Sun. Dec 22nd, 2024
തിരുവനന്തപുരം :

ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തില്‍ ഇരട്ടവോട്ടുകളുണ്ടെന്ന് പരിശോധനയില്‍ വ്യക്തമായതായി തിരുവനന്തപുരം ജില്ലാ കലക്ടര്‍ കെ.വാസുകി.പലർക്കും ഒന്നിലധികം സ്ഥലത്ത് വോട്ടുള്ളതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇരട്ട വോട്ടുള്ളവരുടെ പട്ടിക പ്രത്യേകം ശേഖരിച്ച് പ്രിസൈഡിങ് ഓഫീസർമാർക്ക് നൽകിയിട്ടുണ്ടെന്നും വാസുകി അറിയിച്ചു. ഒന്നിലേറെ തവണ വോട്ടു ചെയ്യുന്നത് തടയാനുള്ള നടപടികള്‍ സ്വീകരിച്ചതായും കലക്ടര്‍ വ്യക്തമാക്കി.

ആറ്റിങ്ങൽ മണ്ഡലത്തിൽ ഒരു ലക്ഷത്തിലേറെ ഇരട്ടവോട്ടുകളുണ്ടെന്നും, ഇരട്ട തിരിച്ചറിയല്‍ കാര്‍ഡുകള്‍ സൃഷ്ടിച്ച് തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നും ആരോപിച്ച് യു.ഡി.എഫ് സ്ഥാനാര്‍ഥി അടൂര്‍ പ്രകാശ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷനും, കലക്ടർക്കും അടൂർ പ്രകാശ് പരാതിയും നൽകിയിരുന്നു. ഒരാളുടെ പേരിൽ തന്നെ രണ്ടും മൂന്നും തിരിച്ചറിയൽ കാർഡുകൾ ഉണ്ടാക്കിയിട്ടുണ്ടെന്നാണ് അടൂർ പ്രകാശിന്റെ ആരോപണം. ഇതുപയോഗിച്ച് ഒന്നിലേറെ തവണ വോട്ടർപട്ടികയിൽ പേര് ചേർത്തിട്ടുണ്ട്. ഇത് വ്യക്തമാക്കുന്ന വോട്ടർപട്ടികയിലെ പേജുകളും അടൂർ പ്രകാശ് പുറത്തുവിട്ടു. ബൂത്ത് ലെവൽ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് ക്രമക്കേടെന്നും അടൂര്‍ പ്രകാശ് പറയുന്നു.


ആറ്റിങ്ങൽ മണ്ഡലത്തിലെ വോട്ടേഴ്‌സ് ലിസ്റ്റിൽ 10 ശതമാനം വോട്ടുകൾ കള്ളവോട്ടുകൾ ആണെന്നാണ് കോൺഗ്രസ് ഉയർത്തുന്ന ആരോപണം. 1,12,322 വോട്ടുകൾ കള്ളവോട്ട് എന്നാണ് കോൺഗ്രസ് കണ്ടെത്തിയിരിക്കുന്നത്. ഈ കള്ളവോട്ടുകളുടെ ലിസ്റ്റ് ആറ്റിങ്ങൽ മണ്ഡലത്തിലെ എല്ലാ പോളിങ് സ്റ്റേഷനുകളിളെയും ഏജന്റുമാർക്ക് കോൺഗ്രസ് കൈമാറിയിട്ടുണ്ട്.

ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിൽ 1,12,322 വോട്ടുകൾ കള്ളവോട്ടിന്റെ നിഴലിലായതോടെ ഇക്കാര്യത്തിൽ കർശന നടപടിക്കാണ് തിരഞ്ഞെടുപ്പ് കമ്മീഷനും, വരണാധികാരിയായ ജില്ലാ കലക്ടറും ഒരുങ്ങുന്നത്. ആറ്റിങ്ങൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കള്ളവോട്ടുകൾക്ക് ശ്രമിച്ചാൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ വ്യക്തമാക്കി. “കള്ളവോട്ടിന് ശ്രമിച്ചാൽ അറസ്റ്റ് ചെയ്ത് റിമാൻഡിലാക്കാനാണ് തീരുമാനം. ഇതിനുള്ള നിർദ്ദേശം തിരഞ്ഞെടുപ്പ് ഓഫീസർമാർക്ക് കൈമാറിയിട്ടുണ്ട്. ക്രിമിനൽ നടപടികൾ ആകും കള്ളവോട്ട് ചെയ്യുന്നവരെ കാത്തിരിക്കുന്നത്” -ടീക്കാറാം മീണ പറയുന്നു.

ആറ്റിങ്ങലിലെ പല വോട്ടർമാർക്കും ഇരട്ട വോട്ടർ ഐഡി കാർഡും, ഇരട്ട വോട്ടുമാണുള്ളത്. നിലവിലെ വോട്ടിനു പുറമെ മറ്റൊരു ബൂത്തിൽക്കൂടി വോട്ട് ചേർക്കാൻ വ്യാജ രേഖകൾ കൂടി പലരും ചമച്ചിട്ടുണ്ട്. ഇതിന്റെ വെളിച്ചത്തിലാണ് കർശന നടപടിക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം.

കള്ളവോട്ടിന് ശ്രമിക്കുന്നത് രണ്ടുവർഷം തടവും പിഴയും വരെ ലഭിക്കാവുന്ന കുറ്റമാണ്. വോട്ട് ചെയ്യാനെത്തുന്നവരെക്കുറിച്ച് സംശയം തോന്നിയാൽ പോളിങ് ഏജന്റുമാർ തർക്കമുന്നയിക്കുകയും കള്ളവോട്ട് വ്യക്തമായാൽ അവരെ പ്രിസൈഡിങ് ഓഫീസർമാർ പൊലീസിന് കൈമാറുകയും ചെയ്യും. അതിനാൽ തന്നെ നാളെ നടക്കുന്ന തിരഞ്ഞെടുപ്പിൽ പോളിംഗ് സ്റ്റേഷനുകളിൽ സംഘർഷ സാധ്യത വളരെ കൂടുതലാണ്.

Leave a Reply

Your email address will not be published. Required fields are marked *