ന്യൂഡല്‍ഹി:
ട്വിറ്റര്‍ ഇന്ത്യയുടെ പുതിയ മാനേജിംഗ് ഡയറക്ടറായി മനീഷ് മഹേശ്വരിയെ നിയമിച്ചു. രാജ്യത്ത് ഉപഭോക്തക്കള്‍ക്കനുസരിച്ചുളള വരുമാനം ഉയര്‍ത്തുക എന്നതാണ് മനീഷിന്റെ പ്രധാന ചുമതല. ട്വിറ്ററിന്റെ പ്രധാന മാർക്കറ്റുകളിലൊന്നായ ഇന്ത്യയിൽ ഉപയോക്താക്കൾ അനുസരിച്ചുള്ള വരുമാനം ഉയർത്തുകയാണ് മനീഷിന്റെ ചുമതലയെന്ന് ട്വിറ്റർ വൈസ് പ്രസിഡന്റ് മായാ ഹരി അറിയിച്ചു.
കഴിഞ്ഞ സെപ്തംബറില്‍ തരന്‍ജിത് സിംഗ് ട്വിറ്റര്‍ ഇന്ത്യ എംഡി സ്ഥാനം ഒഴിഞ്ഞ ശേഷം ബാലാജി കൃഷ് താല്‍ക്കാലിക ചുമതലയേറ്റെടുത്തിരുന്നു. തുടര്‍ന്നാണ് മനീഷ് മഹേശ്വരിയെ മാനേജിംഗ് ഡയറക്ടറായി നിയമിക്കുന്നത്. മനീഷ് സ്ഥാനമേല്‍ക്കുന്നതോടെ ട്വിറ്ററിന്റെ സാന്‍ ഫ്രാന്‍സിസ്കോയിലേക്ക് ബാലാജി മാറും. ട്വിറ്ററിന്റെ റവന്യൂ സ്ട്രാറ്റജി ആന്‍ഡ് ഓപ്പറേഷന്‍സ് ഗ്ലോബല്‍ ഹെഡ്ഡായാണ് ബാലാജി ചുമതലയേല്‍ക്കുക.
മാധ്യമ, സാങ്കേതിക രംഗങ്ങളില്‍ മനീഷിന് 20 വര്‍ഷത്തെ പരിചയ സമ്പത്തുണ്ട്. ഇത് ട്വിറ്ററിന് ഏറെ ഗുണം ചെയ്യുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. നെറ്റ്വർക്ക് 18 ഡിജിറ്റലിന്റെ സിഇഒ ആയിരിക്കെയാണ് മനീഷ് ട്വിറ്ററിലേക്കെത്തുന്നത്. ഈ മാസം 29ന് അദ്ദേഹം ട്വിറ്റർ ഇന്ത്യയിലെ ചുമതലയേൽക്കും. ഡല്‍ഹിയായിരിക്കും മനീഷിന്റെ ആസ്ഥാനം. ഫ്ളിപ്പ്കാര്‍ട്ട് അടക്കമുള്ള സ്ഥാപനങ്ങളിലും മനീഷ് ജോലി ചെയ്തിട്ടുണ്ട്.
എട്ടുമാസം മുന്‍പ് സ്ഥാനമൊഴിഞ്ഞ തരണ്‍ജീത് സിങ് സീ ഗ്രൂപ്പിന്റെ വീഡിയോ സ്ട്രീമിങ്ങിന്റെ സേവനമായ സീ ഫൈവിന്റെ ചീഫ് റവന്യൂ ഓഫീസറാണിപ്പോള്‍.