Wed. Jan 22nd, 2025
#ദിനസരികള് 735

പ്രിയപ്പെട്ട മകളേ,

സ്വാമി സന്ദിപാനന്ദഗിരിയുടെ ഫേസ് ബുക്കില്‍ ഷെയറു ചെയ്ത ഒരു വീഡിയോയിലൂടെയാണ് ഞാന്‍ നിന്നെക്കുറിച്ച് അറിയുന്നത്. കൌതുക പൂര്‍വ്വം നിനക്കു പറയാനുള്ളത് കേട്ടു. ഗുരുക്കളുടേയും ഗുരുക്കളെന്ന് , സന്ന്യാസിമാരുടേയും ആത്മീയാചാര്യനെന്ന് നീ അവകാശപ്പെടുന്ന സ്വാമി ചിദാനന്ദ പുരിയെക്കുറിച്ച് സി.പി.ഐ എമ്മിന്റെ സംസ്ഥാന സെക്രട്ടറി നടത്തിയ വിമര്‍ശനം ശരിയല്ല എന്നും ആദരണീയനായ സ്വാമിയെ കുറ്റപ്പെടുത്തിയ അദ്ദേഹത്തിന്റെ നാവു ഡെറ്റോള്‍ ഒഴിച്ചു കഴുകിയാലും വൃത്തിയാകില്ലെന്നുമാണല്ലോ നീ പറഞ്ഞത്. മാത്രവുമല്ല, അദ്ദേഹത്തിന്റെ മക്കളെ അധിക്ഷേപിച്ചുകൊണ്ട് കൂട്ടിക്കൊടുപ്പുകാര്‍ എന്നും നീ വിശേഷിപ്പിച്ചു.

എന്റെ കുഞ്ഞേ മനോഹരമായ നിന്റെ മുഖത്തു നിന്നും പുറത്തേക്ക് വന്ന വാക്കുകള്‍ എന്നെ അക്ഷരാര്‍ത്ഥത്തില്‍തന്നെ ഞെട്ടിച്ചു. ആ വാക്കുകളുടെ പേരില്‍ ഒരിക്കലും ഞാന്‍ നിന്നെ കുറ്റപ്പെടുത്തുകയില്ല. എന്നാല്‍ ഇങ്ങനെയൊക്കെ ചിന്തിക്കാനും പറയാനുമാണ് ആചാര്യനായ പൂജ്യ ചിദാനന്ദപുരി നിന്നെ പഠിപ്പിച്ചതെങ്കില്‍, ആ ആചാര്യന്‍ എത്രമാത്രം അല്പനാണെന്ന് നിന്റെ വാക്കുകള്‍ വീണ്ടും വീണ്ടും തെളിയിക്കുന്നു. ഒരിക്കലും അയാള്‍ ആചാര്യസ്ഥാനത്തിരിക്കുവാന്‍ യോഗ്യനല്ലെന്നതാണ് വസ്തുത. ഇതില്‍ നിന്നെ കുറ്റപ്പെടുത്താന്‍ ഞാനൊരുക്കമല്ല. കാരണം ചിദാനന്ദപുരിയുടെ അടുക്കലേക്ക് നിന്നെ എത്തിച്ച നിന്റെ മാതാപിതാക്കളാണ് ഇക്കാര്യത്തില്‍ ഉത്തരവാദികള്‍. അവരും ഒരു പക്ഷേ ചിദാനന്ദപുരിയുടെ വേഷവിതാനങ്ങളേയും സന്യാസ പരിവേഷത്തേയും കണ്ട് മതിമറന്നു കൂടുതലൊന്നും ആലോചിക്കാതെ ചെന്നു വീണതാകാം. എന്തായാലും മകളേ നീ പോയി വീണിരിക്കുന്നത് തിരിച്ചു കയറാന്‍ എളുപ്പമല്ലാത്ത അമേധ്യമേദസ്സിലേക്കാണ്.

വസ്തുതകളാണെന്ന ധാരണയില്‍ തികച്ചും അബദ്ധങ്ങളാണ് നിന്റെ മനസ്സിലേക്ക് കയറ്റി വെച്ചിരിക്കുന്നത്. നീ ആചാര്യനെന്ന് വിളിച്ചയാള്‍ വെല്ലുവിളിച്ചത് ഈ നാട്ടിലെ നിയമവ്യവസ്ഥയെയാണ്. നിയമം അനുസരിക്കാന്‍ പഠിപ്പിക്കേണ്ടയാള്‍ നിയമത്തിനെതിരെ സങ്കുചിതമായ താല്പര്യങ്ങളോടെ തെരുവിലിറങ്ങി മുദ്രാവാക്യം വിളിച്ചപ്പോഴാണ് അയാളോട് നിങ്ങള്‍ ചെയ്യുന്നത് ഒരു സന്യാസിയുടെ ജോലിയല്ലെന്ന് ജാഗ്രതപ്പെടുത്തേണ്ടി വന്നത്.

മകളേ, നീ കാര്യങ്ങളെ ഒരു പക്ഷത്തോടും ചേര്‍ന്നു നില്ക്കാതെ സത്യസന്ധമായി മനസ്സിലാക്കാന്‍ ശ്രമിക്കണം. നുണപറയുന്നവനും പ്രചരിപ്പിക്കുന്നവനും ഗുരുസ്ഥാനീയരല്ല. ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്ക് നയിക്കുന്നവാണ് ഗുരു. നിന്റെ ഗുരു ഇരുട്ടില്‍ നിന്നും കൂടുതല്‍ ഇരുട്ടിലേക്കാണ് നിന്നെ നയിക്കുന്നത്. നിനക്ക് ചിന്തിക്കാനുള്ള ശേഷി ഇനിയും നഷ്ടപ്പെട്ടിട്ടില്ലെന്ന് ഞാന്‍ വിചാരിക്കുന്നു. മകളേ, ഈ നാടിന്റെ ചരിത്രം, നൂറ്റാണ്ടുകളായി അടിച്ചമര്‍ത്തി വെച്ചിരുന്ന സ്ത്രീകള്‍ മോചിപ്പിക്കപ്പെട്ടതിന്റേയും സ്വതന്ത്രയായിത്തീര്‍ന്നതിന്റേയും ചരിത്രം നീ പഠിക്കണം.

സാക്ഷാല്‍ ഭഗവാന്‍ ശ്രീകൃഷ്ണന്റെ മുഖത്തു നോക്കി നീയും നിന്റെ വംശവും മുടിഞ്ഞു പോകുമെന്ന ശപിച്ച ഗാന്ധാരിയെന്ന സ്ത്രീയുടെ ഉള്ളുറപ്പിനെപ്പറ്റി പഠിക്കണം. രാജസദസ്സില്‍ വിദ്വാന്മാരോട് പിന്മടങ്ങാതെ വാദിച്ചുനിന്ന ഗാര്‍ഗ്ഗിയെക്കുറിച്ചും മൈത്രേയിയെക്കുറിച്ചും നീ അറിയണം. അനഘാശയ,ഹാ! ക്ഷമിക്കയെൻ- മനവും ചേതനയും വഴങ്ങിടാ, നിനയായ്ക മറിച്ചു, പോന്നിടാം വിനയത്തിന്നു വിധേയമാമുടൽ എന്ന് രാമനെ നിഷേധിച്ച സീതയെക്കുറിച്ച് പഠിക്കണം. സതി നിറുത്തലാക്കിയതിന്റെ ചരിത്രം പഠിക്കണം. അങ്ങനെ നൂറ്റാണ്ടുകളിലൂടെ ഇത്തരത്തില്‍ നിരവധിയായ പ്രതിഷേധങ്ങളിലൂടെയും സമരങ്ങളിലൂടെയും ഇന്ന് നീ അനുഭവിക്കുന്ന സ്വാതന്ത്ര്യം നേടിയെടുക്കുന്നതിന് പെണ്‍കുലം നടത്തിയ സമരമുന്നേറ്റങ്ങളെ അറിയണം.

നീ ഉപനിഷത്തുകളും വേദങ്ങളും ഗീതയുമൊക്കെ സത്യസന്ധമായി പഠിച്ചുനോക്കണം.അവിടെയൊന്നും സ്ത്രീയെ മാറ്റി നിറുത്തുന്ന, മനുഷ്യരെ തമ്മില്‍ വിഭജിക്കുന്ന ഒന്നുംതന്നെ കണ്ടെത്താന്‍ കഴിയില്ല. പ്രിയപ്പെട്ട മകളേ, സഹനാവവതു സഹനൌ ഭുനക്തു സഹവീര്യം കരവാവഹൈ എന്ന് സഹ സഹ സഹ – ഒന്നിച്ച് ഒന്നിച്ച് ഒന്നിച്ച് – എന്ന് മനുഷ്യരെ പരസ്പരം ചേര്‍ത്തു പിടിക്കുന്ന ഒരു തത്വചിന്തയെയാണ് നിനക്ക് കാണാന്‍ കഴിയുക. മാ വിദ്വിഷാവഹൈ എന്നാണ് അവര്‍ പ്രാര്‍ത്ഥിക്കുന്നത്. പരസ്പരം വിദ്വേഷിക്കാതെ വെറുപ്പു കാണിക്കാതെ ഒരു തത്വചിന്തയെയാണ് അവര്‍ പറയാനും പഠിപ്പിക്കാനും ശ്രമിച്ചത്.

എന്നാല്‍ ഇന്നോ? എന്റെ പ്രിയപ്പെട്ട മകളേ, അതേ തത്വചിന്തയെ പിന്‍പറ്റുന്ന ഒരു സംസ്കാരത്തെ ഇവരെല്ലാംകൂടി പ്രാകൃതമായ ഒന്നായി മാറ്റിയെടുത്തിരിക്കുന്നു. പശുവിന്റെ പേരില്‍ ഇവര്‍ ആളുകളെ തല്ലിക്കൊല്ലുന്നു. അന്യമതസ്ഥനായതുകൊണ്ട് ഗര്‍ഭിണിയുടെ വയറ്റില്‍ നിന്നും ഇനിയും പിറക്കാനിരിക്കുന്ന കുഞ്ഞിനെ ത്രിശൂലം കൊണ്ട് കുത്തിപ്പുറത്തെടുക്കുന്നു. മറ്റുള്ളഴവരുടെ ആരാധനാലയങ്ങളെ ചുട്ടെരിക്കുന്നു.

അക്കൂട്ടര്‍ തന്നെയാണ് ശബരിമലയിലെത്തുന്ന ഭക്തരായ അമ്മമാരുടെ തലയില്‍ തേങ്ങ എറിയുന്നത്. മത വിശ്വാസത്തെ ഇല്ലാതാക്കാന്‍ ശ്രമിച്ചുവെന്ന നുണ പ്രചരിപ്പിച്ചുകൊണ്ട് നാട്ടില്‍ കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്നത്. ആര്‍ത്തവം അശുദ്ധമല്ലെന്നും അതുകൊണ്ടുതന്നെ ആര്‍ത്തവത്തിന്റെ പേരില്‍ ഒരു സ്ത്രീയും മാറ്റി നിറത്തരുതെന്നും വിധിച്ചത് നമ്മുടെ രാജ്യത്തിലെ പരമോന്നത നീതിപീഠമാണ്. എന്നാല്‍ വിധിവരുന്നതുവരെ സ്ത്രീ പ്രവേശനം വേണമെന്ന് വാദിച്ചവര്‍ രാഷ്ട്രീയമായ മുതലെടുപ്പു നടത്തുന്നതിനുവേണ്ടി നിലപാടുമാറ്റുകയും ചിദാനന്ദപുരി എന്ന ആറെസ്സെസ്സുകാരനായ കാഷായവേഷധാരി ആ സമരകോലഹലങ്ങളുടെ നേതൃത്വത്തിലേക്ക് വരികയും ചെയ്തു. അങ്ങനെ ജനതയെ തെറ്റിദ്ധരിപ്പിക്കുകയും രാഷ്ട്രീയമായി ഉപയോഗിക്കാന്‍ ശ്രമിക്കുകയും ചെയ്തവരുടെ നേതാവായ ചിദാനന്ദപുരിയെ പൊതുസമൂഹം എതിര്‍ക്കുന്നതില്‍ എന്താണ് അപാകതയുള്ളത്?

സത്യം പറയുകയും പ്രചരിപ്പിക്കുകയും ചെയ്യേണ്ടവനാണ് ആചാര്യന്‍. അയാള്‍ നുണകളുടെ വക്താവും പ്രയോക്താവുമായി മാറിയിരിക്കുന്നു. നുണ പറയുന്നവനെ നുണയനെന്നും ജനങ്ങളെ വഞ്ചിക്കുന്നവരെ വഞ്ചകന്‍ എന്നുമാണ് വിളിക്കുക.

ഇനിയും നിനക്ക് സമയമുണ്ട്. ഇത്തരം കുടിലബുദ്ധികളെ ആട്ടിപ്പുറത്താക്കിക്കൊണ്ട് വസ്തുനിഷ്ഠമായി നീ കാര്യങ്ങള്‍ പഠിക്കണം. നമ്മുടെ നാട്ടില്‍ എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കണം. വര്‍ഗ്ഗീയത വിതച്ച് ലാഭം കൊയ്യുന്നവരുടെ കൈയിലെ വെറുപ്പിന്റെ കരുവായി മകളേ നീ മാറരുത്. കള്ളം പറയുന്ന ആചാര്യന്മാര്‍ ഉള്ള നാട് മുച്ചൂടും മുടിഞ്ഞൊടുങ്ങുമെന്ന സത്യം നീ മനസ്സിലാക്കുമെന്ന പ്രതീക്ഷയോടെ,

സസ്നേഹം.

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.

Leave a Reply

Your email address will not be published. Required fields are marked *