Fri. Nov 22nd, 2024
ന്യൂഡല്‍ഹി:

ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിനെതിരെയുള്ള പോരാട്ടം കടുപ്പിച്ച് സമാജ് വാദി പാര്‍ട്ടി. വാരണാസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കുന്ന കാര്യം കോണ്‍ഗ്രസ് അടുത്ത ദിവസം പ്രഖ്യാപിക്കാനിരിക്കെ, മണ്ഡലത്തില്‍ പ്രതിപക്ഷത്തിന് സംയുക്ത സ്ഥാനാര്‍ത്ഥിയില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അഖിലേഷ് യാദവ്. മോദിക്കെതിരെ വന്‍ നീക്കങ്ങളുമായി മുന്നേറിയ കോണ്‍ഗ്രസിനെ ഇതോടെ തുറന്ന് വെല്ലുവിളിച്ചിരിക്കുകയാണ്  അഖിലേഷ്.

അതേസമയം മായാവതിയും ഈ നീക്കത്തെ പിന്തുണയ്ക്കുന്നുണ്ട്. ശക്തമായ ത്രികോണ പോരാട്ടത്തിനാണ് വാരണാസി ഇതോടെ കളമൊരുങ്ങുന്നത്. പ്രമുഖ മഠാധിപന്‍മാര്‍ പിന്തുണയ്ക്കുന്ന സ്ഥാനാര്‍ത്ഥിയും ഇവിടെ മത്സരിക്കുന്നുണ്ട്. ഇതോടെ കഴിഞ്ഞ തവണത്തെ പോലെ വന്‍ ഭൂരിപക്ഷം നരേന്ദ്ര മോദിക്ക് ഇത്തവണ ലഭിക്കില്ലെന്ന സൂചനയാണ് ലഭിക്കുന്നത്.

സമാജ് വാദി പാര്‍ട്ടിയും ബിഎസ്പിയും ആര്‍എല്‍ഡിയും ചേര്‍ന്ന സഖ്യം കോണ്‍ഗ്രസുമായി ചേര്‍ന്ന് വാരണാസിയില്‍ പൊതുസമ്മതനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ എസ്പി ഈ നീക്കങ്ങളെ പൊളിച്ചിരിക്കുകയാണ്. ഇവിടെ ശാലിനി യാദവിനെയാണ് എസ്പി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്. ശാലിനി യാദവ് മുന്‍ രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ ശ്യാംലാല്‍ യാദവിന്റെ മകളാണ്.

കോണ്‍ഗ്രസ് നരേന്ദ്ര മോദിക്കെതിരെയുള്ള തുറുപ്പുച്ചീട്ടായി കണ്ടിരുന്നത് പ്രിയങ്ക ഗാന്ധിയെയായിരുന്നു. വാരണാസിയില്‍ അവര്‍ മത്സരിക്കുമെന്ന അഭ്യൂഹം ശക്തമാണ്. കഴിഞ്ഞ ദിവസം വയനാട്ടില്‍ എത്തിയപ്പോഴും താന്‍ വാരണാസിയില്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് അവര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതിന് രാഹുല്‍ അനുവാദം നല്‍കണമെന്നായിരുന്നു പ്രിയങ്കയുടെ ആവശ്യം രണ്ട് ദിവസത്തിനുള്ളില്‍ ഈ തീരുമാനം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പ്രിയങ്ക മത്സരിക്കുമെന്ന കാര്യം ഏറെ കുറെ ഉറപ്പാണ്. രാഹുലും സോണിയാ ഗാന്ധിയുമാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത്. അതേസമയം നരേന്ദ്ര മോദി ഇത്തവണ സ്വന്തം മണ്ഡലത്തില്‍ കഠിനമായ പോരാട്ടം നേരിടേണ്ടി വരുമെന്നാണ് വ്യക്തമാകുന്നത്. മുന്നോക്ക വോട്ടുകളും മുസ്ലീം വോട്ടുകളും പ്രിയങ്കയ്ക്ക് ലഭിക്കും. കഴിഞ്ഞ തവണ മോദിയെ വിജയിപ്പിച്ചത് ഈ വോട്ടുകളാണ്. കഴിഞ്ഞ തവണ അരവിന്ദ് കെജ്രിവാളിന് രണ്ട് ലക്ഷം വോട്ടുകള്‍ ലഭിച്ചിരുന്നു. പ്രിയങ്കയ്ക്ക് അതിലേറെ സ്വാധീനം വാരണാസിയില്‍ ഉണ്ട്. നിലവില്‍ വന്‍ പ്രചാരണമാണ് പ്രിയങ്ക വാരണാസിയില്‍ നടത്തുന്നത്. ബോട്ടുയാത്രയൊക്കെ വലിയ ചലനം ഉണ്ടാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *