തിരുവനന്തപുരം:
വോട്ട് ചെയ്‌ത സ്‌ഥാനാര്‍ത്ഥിയുടെ സ്ലിപ്പ് അല്ല വിവിപാറ്റ് മെഷീനില്‍ കണ്ടതെന്ന് പരാതിയുന്നയിച്ച യുവാവിനെതിരെ കേസെടുത്തു. പരാതിയില്‍ കഴമ്പില്ലെന്ന് കണ്ടതോടെയാണ് കേസെടുത്തത്.
പട്ടം കേന്ദ്രീയ വിദ്യാലയത്തില്‍ 151ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്‌ത എബിനെതിരെയാണ് കേസെടുത്തത്. ആഗ്രഹിച്ച സ്‌ഥാനാര്‍ത്ഥിക്കാണ് വോട്ട് ചെയ്‌തതെന്നും എന്നാല്‍ മറ്റൊരു സ്‌ഥാനാര്‍ത്ഥിയുടെ സ്ലിപ്പാണ് വീണതെന്നുമായിരുന്നു എബിന്റെ പരാതി. ഇതേ തുടര്‍ന്ന് പ്രിസൈഡിങ് ഓഫീസര്‍ പരാതി എഴുതിനല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. ശേഷം നടത്തിയ പരിശോധനയില്‍ പരാതി തെറ്റാണെന്ന് ബോധ്യപ്പെട്ടപ്പോഴാണ് എബിനെതിരെ കേസെടുത്തത്. വോട്ടിങ് ക്രമക്കേട് ആരോപിക്കുന്നവര്‍ക്ക് തെളിയിക്കാനായില്ലെങ്കില്‍ കേസെടുക്കാമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു.
പരാതി ഉന്നയിക്കുന്നവര്‍ക്ക് ടെസ്‌റ്റ് വോട്ട് ചെയ്യാന്‍ അവസരം നല്‍കും. അതിന് പ്രിസൈഡിങ്‌ഓഫീസറും പോളിങ് ഏജന്റുമാരും സാക്ഷികളാകും. ടെസ്‌റ്റ് വോട്ട് ശരിയായാണ് വിഴുന്നതെങ്കില്‍ പരാതി തെറ്റാണെന്ന് കാണിച്ച് കേസെടുക്കും. 6 മാസം തടവും 1000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.