ദുബായ്:
ഈസ്റ്റര്‍ ദിനത്തില്‍ ഭീകരാക്രമണം നേരിടേണ്ടി വന്ന ലങ്കന്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യുഎഇ. സ്‌നേഹത്തിന്റേയും സഹാനുഭൂതിയുടേയും മറ്റൊരു പര്യായമായി യുഎഇ ലോകത്തെ ഏറ്റവും ഉയരമേറിയ കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ ലങ്കന്‍ പതാക തെളിയിച്ചു.
സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും ലോകത്തിനായി ഒന്നിച്ചു നില്‍ക്കാം എന്ന സന്ദേശം കുറിച്ചാണ് ലങ്കയോടൊപ്പമാണ് തങ്ങളെന്ന് യുഎഇ ആവര്‍ത്തിച്ചത്. കഴിഞ്ഞ ദിവസം അബുദാബിയില്‍ പ്രസിഡന്‍ഷ്യല്‍ പാലസ്, അബുദാബി നാഷണല്‍ ഓയില്‍ കമ്പനി ആസ്ഥാനം എന്നിവയും ലങ്കന്‍ പതാകയുടെ നിറങ്ങളുള്ള പ്രകാശങ്ങള്‍ തെളിച്ചിരുന്നു.
യുഎഇ വൈസ് പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തൂമും അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാനുമാണ് അതിക്രമത്തെ അപലപിച്ച് ആദ്യം രംഗത്തു വന്ന ലോകനേതാക്കള്‍.
നേരത്തെ ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജെസീന്താ ആര്‍ഡന്റെ ചിത്രവും ബുര്‍ജ് ഖലീഫയില്‍ തെളിയിച്ചിരുന്നു.
അതേസമയം ശ്രീലങ്കയില്‍ പലയിടത്തായി സ്‌ഫോടനങ്ങള്‍ നടന്നതിന് പിന്നാലെ തങ്ങള്‍ തേടുന്ന പ്രതികളുടെ ചിത്രങ്ങള്‍ എന്നാ രീതിയില്‍ ശ്രീലങ്ക പോലീസ് പുറത്തുവിട്ട ചിത്രത്തില്‍ ഒരെണ്ണം ആള് മാറിയ സംഭവം പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കി. ഫാത്തിമ ഖാദിയ എന്ന പേരില്‍ പിടികിട്ടാപ്പുള്ളിയായ ഭീകരവാദിയുടെ ചിത്രം എന്ന രീതിയില്‍ പുറത്ത് വിട്ടത് അമാറ മജീദ് എന്ന അമേരിക്ക കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഒരു മനുഷ്യാവകാശ പ്രവര്‍ത്തകയുടെ ചിത്രമായിരുന്നു.
അവരുടെ ചിത്രങ്ങള്‍ പൊലീസിന്റെ നോട്ടീസില്‍ കണ്ടമ്പരന്ന അമാറയുടെ ശ്രീലങ്കന്‍ സുഹൃത്തുക്കള്‍ പലരും അവരെ വിവരമറിയിച്ചതോടെ അവര്‍ പ്രതിഷേധവുമായി ട്വിറ്ററിലൂടെ രംഗത്തെത്തി. അപ്പോഴാണ് ശ്രീലങ്കന്‍ പൊലീസിന് തങ്ങള്‍ക്കു പിണഞ്ഞ അമളി ബോധ്യപ്പെടുന്നതും അവര്‍ ആ ഫോട്ടോയും അറിയിപ്പും പിന്‍വലിച്ച് തിരുത്ത് പോസ്റ്റ് ചെയ്യുന്നതും. ശ്രീലങ്കന്‍ പൊലീസ് ഈ അബദ്ധത്തില്‍ പരസ്യമായി മാപ്പു പറയുകയും മാറ്റിയ ചിത്രവുമായി പുതിയ നോട്ടീസ് പുറത്തിറക്കുകയും ചെയ്തിട്ടുണ്ട്.
നാലു പുരുഷന്മാരും മൂന്ന് സ്ത്രീകളുമടക്കം ഏഴുപേരെയാണ് പൊലീസ് തിരഞ്ഞുകൊണ്ടിരിക്കുന്നത്. അവര്‍ക്കായി ശ്രീലങ്കയില്‍ കര്‍ശനമായ പരിശോധനകള്‍ നടന്നുകൊണ്ടിരിക്കുകയാണ്.