Mon. Dec 23rd, 2024
#ദിനസരികള് 736

ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലെ കൃസ്ത്യന്‍ പള്ളികളിലും ആഡംബര ഹോട്ടലുകളിലും നടന്ന സ്ഫോടനപരമ്പകളിലെ മരണസംഖ്യ മുന്നൂറോളമായിരിക്കുന്നു. അതിലും എത്രയോ അധികമാളുകള്‍ മുറിപ്പെട്ടും അവയവങ്ങള്‍ ചിതറിത്തെറിച്ചും മരണാസന്നരായിരിക്കുന്നു.അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച ആ ദ്വീപുരാഷ്ട്രത്തില്‍ ചാവേറുകളെ ഉപയോഗിച്ചും അല്ലാതെയും സ്ഫോടന പരമ്പര തീര്‍ത്തത് National Thowheeth Jama’ath (NTJ) ആണെന്ന് സര്‍ക്കാര്‍ സ്ഥിരികരിച്ചിരിക്കുന്നു. ഇത്തരമൊരു പരമ്പരയ്ക്ക് അവര്‍ നേരത്തെ ഒരുക്കങ്ങള്‍ തുടങ്ങിയിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളെ ഉത്തരവാദപ്പെട്ടവര്‍ അവഗണിച്ചുവെന്ന ആരോപണവും ഉയര്‍ന്നിരിക്കുന്നു. പരസ്പരമുള്ള കുറ്റപ്പെടുത്തലുകളിലൂടെ ലങ്കന്‍ രാഷ്ട്രീയം കടന്നുപോകുന്നതിനിടെ ആവശ്യമായ സുരക്ഷയൊരുക്കാന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുന്നുവെന്ന ആരോപണവുമായി കര്‍ദ്ദിനാളും രംഗത്തെത്തിയിരിക്കുന്നു. ആരോപണ പ്രത്യാരോപണങ്ങള്‍ക്കിടെ ഇന്ന് ലങ്കയില്‍ ഔദ്യോഗിക ദുഖാചരണം നടക്കുന്നു. എത്രയും പെട്ടെന്ന് മുറിവുകളുണങ്ങുവാനും രാജ്യം സാധാരണ നിലയിലേക്ക് തിരിച്ചു വരാനും നാം ഐക്യപ്പെടുക.

ഈ നീലഗോളത്തിലെ മനുഷ്യ ജീവിതത്തിന് മതം വലിയ ഭീഷണിയായി മാറിയിക്കുന്നു. മതവിരോധത്തില്‍ നിന്നും ഉടലെടുക്കുന്ന അന്ധമായ ഒരു പ്രസ്താവനയല്ല ഇത്. മതം ലോകത്തെ ഭരിച്ച ഇരുണ്ട കാലത്തേതില്‍ നിന്നും വ്യത്യസ്തമായി ആക്രമണോത്സുകമായ അന്യമത വിദ്വേഷം നിറഞ്ഞ സമീപനമാണ് പൊതുവേ എല്ലാ മതങ്ങളുടേയും സമകാല മുഖമുദ്ര. അഹിംസയെ പരമമായ ധര്‍മ്മമായി സ്വീകരിച്ചിരിക്കുന്ന ബുദ്ധമതം പോലും റോഹിംഗ്യന്‍ മുസ്ലീമുകളോട് സ്വീകരിച്ചിരിക്കുന്ന അസഹിഷ്ണുത നിറഞ്ഞ സമീപനങ്ങളെ നോക്കുക.

ലോകത്താകമാനം വ്യാപിച്ചിരിക്കുന്ന വ്യത്യസ്ത തരത്തില്‍ പെട്ട ഇസ്ലാമിക തീവ്രവാദങ്ങളാകട്ടെ ആ മതത്തെക്കുറിച്ചു് നാളിതുവരെയുള്ള എല്ലാ ധാരണകളേയും തിരുത്തിക്കുറിക്കുന്നതായി.മനുഷ്യത്വരഹിതമായ ആ രീതികള്‍ ക്രൂരത നിറഞ്ഞ, ഇസ്ലാം എന്ന പദം പ്രഖ്യാപിക്കുന്ന അര്‍ത്ഥങ്ങളെപ്പോലും അട്ടിമറിക്കുന്ന ഒന്നാണ് ആ മതമെന്ന ധാരണയുണ്ടാക്കാനാണ് ഉതകിയത്. ഇസ്ലാമോഫോബിയ പടര്‍ത്താന്‍ ബോക്കോഹറാമും ഐ.എസും താലിബാനും പോലെയുള്ള സംഘടനകള്‍ വലിയ പങ്കു വഹിച്ചിട്ടുണ്ട്.

ഇന്ത്യയിലാകട്ടെ അധികാരത്തിലിരിക്കുന്ന സംഘപരിവാരത്തിന്റെ ഒത്താശയോടു കൂടി ഹിന്ദു മതത്തെ രാഷ്ട്രീയ ലാഭത്തിനു വേണ്ടി ഉപയോഗിച്ചു കൊണ്ടാണ് മതതീവ്രവാദം നടപ്പിലാകുന്നത്. ഒട്ടൊക്കെ സഹിഷ്ണുതയും അന്യമതങ്ങളോട് സഹവര്‍ത്തിത്വവും പ്രകടിപ്പിക്കാറുള്ള ഹിന്ദുമതത്തെ യുദ്ധോത്സുകത നിറഞ്ഞ ഇതര മതങ്ങളോട് അസഹിഷ്ണുത മാത്രം കാണിക്കുന്ന ഒന്നായി മാറ്റിയെടുത്തു. പശുവിന്റെ പേരിലും ഭക്ഷണത്തിന്റെ പേരിലും ആക്രമണങ്ങള്‍ അഴിച്ചുവിട്ടു. അന്യമതസ്ഥരുടെ ആരാധനാലയങ്ങള്‍ തകര്‍ക്കപ്പെട്ടു. അവരെ ജീവനോടെ ചുട്ടെരിച്ചു. ഹിന്ദുവല്ലാത്ത ഒരുവനും ഇന്ത്യയില്‍ ജീവിക്കാന്‍ കഴിയാത്ത സാഹചര്യങ്ങള്‍ ഉണ്ടാക്കിയെടുക്കാനുള്ള ശ്രമങ്ങള്‍ കൊണ്ടു പിടിച്ചു നടക്കുന്നു. ഹിന്ദുമതത്തില്‍ പെടാത്തവരൊക്കെ നാടൊഴിഞ്ഞു പോകണമെന്ന ആവശ്യം ബി.ജെ.പിയുടെ അഖിലേന്ത്യാ പ്രസിഡന്റ് തന്നെ ഉന്നയിക്കുന്നു.

മതങ്ങളെ തെറ്റായി വ്യഖ്യാനിച്ചും മനുഷ്യനെ പരിഗണിക്കാതെയും നടത്തുന്ന നീക്കങ്ങള്‍ ഭീഷണമായ ഒരു സാഹചര്യത്തെ സൃഷ്ടിച്ചിരിക്കുന്നു. മനുഷ്യന് യാതൊരു വിലയുമില്ലാത്ത അവസ്ഥ. മതം പിന്നിലൊരു ശക്കിയായി നിലകൊള്ളുമ്പോള്‍ എന്തു കൊള്ളരുതായ്മകളും ന്യായീകരിക്കപ്പെടുന്നു. മതങ്ങളുണ്ടാക്കുന്ന കുരുതികളെ ചോദ്യം ചെയ്യുന്നവരെ നിഷ്കരുണം വെടിവെച്ചുകൊല്ലുന്നു, കൈവെട്ടുന്നു, ചുട്ടെരിക്കുന്നു.

ഇനിയെങ്കിലും മനുഷ്യനെ മുഖവിലക്കെടുക്കുന്ന മതങ്ങള്‍ക്കു വേണ്ടി എല്ലാ വിശ്വാസികളും വാദിച്ചു തുടങ്ങേണ്ടിയിരിക്കുന്നു. അതിനു തടസ്സം നില്ക്കുന്ന ഛിദ്രശക്തികളെ തൂത്തെറിയേണ്ടത് അതാതു മതവിശ്വാസികളുടെ തന്നെ കടമയാണെന്നു മാത്രമല്ല, നാളെ വരാനിരിക്കുന്ന ഒരു തലമുറയോടുള്ള ഉത്തരവാദിത്തം കൂടിയാണ്.

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.

Leave a Reply

Your email address will not be published. Required fields are marked *