#ദിനസരികള് 734
രാഹുല്‍ ഗാന്ധിയുടെ വരവോടെ ഏറെ ശ്രദ്ധ നേടിയ മണ്ഡലമാണല്ലോ വയനാട്. രാഹുലും പ്രിയങ്കയും അടങ്ങുന്ന ദേശീയ നേതാക്കളും ഹെലിക്കോപ്റ്ററുകളും ബ്ലാക്ക് ക്യാറ്റുകളും എ കെ ഫോര്‍ട്ടിസെവനുമൊക്കെയായി വയനാട്ടുകാര്‍ക്ക് കൌതുകകരമായ ഏറെ കാഴ്ചകളുമുണ്ടായി. മറ്റൊരു കാര്യം രാഹുല്‍ പ്രിയങ്കയോടൊപ്പം പത്രിക സമര്‍പ്പിക്കാന്‍ കല്പറ്റയില്‍ എത്തിയപ്പോള്‍ വലിയ ഒരു ജനക്കൂട്ടം തടിച്ചു കൂടുകയുമുണ്ടായി. കണ്ണൂരുനിന്നും കാസര്‍കോഡുനിന്നും എന്തിന് അതിര്‍ത്തി സംസ്ഥാനങ്ങളായ കര്‍ണാടകയില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നുമൊക്കെ ധാരാളം ആളുകള്‍ അദ്ദേഹത്തെ കാണാനെത്തി.
ഇപ്പോള്‍ കൌതുകങ്ങള്‍ അവസാനിച്ചിരിക്കുന്നു. വയനാട്ടിലെ ജനത ഗൌരവമായി ചിന്തിക്കാനും രാഷ്ട്രീയം പറയാനും തുടങ്ങിയിരിക്കുന്നു. വൈകാരികമായ സമീപനങ്ങള്‍ക്കു പകരം ഈ തിരഞ്ഞെടുപ്പിന്റെ ഗൌരവം മനസ്സിലാക്കി പ്രതികരിക്കാന്‍ തുടങ്ങിയിരിക്കുന്നു.
രാഹുലിന്റെ അവസാനത്തെ പൊതു പ്രചാരണപരിപാടി എന്ന നിലയില്‍ പ്രിയങ്കയില്‍ നിന്നും കുറച്ച് ഗൌരവമായ പ്രതികരണങ്ങള്‍ പ്രതീക്ഷിച്ചവരെ അവര്‍ വലിയ തോതില്‍ നിരാശപ്പെടുത്തി. അണികളെ പൊരിവെയിലത്തു നിറുത്തി രാഹുല്‍ ഗാന്ധിയെക്കുറിച്ച് ഏറെ നീണ്ട ഒരു കവിത ചൊല്ലി എന്നതല്ലാതെ ഇന്നലേയും മറ്റൊന്നുമുണ്ടായില്ല. ഏറെ ത്യാഗം സഹിച്ച് മുന്നോട്ടു പോകുന്ന തന്റെ കുടുംബത്തിന്റെ യാതനകളെക്കുറിച്ച് അവര്‍ പതംപറഞ്ഞു.
ഈ നാട്ടിലെ കര്‍ഷകരെക്കുറിച്ചോ ആദിവാസികളെക്കുറിച്ചോ അസംഘടിത മേഖലയിലെ തൊഴിലാളികളെക്കുറിച്ചോ അവര്‍ക്ക് ആശങ്കയുണ്ടെന്ന് തോന്നിയില്ല. രാഹുല്‍ ജയിക്കുകയാണെങ്കില്‍ സാര്‍വ്വത്രികമായി സ്കൂള്‍ വിദ്യാഭ്യാസം സൌജന്യമായി നല്കുമെന്ന പ്രഖ്യാപനം അബദ്ധവുമായി. രാഹുലിനെപ്പോലെയുള്ള അഖിലേന്ത്യാ കോണ്‍ഗ്രസ് പ്രസിഡന്റ് മത്സരിക്കുന്ന ഒരു മണ്ഡലത്തിലെയെങ്കിലും കാര്യങ്ങളെ വസ്തുനിഷ്ഠമായി പഠിക്കാതെയും വിലയിരുത്താതെയും ആരുടെ കണ്ണില്‍ പൊടിയിടാമെന്നാണ് പ്രിയങ്കയടക്കമുള്ള കോണ്‍ഗ്രസ് നേതൃത്വം പ്രതീക്ഷിക്കുന്നത്?
വികസനങ്ങളിലും ജീവിതനിലവാര സൂചികകളിലും ഏറെ പിന്നോക്കം നില്ക്കുന്ന അമേഠിക്കുവേണ്ടി തയ്യാറാക്കിയ പ്രസംഗം വയനാട് ലോകസഭയില്‍ അബദ്ധത്തില്‍ കൊണ്ടുവന്ന് വായിച്ചുപോയതായിട്ടാണ് പ്രിയങ്കയുടെ പൊതുസമ്മേളനത്തെക്കുറിച്ച് കേള്‍ക്കുന്ന ഖ്യാതി.
ഏതായാലും അമേഠിയല്ല വയനാട് എന്നും ഇവിടുത്തെ ആവശ്യങ്ങള്‍ അമേഠിയുടേതുപോലെ കക്കൂസും സ്കൂളുമില്ലാത്തതല്ലെന്നും പ്രിയങ്ക മനസ്സിലാക്കണമായിരുന്നു, അല്ലെങ്കില്‍ അവരുടെ ഉപദേശകവൃന്ദങ്ങള്‍ പറഞ്ഞുകൊടുക്കണമായിരുന്നു.
ദേശീയ രാഷ്ട്രീയത്തില്‍ ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കും വോട്ടു ചെയ്യുക എന്നതാണ് പ്രിയങ്കയുടെ മറ്റൊരു ആവശ്യം. എന്തൊരു അസംബന്ധമായ ആവശ്യമാണത്?
രാജ്യത്ത് ബി.ജെ.പിയ്ക്ക് വ്യക്തമായ സ്വാധീനമുള്ള ഒരു മണ്ഡലത്തിലും നിന്നുകൊണ്ടല്ല രാഹുല്‍ ജയിപ്പിക്കാനായി ആവശ്യപ്പെടുന്നത്. മറിച്ച് ഉലയാത്ത യു.ഡി.എഫ്. കോട്ടയാണെന്നും അതുകൊണ്ടുതന്നെ സുരക്ഷിതമാണെന്നും അവര്‍ വിചാരിക്കുന്ന സ്ഥലത്തു നിന്നുകൊണ്ട് ഇടതുപക്ഷത്തെ മുഖ്യ എതിരാളിയായി പ്രഖ്യാപിച്ചുതന്നെയാണ്. ഇത് എങ്ങനെയാണ് ബി.ജെ.പിയെ എതിര്‍ക്കുന്ന നീക്കമാകുക എന്നതാണ് വയനാടന്‍ ജനത ചോദിക്കുന്നത്.
കുടുംബത്തിനുവേണ്ടിയാണ്, അവര്‍ സഹിച്ച ത്യാഗത്തിനുവേണ്ടിയാണ് പ്രിയങ്കയും കൂട്ടരും വോട്ടുചോദിക്കുന്നത്, മറിച്ച് രാഷ്ട്രത്തിനു വേണ്ടിയല്ല. ഇന്ദിരാ ഗാന്ധിയുടേയും രാജീവ് ഗാന്ധിയുടേയും രക്തസാക്ഷിത്വത്തിന് വേണ്ടിയാണ് വോട്ടു ചോദിക്കുന്നത്. ഇത് വൈകാരികമായ മുതലെടുപ്പാണ്. ഈ മുതലെടുപ്പിനു മുകളിലാണ് അമേഠി നിലനിന്നു പോകുന്നത്. എന്നാല്‍ അവിടത്തെ ജനതയും അത് മടുത്തിരിക്കുന്നു. കേട്ട് കേട്ട് തഴമ്പിച്ചിരിക്കുന്നു. രക്തസാക്ഷിത്വം പറഞ്ഞുകൊണ്ടിരുന്നാല്‍ ജീവിത നിലവാരം ഉയരില്ലെന്ന് അവര്‍ക്ക് മനസിലായിരിക്കുന്നു. അതുകൊണ്ട് അമേഠി മാറിച്ചിന്തിക്കുന്നു. അത് പക്ഷേ വര്‍ഗ്ഗീയ വാദികള്‍ക്ക് അവസരമാകുന്നുവെന്നതാണ് രാഹുല്‍ ഗാന്ധി ഇന്ത്യയോട് ചെയ്ത ഏറ്റവും വലിയ അപരാധം.
കേരളത്തില്‍ ഇടതുപക്ഷത്തോട് മത്സരിക്കാനെത്തിയ രാഹുല്‍ ഗാന്ധി പക്ഷേ, ശബരിമലയിലെ യുവതിപ്രവേശനത്തെക്കുറിച്ചുള്ള ചോദ്യത്തിനെങ്കിലും ഉത്തരം പറയണം. ആരുടെയൊപ്പമാണ് രാഹുല്‍? ആധുനിക ജനാധിപത്യ സമൂഹങ്ങളിലെ സ്ത്രീപുരുഷ തുല്യത എന്ന മൂല്യത്തിനൊപ്പമോ, സ്ത്രീ പുരുഷന്റെ ഇഷ്ടങ്ങള്‍ അനുസരിക്കാനുള്ള പാവയാണ് എന്ന സങ്കല്പത്തിനൊപ്പമോ? ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന അവകാശങ്ങള്‍ക്കൊപ്പമോ താല്ക്കാലിക ലാഭത്തിനുവേണ്ടി തെരുക്കൂത്ത് നടത്തുന്ന രാഷ്ട്രീയ ഭിക്ഷാംദേഹികള്‍ക്കൊപ്പമോ? ആരെയാണ് അഥവാ എന്തു മൂല്യത്തെയാണ് രാഹുല്‍ നെഞ്ചേറ്റുന്നത് ? കേരളത്തില്‍ വിശ്വാസികള്‍ക്കൊപ്പവും കേന്ദ്രത്തില്‍ കോടതിവിധിക്കൊപ്പവും എന്ന ഇരട്ടത്താപ്പ് ഇനിയെങ്കിലും രാഹുല്‍ അവസാനിപ്പിക്കണം.
എന്റെ സഹോദരനെ വിശ്വസിക്കൂ എന്നാണ് പ്രിയങ്ക യാചിക്കുന്നത്. എന്നാല്‍ ആ സഹോദരനെ വിശ്വസിച്ച അമേഠിയിലെ ജനത ഇപ്പോഴും ഇരുപത്തിനാലു ആരക്കാലുകള്‍ക്കുള്ളില്‍ നട്ടം തിരിഞ്ഞു കൊണ്ടിരിക്കുയാണെന്നതാണ് വസ്തുത. പറയാനൊരു രാഷ്ട്രീയമുണ്ടായിരുന്നുവെങ്കില്‍ സി.പി.ഐ. എമ്മിനെതിരെ ഒരു വാക്കുപോലും പറയില്ലെന്ന് രാഹുല്‍ ആണയിടുകയില്ലായിരുന്നല്ലോ!
ഇടതുപക്ഷമാകട്ടെ, വയനാടിനു വേണ്ടി പ്രത്യേകം പ്രകടന പത്രിക തയ്യാറാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. ഓരോ മേഖലയേയും ബാധിച്ചിരിക്കുന്ന പ്രശ്നങ്ങളെ കാലികമായി പരിശോധിച്ചുകൊണ്ടാണ് പ്രകടന പത്രി തയ്യാറാക്കിയിരിക്കുന്നത്. നോക്കുക “ഉൽപ്പാദന മേഖല ബ്രഹ്മഗിരി മാതൃകയിൽ എല്ലാ കർഷകരെയും സഹകരണ കൃഷിയിൽ ഉൾപ്പെടുത്തി കാപ്പി, സുഗന്ധവ്യഞ്ജനങ്ങൾ, നെല്ല്, പച്ചക്കറി, മൃഗപരിപാലനം, മത്സ്യം വളർത്തൽ തുടങ്ങി ഓരോ വിളയിലും കേന്ദ്ര–-സംസ്ഥാന സർക്കാരുകളുടെ പിന്തുണയോടെ ആധുനിക സംസ്കരണ വ്യവസായങ്ങളും അനുബന്ധ വിപണിയും വികസിപ്പിക്കും. കർഷകർക്ക് ന്യായവിലയും തൊഴിലാളികൾക്ക് മിനിമം കൂലിയും ലഭ്യമാക്കി ഉദാരവൽക്കരണ നയങ്ങൾക്ക് ബദൽവികസന പാത ആവിഷ്കരിച്ച് രാജ്യത്തിന് മാതൃകയായി വയനാട് മണ്ഡലത്തെ വികസിപ്പിക്കും.
സംസ്ഥാന സർക്കാർ 150 കോടി രൂപ ഈ വർഷത്തെ ബജറ്റിൽ വകയിരുത്തിയ കാപ്പി സംസ്കരണ വിപണന പദ്ധതി വിജയിപ്പിക്കാൻ കാപ്പി കർഷകരുടെ ഫെഡറേഷൻ രൂപികരിച്ച് ജൈവകൃഷി സർട്ടിഫിക്കേഷനുള്ള ഉയർന്ന ഉൽപ്പാദനവും ഉൽപ്പാദക്ഷമതയും ഗുണനിലവാരവും ഉള്ള കാർഷികരീതി പ്രോത്സാഹിപ്പിക്കും. അന്താരഷ്ട്ര –അഭ്യന്തര വിപണികളിൽ മലബാർ/ വയനാട് ബ്രാൻഡ് നാമത്തിൽ കാപ്പി വ്യാപാരം ശക്തിപ്പെടുത്തും. ഗുണനിലവാരം അടിസ്ഥാനമാക്കി കാപ്പിപരിപ്പിന് ചുരുങ്ങിയത് 300 രൂപ താങ്ങ് വില ഉറപ്പുവരുത്താനും പരിശ്രമിക്കും. കാപ്പി കർഷകർക്കും തോട്ടം തോഴിലാളികൾക്കും വരുമാനം വർധിപ്പിക്കും.
കേരള സർക്കാർ ആരംഭിച്ച കേരള ചിക്കൻ പദ്ധതി മണ്ഡലത്തിലാകെ വ്യാപിപ്പിച്ച‌് കോർപറേറ്റ് കമ്പനികളുടെ ചൂഷണത്തിൽ നിന്നും കർഷകരെ സ്വതന്ത്രരാക്കുകയും മാംസ ഉൽപ്പാദനതിൽ സ്വയം പര്യാപ്തത ഉറപ്പ‌് വരുത്തും. ന്യായവിലക്ക് കോഴിഇറച്ചി ലഭ്യമാക്കുന്ന പദ്ധതി പ്രോത്സാഹിപ്പിക്കും. ഇതിലൂടെ മണ്ഡലത്തിൽ 5000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാവും. പൗൾട്രി മേഖലയിൽ ഗവേഷണ പഠന പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കാൻ കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസ് സർവകലാശാലക്ക് പിന്തുണ നൽകും.
സഹകരണ നെൽകൃഷി വികസന പദ്ധതി ആവിഷക്കരിക്കും. നെല്ല് നേരിട്ട് വിൽക്കുന്നതിനു പകരം കർഷകരുടെ സഹകരണത്തോടെ സംഭരിച്ച‌് സംസ്കരിച്ച അരിയും മൂല്യവർധിത ഉൽപ്പന്നങ്ങളുമാക്കി ഇടതട്ടുകരില്ലാതെ വിപണനം ചെയ്യും. അതിൽനിന്നും ലഭിക്കുന്ന വരുമാനം കർഷകർക്ക് ലഭ്യമാക്കും.
കേരള സർക്കാർ പ്രഖ്യാപിച്ച സിയാൽ മാതൃകയിൽ അന്താരഷ്ട്ര നിലവാരമുള്ള റബ്ബർ സംസ‌്കരണ വ്യവസായ പദ്ധതിയുടെ പിന്തുണയോടെ റബ്ബർ കർഷകർക്ക് ഉയർന്ന വരുമാനം ഉറപ്പുവരുത്തും. നിലമ്പൂർ കേന്ദ്രീകരിച്ചു റബ്ബർ കർഷകരുടെ നേതൃത്വത്തിൽ ഇതിനായി പ്രവർത്തനം നടത്തി കേന്ദ്ര–-സംസ്ഥാന സർക്കാരുകളുടെ പിന്തുണ ഉറപ്പുവരുത്തും.
എല്ലാ വിളകൾക്കും ഉൽപ്പാദനചെലവിന്റെ 50 ശതമാനത്തിലധികം താങ്ങ് വിലയും എല്ലാ തൊഴിലാളികൾക്കും പ്രതിമാസം 18000 രൂപ മിനിമം കൂലിയും ഓരോ കുടുംബത്തിനും ചുരുങ്ങിയത് 2,16,000 രൂപ വാർഷിക വരുമാനവും ഉറപ്പുവരുത്തുന്നതിനാവശ്യമായ ഇടപെടലുകൾ നടത്തും.
പശ്ചാത്തല സൗകര്യ വികസനം
വനമേഖല ഒഴിവാക്കി നിലമ്പൂർ–- നഞ്ചൻഗോഡ്, മൈസൂരു–- തലശ്ശേരി റെയിൽപാതകൾ യാഥാർഥ്യമാക്കും. റെയിൽവേയുടെ പുതിയ അലൈൻമെന്റ‌് കേരള സർക്കാർ മുൻകൈഎടുത്തു തയ്യാറാക്കിയിട്ടുണ്ട്. ഇതിലൂടെ രണ്ട‌് പാതകളും യാഥാർഥ്യമാക്കുന്നതിനുള്ള വഴിതെളിഞ്ഞിട്ടുണ്ട‌്.
കേന്ദ്ര –സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ നടപ്പാക്കാനുള്ള ഇടപെടൽ നടത്തും.ദേശീയ പാതയിലെ രാത്രിയാത്ര നിരോധനം നീക്കുന്നതിന‌് കേന്ദ്ര–-സംസ്ഥാന സർക്കാരുകളിൽ സമ്മർദംചെലുത്തും. വനമേഖലയിൽ മേൽപാലം നിർമിച്ച‌് പ്രതിസന്ധി പരിഹരിക്കാൻ കേരള സർക്കാർ മുൻകൈയെടുക്കുന്നുണ്ട്.
ബ്രിട്ടീഷ് കാലത്തേ പ്രധാന പാതയായിരുന്ന മാനന്തവാടി–- ബത്തേരി–-ഗൂഡലൂർ–-ഊട്ടി വഴിയുള്ള സിസി റോഡ് നാലുവരി ദേശീയപാതയായി ഉയർത്താൻ മുൻകൈ എടുക്കും. ചുരം ബദൽ റോഡുകൾ യാഥാർഥ്യമാക്കാനുള്ള ശ്രമങ്ങളുണ്ടാകും.
പരിസ്ഥിതി–-വനം വികസനം, ജലസംരക്ഷണം
വയനാട് പരിസ്ഥിതി സംരക്ഷണ കമീഷൻ രൂപീകരിക്കും. ആദിവാസികളുടെയും അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെയും ജീവസന്ധാരണപദ്ധതികൾക്ക് പ്രാധാന്യം നൽകുന്ന പരിസ്ഥിതി സംരക്ഷണതിനായി നിലകൊള്ളും. നെൽകൃഷി, കന്നുകാലി വളർത്തൽ തോട്ടം വ്യവസായം എന്നിവയ്ക്ക് പ്രോത്സാഹനം നൽകും.
പരിസ്ഥിതിക്ക് അപായകരമായ തേക്ക് തോട്ടങ്ങൾ പടിപടിയായി നീക്കം ചെയ്തു സ്വാഭാവിക വനം വെച്ചുപിടിപ്പിക്കൽ, തീറ്റയും വെള്ളവും ഉറപ്പുവരുത്തി വനതിനകത്ത‌് വന്യമൃഗങ്ങൾക്ക് ജീവിതോപാധികൾ ഉറപ്പുവരുത്തൽ, കാടുംനാടും വേർതിരിക്കൽ എന്നിവക്ക് കേന്ദ്രസർക്കാർ, സുപ്രീം കോടതി എന്നിവയുടെ പിൻബലം ലഭിക്കാൻ റിപ്പോർട്ട് തയ്യറാക്കാൻ വിദഗ‌്ധരുടെ പങ്കാളിത്തത്തോടെ വയനാട് പരിസ്ഥിതി കമീഷൻ രൂപികരിക്കും.
വന്യമൃഗശല്യം ശ്വാശതമായി പരിഹരിക്കാൻ കേന്ദ്രസർക്കാരിന്റെ പിന്തുണയോടെ പദ്ധതി ആവിഷ‌്കരിക്കും. കബനി നദിയിലെ ജലം സുപ്രീം കോടതി അംഗീകരിച്ച അളവിൽ ഉപയോഗപ്പെടുത്തി കൃഷി സംരക്ഷിക്കാനുള്ള പദ്ധതിക്ക് മുൻകൈഎടുക്കും. കാരാപുഴ, ബാണാസുര സാഗർ പദ്ധതികളുടെ ഗുണഫലം കർഷകർക്ക് ലഭ്യമാക്കാൻ ഇടപെടും
ഭൂഗർഭ ജലനിരപ്പ് ഉയർത്താൻ കേന്ദ്ര–-സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ പദ്ധതി ആവിഷക്കരിക്കും.
സേവന മേഖല
പോളിടെക്കനിക്ക് മാതൃക വിദ്യാഭ്യാസം ശക്തിപ്പെടുത്തി കാർഷിക വ്യാവസായിക പുരോഗതിക്ക് ഉതുകുന്ന സാങ്കേതിക തൊഴിലധിഷ്ടിത വിദ്യാഭ്യാസ പദ്ധതികൾ ആവിഷ്ക്കരിക്കും.
പാൽ, മാംസം, മുട്ട ഉൽപ്പാദനത്തിൽ വയനാട് മണ്ഡലം കേന്ദ്രീകരിച്ചു കേരളത്തെ സ്വയം പര്യാപതമാക്കാൻ ഉതുകുന്ന പദ്ധതികൾ കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസ് സർവകലാശാലയുടെ നേതൃത്വത്തിൽ ലോകത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരിച്ചു തയ്യാറാക്കും.
വയനാട് മെഡിക്കൽ കോളേജ് അതിവേഗം പൂർത്തീകരിക്കും.
വയനാട്ടിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് കേന്ദ്രം ആരംഭിക്കാൻ പരിശ്രമിക്കും.
ആദിവാസി മേഖല
ഉദ്യോഗസ്ഥ കേന്ദ്രീകൃത ആദിവാസി വികസന നയത്തിനു പകരം ആദിവാസികളുടെ നേതൃത്വത്തിൽ ഇടത്തട്ടുകാരെ ഒഴിവാക്കി സഹകരണ കൃഷി, സംസ്ക്കരണ മൂല്യവർധന വ്യവസായങ്ങൾ, വിപണി എന്നിവ വികസിപ്പിക്കും. ആദിവാസി കുടുംബത്തിന‌് തൊഴിലും സ്ഥിരമായ വരുമാനവും വിദ്യാഭ്യാസ ആരോഗ്യ അവകാശങ്ങളും ഉറപ്പുവരുത്തുന്ന അതിജീവനം പദ്ധതി ആവിഷക്കരിക്കും.
ആദിവാസി ഭാഷയും സംസ്കാരവും സംരക്ഷിക്കാൻ ഉതുകുന്ന മാതൃക വിദ്യാഭ്യാസ പദ്ധതി ആവിഷ‌്കരിക്കും.
ചെതലയത്തെ ആദിവാസി പഠന ഗവേഷണ കേന്ദ്രം ദേശീയ ഇൻസ്റ്റിറ്റ്യൂട്ട് പദവിയിലേക്കുയർത്താൻ പരിശ്രമിക്കും.
തോട്ടം മേഖല
തോട്ടം തൊഴിലാളികൾക്ക് 18000 രൂപ മിനിമം കൂലി, 6000 രൂപ പെൻഷൻ, പാർപ്പിടം, വിദ്യാഭ്യാസ, ആരോഗ്യ സംവിധാനങ്ങൾ ഉറപ്പുവരുത്താനുള്ള പദ്ധതികൾക്കായി കേന്ദ്ര–-സംസ്ഥാന സർക്കാരുകളിൽ ഇടപെടും.
തോട്ടങ്ങളിൽ കുത്തക ഉടമസ്ഥത അവസാനിപ്പിക്കാനായി ഉയർന്ന ഭൂപരിധിയും തൊഴിലാളി ആനുപാതവും നിശ്ചയിക്കാൻ നിയമനിർമാണം നടത്താൻ പരിശ്രമിക്കും.
തൊഴിലാളികളുടെ സാമൂഹ്യ സഹകരണ സംഘങ്ങൾ രൂപികരിച്ച‌് തൊഴിലാളി സ്വയം പരിപാലന വ്യവസ്ഥയിൽ തോട്ടവ്യവസായ പരിപാലനം ഏറ്റെടുത്ത‌് നടത്താനും മിച്ച ആദായം അധിക വേതനമായി തൊഴിലാളികൾക്കും ക്ഷേമപദ്ധതികളിലൂടെ പ്രാദേശിക സമൂഹത്തിനും ലഭ്യമാക്കുന്നതിനുമായുള്ള പ്രവർത്തനങ്ങൾ നടത്തും.
കായിക രംഗം
വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചു കായിക സംസ്ക്കാരം ശക്തിപ്പെടുത്താൻ സവിശേഷ പദ്ധതികൾ ആവിഷക്കരിക്കും. നിലമ്പൂർ കേന്ദ്രീകരിച്ച് ദേശീയ കായിക ഇൻസ‌്റ്റിറ്റ്യൂട്ട് സ്ഥാപിക്കാൻ മുൻകൈ എടുക്കും.
ടൂറിസം
അന്താരാഷ്ട്ര ടൂറിസ രംഗത്ത് വയനാടിനെ ഏറ്റുവും മികച്ച പശ്ചാത്തല സൗകര്യങ്ങൾ ഉള്ള കേന്ദ്രമാക്കി വികസിപ്പിക്കാൻ നടപടി സ്വീകരിക്കും. ടൂറിസം മേഖലയിൽ കേന്ദ്ര ഗവേഷണ പഠന ഇൻസ്റ്റിറ്റ്യൂട്ട് വയനാട്ടിൽ സ്ഥാപിക്കാൻ മുൻകൈഎടുക്കും.
വയനാട്, നിലമ്പൂർ, തിരുവമ്പാടി മേഖലകളിൽ ടൂറിസം സാദ്ധ്യതകൾ വികസിപ്പിക്കാൻ സമഗ്ര പദ്ധതി ആവിഷക്കരിക്കും.
ഐടി മേഖല -വയനാടിന്റെ പരിസ്ഥിതിയും കാലാവസ്ഥയും പരിഗണിച്ച് സാർവദേശീയ നിലവാരമുള്ള ഇൻഫർമേഷൻ ടെക്നോളജി ഹബ് സ്ഥാപിക്കാൻ മുൻകൈഎടുക്കും.”
ഇടതുപക്ഷം വയനാട്ടിലെ ജനതയോട് അവരുടെ ജീവിത നിലവാരമുയര്‍ത്തുന്നതിനെക്കുറിച്ചും വര്‍ത്തമാന കാലത്ത് സംഘപരിവാരം നടത്തുന്ന വര്‍ഗ്ഗീയ രാഷ്ട്രീയത്തെക്കുറിച്ചുമാണ് സംസാരിക്കുന്നത്.
വയനാട്ടില്‍ നിന്നും മാറ്റങ്ങളുടെ വാര്‍ത്തയാണ് വരാനിരിക്കുന്നത്.
മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.
അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.