തൊടുപുഴ:
കൃത്യമായ കാരണം ഇല്ലാതെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ഹാജരാകാതിരുന്ന നാല് ഉദ്യോഗസ്ഥരെ പൊലീസ് അറസ്റ്റു ചെയ്തു. തൊടുപുഴയിലെ ബാങ്ക് ജീവനക്കാരനായ ബെന്നി അഗസ്റ്റിന്‍, ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസിലെ എലിസബത്ത്, ഇടുക്കി അസി. ടൗണ്‍ പ്ലാനര്‍ കെന്നഡി, എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ദേവികുളം സബ് കളക്ടര്‍ ഡോക്ടര്‍ രേണു രാജിന്റെ നിര്‍ദ്ദേശ പ്രകാരമാണ് നടപടി. അറസ്റ്റിലായ ഉദ്യോഗസ്ഥര്‍ക്ക് പകരം ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയമിക്കുകയും ചെയ്തു.
പീരുമേട് നിയോജക മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ തമ്പിരാജിനെ സസ്‌പെന്‍ഡ് ചെയ്തു.
2.61 കോടി വോട്ടര്‍മാര്‍ ഇന്ന് വിധിയെഴുതും. ഇരുപത് മണ്ഡലങ്ങളിലായി 24,970 പോളിങ് സ്‌റ്റേഷനുകളാണ് സംസ്ഥാനത്തുള്ളത്. 261,51,534 വോട്ടര്‍മാരാണ് ഇത്തവണയുള്ളത്. ഇതില്‍ 1,34,66,521 പേര്‍ സ്ത്രീ വോട്ടര്‍മാരും, 1,26,84,839 പുരുഷ വോട്ടര്‍മാരുമുണ്ട്. 174 ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാര്‍ ഇത്തവണ സമ്മതിദാനാവകാശം നിര്‍വ്വഹിക്കും. 2,88,191 പേല്‍ കന്നിവോട്ടര്‍മാരാണ്. പ്രശ്‌നസാധ്യതയുള്ള 3621 പോളിങ് ബൂത്തുകളില്‍ വെബ് കാസ്റ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാവിലെ ഏഴ് മണിക്ക് പോളിംഗ് തുടങ്ങി. വൈകിട്ട് ആറു മണിക്ക്
പോളിംഗ് അവസാനിക്കും.
വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡടക്കം ഫോട്ടോ പതിച്ച 12 തിരിച്ചറിയല്‍ രേഖകളിലൊന്നോ ഹാജരാക്കിയാല്‍ വോട്ട് ചെയ്യാം. വോട്ടെണ്ണല്‍ മെയ് 23ന് നടക്കും. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 73.79 ശതമാനം ആയിരുന്നു പോളിങ്. മരിച്ചവരുടെ പേരുകളും ഇരട്ടിപ്പുകളും വോട്ടര്‍ പട്ടികയില്‍ നിന്നു പരമാവധി ഒഴിവാക്കിയ ശേഷം നടന്ന 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 77.10 ശതമാനം ആയിരുന്നു പോളിങ്. പോസ്റ്റല്‍ വോട്ട് കൂട്ടാതെയുള്ള കണക്കുകളാണിത്. ഇക്കുറി ഇതും മറികടക്കുമെന്നാണു വിലയിരുത്തല്‍.
സമ്പൂർണ്ണമായും ഹരിതചട്ടം പാലിച്ചുകൊണ്ടാണ് ഇന്ന് സംസ്ഥാനത്ത് പൊതുതിരഞ്ഞെടുപ്പ് നടക്കുന്നത്. സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദ്ദേശാനുസരണം ഹരിതകേരളം മിഷന്റെയും ശുചിത്വമിഷന്റെയും നേതൃത്വത്തിലാണ് ഇതിനുവേണ്ട ഒരുക്കങ്ങള്‍ നടത്തിയത്. എല്ലാ ബൂത്തുകളിലും ഹരിതചട്ടം പാലിച്ചുകൊണ്ട് തിരഞ്ഞെടുപ്പ് നടത്താനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇത് ഉറപ്പ് വരുത്താന്‍ നിരീക്ഷണം നടത്തും. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്ലാസ്റ്റിക്കും ഡിസ്‌പോസബിള്‍ വസ്തുക്കളും പൂര്‍ണ്ണമായും ഒഴിവാക്കണമെന്ന് കര്‍ശന നിര്‍ദ്ദേശമുണ്ട്. പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ് ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയ്യാതിരിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. ഹരിതചട്ടപാലനം തിരഞ്ഞെടുപ്പില്‍ ഉറപ്പുവരുത്താനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് പരിശീലനവും സംസ്ഥാനമൊട്ടാകെ വിപുലമായ ബോധവത്കരണ പരിപാടികളും സംഘടിപ്പിച്ചിരുന്നു.