രാംപൂർ, ഉത്തർപ്രദേശ്:
ബി.എസ്.പി. ചീഫ്, മായാവതിയ്ക്കും, എസ്.പി. നേതാവ് അസം ഖാനുമെതിരെ വ്യക്തിപരമായ രീതിയിൽ സംസാരിച്ചതിന് ബി.ജെ.പി. അംഗമായ ജയപ്രദയ്ക്കെതിരെ ഐ.പി.സി. 171 – ജി വകുപ്പുപ്രകാരം കേസ് രജിസ്റ്റർ ചെയ്തുവെന്ന് ന്യൂസ് ഏജൻസിയായ എ.എൻ.ഐ. റിപ്പോർട്ടു ചെയ്തു. പെരുമാറ്റ ചട്ടലംഘനത്തിന്റെ പേരിലാണ് കേസ് എടുത്തത്.
“എനിക്കെതിരെയുള്ള അസം ഖാന്റെ അഭിപ്രായം വെച്ചു നോക്കുമ്പോൾ, മായാവതീ, നിങ്ങൾ ചിന്തിക്കണം, അയാളുടെ എക്സ്‌റേ പോലെയുള്ള കണ്ണുകൾ നിങ്ങളുടെ മുകളിലും എവിടെയൊക്കെ പതിയുന്നുണ്ടാവും?” എന്ന് ജയപ്രദ പറഞ്ഞതിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഏപ്രിൽ 18 ന് ഒരു തിരഞ്ഞെടുപ്പ് റാലിയിൽ ജയപ്രദ പറഞ്ഞതിനെതിരെ 20 ന് കേസ് രജിസ്റ്റർ ചെയ്യുകയാണുണ്ടായത്.
“നിങ്ങളെ അവർ പത്തുവർഷമായി പ്രതിനിധീകരിക്കുന്നു. രാംപൂരിലേയും, ഉത്തർപ്രദേശിലേയും, ഇന്ത്യയിലേയും ജനങ്ങളേ, നിങ്ങൾക്ക്, അവരുടെ സത്യാവസ്ഥ തിരിച്ചറിയാൻ, 17 വർഷം വേണ്ടിവന്നു. പക്ഷെ, അവർ കാക്കി അടിവസ്ത്രം ആണ് ധരിക്കുന്നതെന്നു ഞാൻ 17 ദിവസം കൊണ്ടു തിരിച്ചറിഞ്ഞു.” എന്ന്, കുറച്ചു നാൾ മുമ്പ്, രാംപൂരിലെ ഒരു തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിച്ചുകൊണ്ട്, ജയപ്രദയെ ഉദ്ദേശിച്ച്, ജയപ്രദയുടെ പേരു പറയാതെ, അസം ഖാൻ പറഞ്ഞിരുന്നു.