കൊളംബോ:
ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയെ നടുക്കിയ സ്ഫോടന പരമ്പരകളിൽ 40 വിദേശികൾ ഉൾപ്പടെ 290 പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ ഒരു മലയാളി ഉൾപ്പടെ ആറു പേർ ഇന്ത്യാക്കാരാണെന്ന് ശ്രീലങ്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ സ്ഥിരീകരിച്ചു. കാസർകോട് സ്വദേശിനിയായ റസീന ഖാദർ, ലക്ഷ്മി, നാരായൺ, ചന്ദ്രശേഖർ. രമേഷ് എന്നിവരാണ് മരിച്ച ഇന്ത്യക്കാർ. ഇംഗ്ലണ്ട്, പോർട്ടുഗൽ, ഡെന്മാർക്ക്, ജപ്പാൻ, തുർക്കി എന്നീ രാജ്യങ്ങളിലെ പൗരന്മാരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.
കൊളംബോ സന്ദർശിക്കാൻ പോയ ഏഴു പേരടങ്ങിയ ജെ.ഡി.എസ് പ്രവർത്തകരുടെ ഒരു ടീമിനെ കുറിച്ച് സ്ഫോടന പരമ്പരയ്ക്കു ശേഷം ഒരു വിവരവുമില്ലെന്നു ജെ.ഡി.എസ് നേതാവും കർണ്ണാടക മുഖ്യമന്ത്രിയുമായ എച്.ഡി. കുമാരസ്വാമി അറിയിച്ചു. അവർ കൊല്ലപ്പെട്ടോ എന്ന ആശങ്കയുണ്ടെന്നും, വിവരങ്ങൾക്ക് വേണ്ടി ഇന്ത്യൻ ഹൈകമ്മീഷനുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും കുമാരസ്വാമി പറഞ്ഞു.
രാജ്യത്തെ നടുക്കിയ എട്ടു സ്ഥലങ്ങളിലെ സ്ഫോടന പരമ്പരയ്ക്കു ശേഷം കൊളംബോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കൂടി ബോംബ് കണ്ടെത്തിയത് രാജ്യത്തെ കൂടുതൽ ഭീതിയിൽ ആക്കിയിട്ടുണ്ട്. അതിനാൽ തന്നെ അധികാരികൾ ഇനിയും സ്ഫോടനം ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയുന്നില്ല.ഞായറാഴ്‌ച്ച വൈകി കൊളംബോയിലെ പ്രധാന വിമാനത്താവളത്തിനടുത്ത് എട്ടടി നീളമുള്ള പി.വി.സി പൈപ്പിനകത്ത് നിറച്ച നിലയിലാണ് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയതെന്ന് വ്യോമസേനാ വക്താവ് ജിഹാൻ സെനവിരാത്നെ പറഞ്ഞു.വിദേശികളെ ലക്ഷ്യമിട്ടാണ് കൊളംബോ വിമാനത്താവളത്തിലും ബോംബ് വച്ചതെന്നാണ് സൂചന. ഈ ബോംബുകൾ പൊലീസ് നിർവ്വീര്യമാക്കി. ബോംബ് കണ്ടെത്തിയതിനെ തുടർന്ന് ബണ്ഡാരനായകെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
ഇന്നലെ രാവിലെ പ്രാദേശിക സമയം 8.45ഓടെയാണ് ആദ്യ സ്ഫോടനം നടന്നത്. നെഗോംബോ, ബത്തിക്കലോവ, കൊളംബോ കൊച്ചിക്കാഡെ ജില്ലകളിലുള്ള ക്രിസ്ത്യൻ പള്ളികളിലാണ് ഈസ്റ്റർ പ്രാർത്ഥന ചടങ്ങുകൾക്കിടയിൽ ആദ്യം സ്ഫോടനം ഉണ്ടായത്. തുടർന്ന് ചുരുങ്ങിയ സമയത്തിനുള്ളിൽ ഷാൻഗ്രി ലാ, കിങ്സ്ബറി, സിന്നമോൺ ഗ്രാൻഡ് എന്നീ പഞ്ച നക്ഷത്ര ഹോട്ടലുകളിലും സ്ഫോടനങ്ങൾ നടന്നു. പൊലീസ് അക്രമികൾക്കു വേണ്ടി തിരച്ചിൽ നടത്തുന്നതിടെ ഉച്ചയോടെ ദെഹിവാല മൃഗശാലക്കു സമീപം സ്ഫോടനം ഉണ്ടായി. കൊളംബോയ്ക്ക് സമീപം ദെമതാഗോഡ ജില്ലയിൽ പൊലീസ് റെയ്ഡ് നടക്കുന്നിടെയാണ് എട്ടാമത്തെ പൊട്ടിത്തെറി നടന്നത്. ഇവിടെ മൂന്ന് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. മിക്ക ഇടങ്ങളിലും ചാവേറുകളാണ് പൊട്ടിത്തെറിച്ചത്. ഇതിന് ശേഷം നടന്ന തെരച്ചിലിലാണ് വിമാനത്താവളത്തിൽ നിന്ന് ബോംബ് കണ്ടെത്തിയത്.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് 24 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അക്രമം നടത്തിയവർക്ക് രാജ്യാന്തരബന്ധമുണ്ടോയെന്ന് പരിശോധിക്കുന്നതായി അധികൃതർ അറിയിച്ചു