തിരുവനന്തപുരം:
ഒന്നരമാസത്തോളം നീണ്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം കേരളം നാളെ പോളിംഗ് ബൂത്തിലേക്ക്. 2,61,51,534 വോട്ടർമാരാണു സംസ്ഥാനത്തു ഉള്ളത്. 1,34,66,521 സ്ത്രീകളും 1,26,84,839 പുരുഷന്മാരും 174 ട്രാൻസ്ജെന്ററുകളുമാണ് വോട്ടര്‍ പട്ടികയിലുള്ളത്. 23ന് രാവിലെ ഏഴു മുതൽ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്.
ഹരിത ചട്ടം പാലിച്ചുള്ള തിരഞ്ഞെടുപ്പ് വേണമെന്നാണ് കമ്മീഷന്റെ നിർദ്ദേശം. പ്ലാസ്റ്റിക് ഉൽപ്പന്നങ്ങള്‍ ബൂത്തുകളിൽ പാടില്ലെന്ന് ഉദ്യോഗസ്ഥർക്കും രാഷ്ട്രീ പാർട്ടികള്‍ക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. തുണി സഞ്ചിയിലാണ് ഇക്കുറി വോട്ടിംഗ് രേഖകളെല്ലാം ഉദ്യോഗസ്ഥർക്ക് കൈമാറിയത്.
31,36,191 പേര് പട്ടികയിലുള്ള മലപ്പുറം ജില്ലയിലാണു ഏറ്റും കൂടുതൽ വോട്ടർമാരുള്ളത്. 5,94,177 പേരു മാത്രം ഉള്ള വയനാട് ജില്ലയിലാണ് ഏറ്റവും കുറവ്. 2,88,191 പേര്‍ കന്നിവോട്ടർമാരാണ്. 1,35,357 ഭിന്നശേഷി വോട്ടർമാരുമുണ്ട് പട്ടികയിൽ.
സംസ്ഥാനത്ത് 24,970 പോളിംഗ് ബൂത്തികളാണുള്ളത്. 149 കേന്ദ്രങ്ങളിൽ നിന്നാണ് ഈ ബൂത്തുകളിലേക്കുള്ള വോട്ടിംഗ് സാമഗ്രികളെത്തിച്ചത്. സംസ്ഥാന വ്യാപകമായി വി.വി.പാറ്റ് മെഷീൻ ഉപയോഗിക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണ് ഇത്. നാളെ വൈകുന്നേരം വോട്ടെടുപ്പ് പൂർത്തിയാക്കി സീൽ ചെയ്ത മെഷീനുകള്‍ ഉദ്യോഗസ്ഥർ തിരിച്ച് സ്ട്രോങ് റൂമുകളിൽ എത്തിക്കും. 257 സ്ട്രോങ് റൂമുകള്‍ വോട്ടിങ് മെഷീനുകൾ സൂക്ഷിക്കാൻ സജ്ജമാക്കിയിട്ടുണ്ട്.
നാളെ വോട്ടെടുപ്പിന് എല്ലാ ലോക്സഭാ മണ്ഡലങ്ങളിലും സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയായതായി ഡി.ജി.പി ലോക്നാഥ് ബെഹ്റ അറിയിച്ചു. പ്രശ്നസാധ്യതാ ബൂത്തുകളിൽ അധിക സുരക്ഷ ഏർപ്പെടുത്തി. കേരള പൊലീസിൽ നിന്നു മാത്രം 58,138 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. 3500 പേർ വനിതകളാണ്. 240 ഡി.വൈ.എസ്.പിമാർ, 677 ഇൻസ്പെക്ടർമാർ, 3273 എസ്.ഐ.– എ.എസ്.ഐമാർ വീതമുണ്ട്. സി.ഐ.എസ്.എഫ്, സി.ആർ.പി.എഫ്, ബി.എസ്.എഫ് എന്നിവയിൽ നിന്ന് 55 കമ്പനി ജവാൻമാരും, തമിഴ്നാട്ടിൽ നിന്ന് 2000, കർണാടകയിൽ നിന്ന് 1000 വീതം പൊലീസ് ഉദ്യോഗസ്ഥരും എത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പു ജോലികൾക്കു പൊലീസുകാരെ സഹായിക്കാൻ കേരള പൊലീസ് ആക്ടിലെ വ്യവസ്ഥകൾ പ്രകാരം സംസ്ഥാനത്ത് 11,781 പേരെ സ്പെഷൽ പൊലീസ് ഓഫിസർമാരെയും നിയോഗിച്ചു.
പ്രശ്നസാധ്യതയുള്ള 272 സ്ഥലങ്ങളിലും മാവോയിസ്റ്റ് ഭീഷണിയുള്ള 162 സ്ഥലങ്ങളിലും 245 ബൂത്തുകളിലും കേന്ദ്ര സായുധ പൊലീസിനെ വിന്യസിച്ചു. 4500 ചെറിയ വാഹനങ്ങൾ, 500 ബസുകൾ, 40 ബോട്ടുകൾ, 2000 ഇരുചക്രവാഹനങ്ങൾ എന്നിവയും സുരക്ഷയുടെ ഭാഗമാണ്. തിരുവനന്തപുരത്തു പൊലീസ് ആസ്ഥാനത്തു പ്രവർത്തിക്കുന്ന പോലീസിന്റെ “തിരഞ്ഞെടുപ്പ് സെൽ” ആണ് പോലീസ് സേനയുടെ വിന്യാസം ഏകോപിപ്പിക്കുന്നത്.
2014 ലോക്സഭാ തിരഞ്ഞെടുപ്പിൽ 74.04 ശതമാനമായിരുന്നു പോളിംഗ് രേഖപ്പെടുത്തിയത്. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ 77.35% പോളിംഗ് ഉണ്ടായിരുന്നു. വിവിധ രാഷ്ട്രീയ വിഷയങ്ങൾ തിളച്ചു മറിയുന്ന നിർണ്ണായക തിരഞ്ഞെടുപ്പായതിനാൽ രാഷ്ട്രീയ കക്ഷികൾ പരമാവധി വോട്ടർമാരെ വോട്ടു ചെയ്യിക്കാൻ മുൻകൈ എടുത്തു പോളിംഗ് ശതമാനം മുൻ തിരഞ്ഞെടുപ്പുകളെക്കാൾ വർദ്ധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നിരുന്നാലും നാളെ ഉച്ചക്ക് 2 മണി മുതൽ വൈകിട്ട് 8 മണിവരെയുള്ള സമയത്ത് ശക്തമായ ഇടി മിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് മുന്നണികളെ ആശങ്കയിൽ ആക്കുന്നുണ്ട്.