തിരുവനന്തപുരം:
പതിനേഴാം ലോക്സഭയിലേക്കുള്ള മൂന്നാം ഘട്ട വോട്ടെടുപ്പ് അവസാനഘട്ടത്തിലേക്ക്. 13 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 117 മണ്ഡലങ്ങളാണ് വിധിയെഴുതുന്നത്. സംസ്ഥാനത്ത് മികച്ച പോളിംഗാണ് രേഖപ്പെടുത്തുന്നത്. കണ്ണൂര്‍ ജില്ലയാണ് പോളിംഗ് ശതമാനത്തില്‍ മുമ്പില്‍. രാവിലെ മുതല്‍ പോളിംഗ് ബൂത്തുകള്‍ക്ക് മുമ്പില്‍ വോട്ടര്‍മാരുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. തികഞ്ഞ വിജയപ്രതീക്ഷയിലാണ് മൂന്ന് മുന്നണികളും.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍തിത്ഥ്വം വഴി ദേശീയ ശ്രദ്ധയാകര്‍ഷിച്ച വയനാട്ടിലും കനത്ത പോളിംഗ് രേഖപ്പെടുത്തി. കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടയിലെ ഏറ്റവും മികച്ച പോളിംഗാണ് ഉച്ചവരെ വയനാട് സീറ്റില്‍ രേഖപ്പെടുത്തിയതെന്ന് ജില്ലയിലെ രാഷ്ട്രീയ നേതാക്കള്‍ പറയുന്നു.
ഉച്ചയ്ക്ക് പുറത്തു വന്ന ഔദ്യോഗിക കണക്ക് പ്രകാരം 50 ശതമാനം പോളിംഗാണ് വയനാട് മണ്ഡലത്തില്‍ രേഖപ്പെടുത്തിയത്. ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രത്തിന്റെ തകരാറ് മൂലം വോട്ടെടുപ്പ് നടപടികള്‍ പലതവണ തടസപ്പെട്ടതിനാല്‍ കോഴിക്കോട് മണ്ഡലത്തിലെ ഒരു ബൂത്തിലെ പോളിംഗ് രാത്രി 11 മണി വരെ നീട്ടി. കൊയിലാണ്ടിക്ക് സമീപം പുളിയഞ്ചേരി യു.പി സ്‌കൂളിലെ 79ആം നമ്പര്‍ ബൂത്തിലാണ് പോളിംഗ് രാത്രി 11 വരെ നീട്ടാന്‍ വരണാധികാരിയായ ജില്ലാ കളക്‌ടര്‍ സാംബശിവ റാവു നിര്‍ദ്ദേശം നല്‍കിയത്.
രാവിലെ വോട്ടിംഗ് തുടങ്ങുന്നതിന് മുമ്പുള്ള മോക്ക് പോളിനിടെ തന്നെ ഇവിടെ വോട്ടിംഗ് യന്ത്രം തകരാറിലാണെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് മറ്റൊരു യന്ത്രം കൊണ്ടുവന്നാണ് ഇവിടെ ഏഴ് മണിക്ക് വോട്ടിംഗ് തുടങ്ങിയത്. എന്നാല്‍ ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ വീണ്ടും വോട്ടിംഗ് യന്ത്രം കേടായി. മറ്റൊരു യന്ത്രം കൊണ്ടുവന്നെങ്കിലും വോട്ടിംഗ് പുനരാരംഭിക്കാന്‍ കഴിഞ്ഞത് ഉച്ചയ്‌ക്ക് ഒരു മണിയോടെയാണ്. തുടര്‍ന്നാണ് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുമായി സംസാരിച്ച ശേഷം പോളിംഗ് രാത്രിയിലേക്ക് നീട്ടാന്‍ ജില്ലാ കളക്‌ടര്‍ ഉത്തരവിട്ടത്.
സ്ത്രീകളടക്കമുള്ള ആളുകള്‍ രാവിലെ മുതല്‍ തന്നെ ബൂത്തുകളില്‍ വോട്ട് ചെയ്യുന്നതിനായി എത്തിയിരുന്നു. കനത്ത ചൂടിനെ വകവെക്കാതെ പോളിങ് ബൂത്തുകളില്‍ നീണ്ടക്യൂവാണ് അനുഭവപ്പെടുന്നത്. വ്യാപകമായി വോട്ടിങ് യന്ത്രങ്ങള്‍ തകരാറിലായതും വിവിപാറ്റ് മെഷീനുകള്‍ പണിമുടക്കിയതും ആശങ്ക ഉണ്ടാക്കിയെങ്കിലും വളരെ വേഗത്തില്‍ പരിഹരിച്ച് വോട്ടിങ് തുടരുകയാണ് ഉണ്ടായത്. തിരുവനന്തപുരത്തും ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയിലും വോട്ടിങ് മെഷീനുകളില്‍ ഗുരുതര പിഴവുകള്‍ ഉണ്ടെന്ന് പരാതി ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് പുതിയ വോട്ടിങ് യന്ത്രങ്ങളെത്തിച്ചാണ് വോട്ടെടുപ്പ് പുനനാരംഭിച്ചത്. വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ ആറ് പേര്‍ കുഴഞ്ഞ് വീണു മരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.