Mon. Dec 23rd, 2024
കൊച്ചി :

കേരളത്തിൽ നിന്നും ബംഗളൂരിലേക്കു സർവീസ് നടത്തുന്ന പ്രമുഖ സ്വകാര്യ ബസ് കമ്പനിയാണ് “കല്ലട ട്രാവൽസ്”. ട്രെയിനുകളും, കെ.എസ്.ആർ.ടി.സി ബസുകളും ഉണ്ടെങ്കിലും ധാരാളം മലയാളി വിദ്യാർത്ഥികളും, ജോലിക്കാരും നിത്യം യാത്ര ചെയ്യുന്ന ബംഗളൂരിലേക്കു രാത്രി സർവീസ് നടത്തുന്ന ഏകദേശം 155 ബസുകൾ സ്വന്തമായുള്ള കല്ലട ഗ്രൂപ്പിന് കേരള-ബംഗളൂരു റൂട്ട് ഒരു കുത്തകയായി മാറിയിരിക്കുകയാണ്. ബംഗളൂരിന്‌ പുറമെ കേരളത്തിലെ ഒട്ടുമിക്ക നഗരങ്ങളിൽ നിന്നും, നഗര പ്രാന്ത പ്രദേശത്തുനിന്നും ചെന്നൈ, ഹൈദരാബാദ്, പോണ്ടിച്ചേരി, തുടങ്ങിയ സ്ഥലങ്ങളിലേക്ക് കല്ലട ബസ് സർവീസ് നടത്തുണ്ട്.

എ.സി – നോൺ എ.സി വിഭാഗങ്ങളിൽ ആഡംബര ബസുകളും, സ്‌കാനിയ, വോൾവോ, മെഴ്സിഡസ് ബെൻസ് മൾട്ടി ആക്‌സിൽ സെമി സ്ലീപ്പർ, സ്ലീപ്പർ ആധുനിക ബസുകളും ഇവർക്കുള്ളതുകൊണ്ടും, സ്വകാര്യ മേഖലയിലെ മറ്റു ബസ് സർവീസുകൾ കുറെയധികം പിന്മാറിയതുകൊണ്ടും മിക്കവരും അന്തർ സംസ്ഥാന യാത്രക്ക് കല്ലട ബസുകളാണ്‌ തിരഞ്ഞെടുക്കുന്നത്. തുടക്കത്തിൽ നല്ല സർവീസ് ആയിരുന്ന “കല്ലട ട്രാവൽസ്” പിന്നീട് കുത്തകകൾ ആയപ്പോൾ ജീവനക്കാരുടെ ധാർഷ്ട്യം നിറഞ്ഞ പെരുമാറ്റത്തിന് കുപ്രസിദ്ധമായി തുടങ്ങി. നിരവധി പരാതികളാണ് കല്ലട ബസിലെ ജീവനക്കാരെ കുറിച്ച് ഉയർന്നിട്ടുള്ളത്. പക്ഷെ പലരും പരാതി കൊടുത്തു അതിനു പിന്നാലെ പോകാൻ മിനക്കെടാറില്ല. അത്തരം ഒരു സംഭവമാണ് ഇന്നലെ കൊച്ചിയിൽ നടന്നത്.

‘കല്ലടയുടെ’ തിരുവനന്തപുരം – ബംഗളൂരു സർവീസിലാണ് ഇന്നലെ ജീവനക്കാരുടെ ആക്രമണം യാത്രക്കാർക്ക് നേരെ ഉണ്ടായത്.  ഇന്നലെ രാത്രി ഹരിപ്പാട് പിന്നിട്ട ബസ് തകരാറായി വഴിയിൽ കിടന്നിരുന്നു. ദീർഘനേരം കഴിഞ്ഞിട്ടും ഇത് സംബന്ധിച്ച് യാത്രക്കാർക്ക് ബസ് ജീവനക്കാർ യാതൊരു മറുപടിയും നൽകിയിരുന്നില്ല. യാത്രക്കാരായ രണ്ട് യുവാക്കൾ ഇത് സംബന്ധിച്ച് തർക്കിച്ചതായിരുന്നു തുടക്കം. ഇത്ര രൂപ കൊടുത്ത് ടിക്കറ്റെടുത്ത യാത്രക്കാരെ പെരുവഴിയിൽ ഇട്ടിരിക്കുന്നത് ശരിയല്ലെന്നും വേറെ ബസ് ശരിയാക്കിത്തരണമെന്നും യാത്രക്കാരെല്ലാം ആവശ്യപ്പെട്ടു. തുടർന്ന് അജയഘോഷ് എന്ന യാത്രക്കാരൻ ബസിന്റെ ഓഫീസിൽ വിളിച്ചു. “തിരുവനന്തപുരത്ത് നിന്ന് മെക്കാനിക്ക് വരും, എന്നിട്ട് നീയാെക്കെ പോയാ മതി” എന്നായിരുന്നു ലഭിച്ച മറുപടി. അതോടെ അദ്ദേഹം പോലീസിൽ വിളിച്ചു പരാതിപ്പെടുകയായിരുന്നു. തുടർന്ന് പോലീസ് എത്തി വേറൊരു ബസ് എത്തിച്ചു യാത്രക്കാരെ അതിൽ കയറ്റി വിടുകയായിരുന്നു.

യാത്ര തുടർന്ന ബസ് കൊച്ചിയിലെത്തിയപ്പോൾ 15 പേരടങ്ങുന്ന സംഘം വണ്ടിയിൽ കയറി. അജയഘോഷിനെ കോളറിൽ പിടിച്ചുനിർത്തി ” നീ ആണോടാ കല്ലട സുരേഷിന്റെ വണ്ടിക്കെതിരെ പൊലീസിൽ പരാതി കൊടുത്തത്. നിനക്ക് അറിയില്ലേടാ കല്ലട സുരേഷ് ആരാണെന്ന്” ഇങ്ങനെ ചോദിച്ച് മർദിക്കാൻ തുടങ്ങി. അദ്ദേഹത്തെ മർദിക്കുന്നത് കണ്ട് ബസിലുണ്ടായിരുന്ന വിദ്യാർത്ഥികൾ ഇടപെട്ടപ്പോൾ അവരെ വളരെ ക്രൂരമായാണ് ബസ് ജീവനക്കാർ മർദ്ദിച്ചത്. പാലക്കാട് സ്വദേശി മുഹമ്മദ് അഷ്‌കർ, സുൽത്താൻ ബത്തേരി സ്വദേശി സച്ചിൻ എന്നവർക്കാണ് ബസ് ജീവനക്കാരായ ഗുണ്ടകളുടെ ക്രൂര പീഡനം ഏൽക്കേണ്ടി വന്നത്. ഇതിന്റെ വീഡിയോ ദൃശ്യം ജേക്കബ് ഫിലിപ്പ് എന്ന മറ്റൊരു യാത്രക്കാരൻ തന്റെ ഫോണിൽ പകർത്തുകയും പിന്നീട് ഫെയ്സ്ബുക്കിൽ പങ്കുവയ്ക്കുകയുമായിരുന്നു.

https://www.facebook.com/Jacobphilip0/videos/pcb.10220404188880671/10220404179880446/?type=3&__tn__=HH-R&eid=ARBaMUJoYMGDyGIVGvmyfaaJnMiXwFLWGa6jRa88ywDUmGlZqq_LXSHtl8KbA2wDyeTUv5qMalRJ5gSb&__xts__%5B0%5D=68.ARBE22Voa9D3ZOjUw7uFrwHy723ZLupk2P2ArnpiYzZvoudbAMNeHOqmPDIBi8QNtVeZI1F34C00e2nV2y9V3nM2mtr76D0REjZntq4CS3PUr2i2EOOp9-HuWZvPZ-ODFHfNwzxyELUhlwJlvdJWuylP4lm7-BZXskVngnwxU1Q09VpFcln3geE32NhDhElTCIsnqvh4lP_cILIPRw

മെക്കാനിക്ക് വന്ന് ചെറിയ തുകയ്ക്ക് പ്രശ്നം പരിഹരിച്ചു ആ ബസ് തന്നെ സർവീസിന് ഉപയോഗിക്കാമെന്ന ബസ് കമ്പനിക്കാരുടെ കണക്കു കൂട്ടലുകൾ തെറ്റുകയും, പുതിയ ബസ് വരുന്നതിനു മുപ്പതിനായിരത്തോളം രൂപയുടെ അധിക ചെലവ് ഉണ്ടാകുകയും ചെയ്തതാണ് ബസ് കമ്പനിക്കാരുടെ പ്രകോപനത്തിന് കാരണമായത്.

ഇരിഞ്ഞാലക്കുടയിൽ അബ്കാരി ബിസിനസ് നടത്തിയിരുന്ന കല്ലട രാമകൃഷ്ണന്റെ മക്കളാണ് കല്ലട ട്രാവൽസ് നടത്തുന്നത്. കല്ലട ഗ്രൂപ്പിന് രണ്ട് ട്രാവൽ സർവീസുകൾ ഉണ്ട്. ഒരെണ്ണം സുരേഷ് കല്ലടയുടെ കീഴിലും, “കല്ലട ജി4 ഗ്രൂപ്പ്” സുരേഷിന്റെ മറ്റു നാലു സഹോദരങ്ങൾ കൂടിയുമാണ് നടത്തുന്നത്. കോടീശ്വരനായ സുരേഷ് കുമാറിന്റെ കല്ലട ട്രാവൽസ് പ്രവർത്തിക്കുന്നത് നിയമങ്ങളെല്ലാം കാറ്റിൽ പറത്തിയാണ്. എങ്കിലും ആരും ഒന്നും ചോദിക്കില്ല. കേരളത്തിലും തമിഴ്‌നാട്ടിലും കർണ്ണാടകയിലും ഹൈദരാബാദിലുമെല്ലാം ഉന്നത സ്വാധീനം കല്ലട ഗ്രൂപ്പിനുണ്ട്.
കർണാടകയിലാണ് കല്ലടയുടെ മിക്ക വണ്ടികളും രജിസ്ട്രേഷൻ നടത്തിയിരിക്കുന്നത്. നിയമപരമായ ഇടപെടലുകൾക്ക് കർണാടകയിൽ പോകേണ്ടി വരും എന്നുള്ളതുകൊണ്ട് തന്നെ, യാത്രക്കാർക്ക് പരാതിയുണ്ടെങ്കിലും പലരും അതിനു പിന്നാലെ പോകാറില്ല. ഒപ്പം കേരളത്തിലെ വലിയ ഒരു വിഭാഗം ട്രാൻസ്പോർട്ട് ഉദ്യോഗസ്ഥരും, പോലീസും കല്ലട ഗ്രൂപ്പിന് ഒപ്പമാണ്.

നികുതി വെട്ടിച്ച് ചരക്കുകൾ കയറ്റുന്നു എന്നത് കല്ലട സർവീസിന്റെ തുടക്കം മുതലുള്ള പരാതിയാണ്. ഇവരുടെ ലോഡുകൾ പലതും കയറ്റി ഇറക്കുന്നതിന് വേണ്ടി വഴി തിരിച്ചു പല ഗോഡൗൺ യാത്രകൾ നടത്തുന്നത്തിനെതിരെ യാത്രക്കാർ നിരവധി പരാതികൾ ഉന്നയിച്ചിട്ടുണ്ട്. മയക്കു മരുന്ന് കടത്തിനും ഈ ബസുകൾ ഉപയോഗിക്കുന്നുണ്ടോ എന്നും പലരും സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ഈ ബസുകളെ പൊലീസോ, മോട്ടോർ വാഹന വകുപ്പോ തടയാത്തതാണ് ഇതിന് കാരണം.

യാത്രക്കാരെ ജീവനക്കാർ മർദിച്ച സംഭവത്തിൽ കൊച്ചി പൊലീസ് കേസെടുത്തു. രണ്ടു ബസ് ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. മരട് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബസ് പൊലീസ് പിടിച്ചെടുത്തു. സംഭവത്തെക്കുറിച്ച് ട്രാൻസ്പോർട്ട് കമ്മീഷണറുമായി സംസ്ഥാന പൊലീസ് മേധാവി സംസാരിച്ചു. ബസ് കമ്പനിയുടെ ഉടമയെ നോട്ടീസ് നൽകി വിളിച്ചു വരുത്താൻ ദക്ഷിണമേഖല എ.ഡി.ജി.പി മനോജ് എബ്രഹാമിന് നിർദ്ദേശം നൽകി. കമ്പനിയുടെ തിരുവനന്തപുരത്തെ പ്രതിനിധികളെ ഇന്നുതന്നെ പൊലീസ് ആസ്ഥാനത്ത് വിളിച്ചു വരുത്തും. ബസിലെ അനിഷ്ട സംഭവങ്ങൾ ഷൂട്ട് ചെയ്ത് ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്ത ജേക്കബ് ഫിലിപ്പിനെ സംസ്ഥാന പോലീസ് മേധാവി ഫോണിൽ ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിച്ചു.

‘കല്ലട’ ബസ് ജീവനക്കാരുടെ ഗുണ്ടായിസത്തിനെതിരെ സോഷ്യൽ മീഡിയകളിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്. #BoycottKallada എന്ന പേരിൽ ഒരു ഹാഷ് ടാഗ് കാമ്പയിനും ആരംഭിച്ചിട്ടുണ്ട്. ഇന്നലെ ഉണ്ടായ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ നിരവധി പേരാണ് തങ്ങൾക്കു ഈ ബസ് കമ്പനിയിൽ നിന്നും മുൻപ് അനുഭവിക്കേണ്ടി വന്നിട്ടുള്ള ദുരനുഭവങ്ങളുമായി രംഗത്ത് വന്നിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *