തിരുവനന്തപുരം:
അന്തര്‍ സംസ്ഥാന ബസുകളില്‍ ജൂണ്‍ ഒന്ന് മുതല്‍ ജിപിഎസ് നിര്‍ബന്ധമാക്കുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍. അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്ന ബസുകളുടെ ലൈസന്‍സ് വ്യവസ്ഥകളും കര്‍ശനമാക്കും. ബസുകളില്‍ സ്പീഡ് ഗവര്‍ണര്‍ സ്ഥാപിക്കുന്നത് നിര്‍ബന്ധമാക്കുമെന്നും ഗതാഗത മന്ത്രി വ്യക്തമാക്കി. കല്ലട ബസ് ജീവനക്കാര്‍ യാത്രക്കാരെ മര്‍ദിച്ച സംഭവവുമായി ബന്ധപ്പെട്ട് ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. സ്വകാര്യ ബസുകള്‍ നടത്തുന്ന നിയമലംഘനവും നികുതി വെട്ടിപ്പും കണ്ടുപിടിക്കാന്‍ പൊലീസിന്‍റെയും നികുതി വകുപ്പിന്‍റെയും സഹായം തേടുമെന്നും മന്ത്രി വ്യക്‌തമാക്കി.
കേരളത്തിലേക്ക് വരുന്ന വാഹനങ്ങളില്‍ സ്പീഡ് ഗവര്‍ണര്‍ ഘടിപ്പിച്ചില്ലെങ്കില്‍ നിയമലംഘനമായി കണക്കാക്കും. കോണ്‍ട്രാക്‌ട് ക്യാരേജുകള്‍ അമിത നിരക്ക് ഈടാക്കുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കും. ഇതിനായി ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ അധ്യക്ഷനായ ഫെയര്‍സ്റ്റേജ് നിര്‍ണയ കമ്മിറ്റിയെ ചുമതലപ്പെടുത്തും. കോണ്‍ട്രാക്‌ട് ക്യാരേജുകളുടെ നിരക്ക് നിശ്ചയിക്കാന്‍ സാധിക്കുമോ, ഏത് വിധത്തില്‍ നിരക്ക് നിശ്ചയിക്കാന്‍ സാധിക്കും, കൂടിയ നിരക്കും കുറഞ്ഞ നിരക്കും എത്ര എന്നീ കാര്യങ്ങള്‍ പഠിച്ച് ഫെയര്‍സ്റ്റേജ് നിര്‍ണയ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം യാത്രക്കിടയിലെ പ്രശ്‍നങ്ങള്‍ അടിയന്തിരമായി പൊലീസിനെ അറിയിക്കാന്‍ സഹായിക്കുന്ന മൊബൈല്‍ ആപ്പുമായി പൊലീസ് രംഗത്ത് വന്നു. ‘ക്യുകോപ്പി’ (Qkopy) എന്നാണ് പൊലീസിന്‍റെ ഈ ആപ്പിന്‍റെ പേര്. പോലീസില്‍ അറിയിക്കണം എന്ന് തോന്നുന്ന രഹസ്യ സ്വഭാവമുള്ളതും അല്ലാത്തതുമായ വിവരങ്ങള്‍ പോലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നതിന് ഈ ആപ്പ് സഹായിക്കും. യാത്രാവേളകളില്‍ ഉണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കുന്നതിനും പോലീസിന്റെ അടിയന്തര സഹായത്തിനും പോലീസിന് ജനങ്ങളിലേക്ക് എത്തിക്കേണ്ട നിര്‍ദേശങ്ങള്‍ വേഗത്തില്‍ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുന്നതിനും ആപ്പ് ഉപയോഗിക്കാം.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഏറെ പ്രയോജനപ്പെടുന്നതാണ് ഈ ആപ്. ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും യാത്രാവേളയില്‍ അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്നങ്ങള്‍ പോലീസില്‍ അറിയിക്കാന്‍ ആപ്പ് പ്രയോജനകരമായിരിക്കുമെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ എസ്. സുരേന്ദ്രന്‍ പറഞ്ഞു. യാത്ര ചെയ്യുന്ന വാഹനത്തിന്റെ നമ്പറും ലൊക്കേഷന്‍ അടക്കമുള്ള വിവരങ്ങളും ഉടനടി ആപ്പ് വഴി പോലീസില്‍ എത്തിക്കാന്‍ സാധിക്കും.
കൊച്ചിയിലെ ഗതാഗതക്കുരുക്ക് തത്സമയം അറിയാനുള്ള സംവിധാനവും ഈ ആപ്പിലുണ്ട്. കൊച്ചി സിറ്റിപൊലീസിന്‍റെ അലര്‍ട്ട് നമ്ബറായ 94979155555 സേവ് ചെയ്‍ത ശേഷം പ്ലേ സ്റ്റോറില്‍ നിന്നും ആപ്പ് ഡൗണ്‍ ലോഡ് ചെയ്യാം. ക്യൂആര്‍ കോഡ് ഉപയോഗിച്ചും ആപ്പില്‍ പ്രവേശിക്കാം . കേരള സ്റ്റാര്‍ട്ടപ്പ് മിഷനിലെ സ്റ്റാര്‍ട്ടപ്പ് ആയ ക്യുകോപ്പി ഓണ്‍ലൈന്‍ സര്‍വീസുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.