കൊളംബോ:
ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിൽ നടന്ന സ്ഫോടന പരമ്പരയെത്തുടർന്ന് പ്രസിഡന്‍റ് മൈത്രിപാല സിരിസേന രാജ്യത്ത് ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇന്ന് അർദ്ധരാത്രി മുതൽ അടിയന്തരാവസ്ഥ നിലവിൽ വരും. എന്നാൽ അഭിപ്രായസ്വാതന്ത്ര്യം തടയുന്ന നടപടികളുണ്ടാകില്ലെന്നും പ്രസ്താവനയിൽ പറയുന്നു. എൽ.ടി.ടി.ഇ യുമായുള്ള ആഭ്യന്തരയുദ്ധത്തിന് ശേഷം ഇതാദ്യമായാണ് ശ്രീലങ്കയിൽ ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെടുന്നത്.
ശ്രീലങ്കയിൽ ഈസ്റ്റർ ദിനത്തിലുണ്ടായ സ്ഫോടനങ്ങൾക്കു പിന്നിൽ പ്രാദേശിക ഇസ്ലാമിക ഭീകരസംഘടനയായ തൗഹീദ് ജമാഅത്ത് (എൻ .ടി.ജെ.) ആണ് സ്ഫോടനത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി ശ്രീലങ്കൻ സർക്കാർ പറഞ്ഞു. അതേ സമയം അന്താരാഷ്ട്ര ബന്ധമില്ലാതെ ഇവർക്ക് സ്ഫോടനം നടത്താനാവില്ലെന്നും ശ്രീലങ്കൻ സർക്കാർ വ്യക്തമാക്കി. ശ്രീലങ്കൻ സർക്കാർ വക്താവായ രജിതാ സേനാരത്നയാണ് ഇക്കാര്യം അറിയിച്ചത്. ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലെ എട്ടോളം സ്ഥലങ്ങളിലായി ഉണ്ടായ സ്ഫോടന പരമ്പരകളിൽ 290 പേരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ 500ലേറെപ്പേർക്ക് പരിക്കേറ്റിരുന്നു.