കൊല്‍ക്കത്ത:
മൂന്നാംഘട്ട വോട്ടെടുപ്പിനിടെ പശ്ചിമബംഗാളില്‍ വ്യാപക സംഘര്‍ഷം. മൂര്‍ഷിദാബാദില്‍ കോണ്‍ഗ്രസ്-തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസ് പ്രവര്ത്തകന് കൊല്ലപ്പെട്ടു. സംഘര്‍ഷങ്ങളില്‍ 7 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
അതേസമയം ഉത്തര്‍പ്രദേശില്‍ വോട്ടിംഗിനിടെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ ബി.ജെ.പി പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിച്ച് അവശനാക്കി. ഉത്തര്‍പ്രദേശിലെ മൊറാദാബാദിലെ ബിലാരി ബൂത്തിലാണ് സംഭവം. പോലീസ് ഇടപെട്ടാണ് ഒടുവില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ അക്രമത്തില്‍ നിന്നും രക്ഷിച്ചത്. വോട്ടെടുപ്പ് നടക്കുന്ന പല കേന്ദ്രങ്ങളിലും വ്യാപകമായി അക്രമങ്ങള്‍ നടക്കുന്നതായുള്ള പരാതി ഉയര്‍ന്നിട്ടുണ്ട്.
അതിനിടെ സംസ്ഥാനത്ത് രണ്ടിടത്തായി വോട്ടിംഗിനിടെ എട്ട് പേര്‍ കുഴഞ്ഞുവീണു മരിച്ചു. കണ്ണൂരിലും പത്തനംതിട്ടയിലും കൊല്ലത്തും വോട്ട് ചെയ്യാനെത്തിയവരാണ് ബൂത്തില്‍ വരിനില്‍ക്കുന്നതിനിടെ കുഴഞ്ഞു വീണ് മരിച്ചത്.
മൂന്നാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ മികച്ച പോളിങ്ങാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പശ്ചിമ ബംഗാളില്‍ 52 ശതമാനം പോളിങ് രേഖപ്പെടുത്തിയപ്പോള്‍ അസമില്‍ 46 ശതമാനവും ഛത്തീസ്ഗഡില്‍ 42 ശതമാനവും ഗോവയില്‍ 45 ശതമാനവും ത്രിപുരയില്‍ 44 ശതമാനവുമാണ് യഥാക്രമം പോളിങ്. മറ്റു സംസ്ഥാനങ്ങളിലെ ഉച്ചവരെയുളള കണക്കാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അതേസമയം മോദിയുടെ നാടായ ഗുജറാത്തില്‍ ഉച്ചവരെ 39 ശതമാനം പോളിങ് മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.