Mon. Dec 23rd, 2024
ന്യൂഡല്‍ഹി:

പെപ്സിയുടെ ബ്രാന്‍ഡ് ഉല്‍പ്പന്നമായ ലെയ്സ് നിര്‍മ്മിക്കാനുപയോഗിക്കുന്ന ഉരുളക്കിഴങ്ങ് കൃഷി ചെയ്തതിന്‍റെ പേരില്‍ കര്‍ഷകരെ കോടതി കയറ്റിയ പെപ്‌സികോയ്ക്കും ലെയ്‌സിനുമെതിരെ പ്രതിഷേധം ശക്തമാകുന്നു. ലെയ്‌സില്‍ ഉപയോഗിക്കുന്ന തരം ഉരുളകിഴങ്ങ് കൃഷി ചെയ്ത ഗുജറാത്തിലെ കര്‍ഷകര്‍ ഒരു കോടി രൂപ നഷ്ട പരിഹാരം നല്‍കണമെന്നാണ് പെപ്‌സിക്കോ കോടതിയില്‍ ആവശ്യപ്പെട്ടത്. ഇതേ തുടര്‍ന്ന് കര്‍ഷകരുടെ കോള്‍ഡ് സ്റ്റോറേജുകളില്‍ പരിശോധന നടത്താന്‍ അഹമദാബാദ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന സാമുഹ്യ പ്രവര്‍ത്തകരുടെ സംഘം കത്തയച്ചെങ്കിലും കൃഷി മന്ത്രാലയം അവഗണിക്കുകയാണുണ്ടായത് .

ലെയ്‌സ് നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന എഫ് സി5 എന്ന വിഭാഗത്തിലെ ഉരുളകിഴങ്ങ് കൃഷി ചെയ്ത 9 കര്‍ഷകര്‍ക്കെതിരെയാണ് ബഹുരാഷ്ട്ര കമ്പനിയായ പെപ്‌സികോ നിയമയുദ്ധം തുടങ്ങിയിരിക്കുന്നത്. ഗുജറാത്തിലെ സബര്‍കന്ദ,ആരവല്ലി ജില്ലകളില്‍ ഉള്‍പ്പെട്ട കര്‍ഷകര്‍ 1.5 കോടി രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്നും ലെയ്‌സിന്റെ നിര്‍മ്മാതാക്കളായ പെപ്‌സിക്കോ നല്‍കിയ ഹര്‍ജിയില്‍ ആവിശ്യപ്പെടുന്നു. ഹര്‍ജി പരിഗണിച്ച അഹമ്മദാബാദിലെ കൊമേഴ്‌സ്യല്‍ കോടതി കര്‍ഷകര്‍ ഉരുളകിഴങ്ങ് കൃഷി ചെയ്യുന്നതും വില്‍ക്കുന്നതും താത്കാലികമായി തടഞ്ഞു.

ഉരുളകിഴങ്ങ് കോള്‍ഡ് സ്റ്റോറേജുകളില്‍ സംഭരിച്ചിട്ടുണ്ടെന്ന് പെപ്‌സികോയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ജില്ലകളിലെ സംഭരണശാലകളില്‍ പരിശോധന നടത്താന്‍ അഹമദാബാദ് ഹൈക്കോടതിയും ഉത്തരവിട്ടു. വിള വകഭേദങളും കര്‍ഷകരുടെ അവകാശങ്ങളും സംരക്ഷിക്കാനുള്ള നിയമത്തിന്റെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായ കേസാണ് പെപ്‌സികോ കര്‍ഷകര്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്നതെന്ന് അഖിലേന്ത്യ കിസാല്‍ സഭ ചൂണ്ടികാട്ടി. കേസ് പിന്‍വലിക്കാന്‍ പെപ്‌സിക്കോ കമ്പനി തയ്യാറാകുന്നത് വരെ ലെയ്‌സ് ഉല്‍പ്പനങ്ങള്‍ ബഹിഷ്‌കരിക്കാന്‍ കിസാല്‍ സഭ അഹ്വാനം ചെയ്തു. കോടതി കയറിയ കര്‍ഷകര്‍ എല്ലാം നാല് ഏക്കറില്‍ താഴെ മാത്രം കൃഷി ചെയ്യുന്ന സാധാരണക്കാരാണ്.

കോര്‍പറേറ്റുകള്‍ക്ക് മാത്രം അനുകൂലമായ പേറ്റന്റ് നിയമങ്ങള്‍ കര്‍ഷകരുടെ ജീവിക്കാനുള്ള അവകാശം ഹനിക്കുന്നതാണന്ന് കര്‍ഷക സംഘടന പ്രതിനിധികള്‍ ചൂണ്ടികാട്ടുന്നു. കര്‍ഷകരെ സഹായിക്കണമെന്ന് ആവിശ്യപ്പെട്ട് 194 സനദ്ധ സംഘടന പ്രവര്‍ത്തകര്‍ ഒപ്പിട്ട ഭീമഹര്‍ജി കൃഷിമന്ത്രാലയത്തിന് നല്‍കി. പക്ഷെ കൃഷിമന്ത്രാലം ഇത് വരെ വിഷയത്തില്‍ ഇടപെട്ടിട്ടില്ല. സോഷ്യല്‍ മീഡിയയിലും ഇക്കാര്യത്തില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. ഇക്കാര്യത്തിലുള്ള തങ്ങളുടെ പ്രതിഷേധം അറിയിച്ച് കര്‍ഷകര്‍ക്ക് പിന്തുണ അറിയിച്ച് നൂറു കണക്കിന് പേരാണ് ലെയ്സിന്റെ ഫേസ്ബുക്ക് പേജില്‍ റിവ്യൂ ചെയ്തിരിക്കുന്നത്. ലെയ്സ് ബഹിഷ്കരിക്കാന്‍ ആവശ്യപ്പെട്ടുള്ള സംഘടിത പ്രചാരണങ്ങളും ശക്തമായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *