെള്ളത്തിലെ ഓക്‌സിജന്റെ അളവ് വര്‍ധിക്കുമെന്നായിരുന്നു ബിപ്ലബ് ദേബിന്റെ മറ്റൊരു പ്രസ്താവന. ഇതുമാത്രമല്ല, താറാവുകൾ വെള്ളത്തിൽ സഞ്ചരിക്കുമ്പോൾ ജലം പുനചംക്രമണം ചെയ്യപ്പെടുന്നതിലൂടെ ജലാശയങ്ങളില്‍ മത്സ്യസമ്പത്ത് പെരുകുമെന്നും അദ്ദേഹം കണ്ടെത്തുന്നു. ഇത്തരത്തില്‍ പ്രസ്താവനകള്‍ കൊണ്ട് വിവാദത്തിലായ ബി.ജെ.പി നേതാവാണ് ഇപ്പോള്‍ ഭാര്യയുടെ ഗാര്‍ഹിക പീഡന പരാതിയില്‍ പെട്ടിരിക്കുന്നത്.