കൊളംബോ:
ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലുണ്ടായ സ്ഫോടന പരമ്പരയിൽ മരിച്ചവരുടെ എണ്ണം 160 ആയി. അഞ്ഞൂറോളം പേർ പരിക്കേറ്റ് വിവിധ ആശുപത്രികളിലാണ്. മുപ്പത്തഞ്ചിലധികം വിദേശികളും കൊല്ലപ്പെട്ടിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.
ഈസ്റ്റർ പ്രാർഥനയ്ക്കിടെ രാവിലെ 8.45ന് ആണു സ്ഫോടനങ്ങൾ രണ്ടു ക്രിസ്ത്യൻ പള്ളികളിൽ ആദ്യം സ്ഫോടനം ഉണ്ടായത്. പിന്നീട് മൂന്നു പഞ്ച നക്ഷത്ര ഹോട്ടലുകളിലും മറ്റൊരു പള്ളിയിലും സ്ഫോടനം നടന്നു. സ്ഫോടനം നടന്ന കൊളംബോയിലെ റോമൻ കാത്തലിക് അതിരൂപതയുടെ കീഴിലുള്ള കൊച്ചിക്കാടെ സെന്റ് ആന്റണീസ് ചർച്ച് ശ്രീലങ്കയുടെ ദേശീയ പൈതൃക കേന്ദ്രം കൂടിയാണ്.
ദേഹിവെലയിലെ പ്രശസ്തമായ കൊളംബോ മൃഗശാലയ്ക്കു സമീപമായിരുന്നു ഉച്ചയോടെ ഏഴാമത്തെ സ്ഫോടനം നടന്നു. ഇതിൽ രണ്ടു പേർ മരിച്ചു. കൊളംബോയുടെ തെക്കൻ പ്രദേശത്തു സ്ഥിതി ചെയ്യുന്ന മൃഗശാലയുടെ എതിർവശത്തുള്ള ഹോട്ടലിലായിരുന്നു സ്ഫോടനം.
കൊളംബോയിലെ ഡെമറ്റോഗോഡ ഹൗസിങ് കോംപ്ലക്സിലാണ് എട്ടാമത്തെ സ്ഫോടനം നടന്നത്. ഈ സ്ഫോടനം ഒരു ചാവേർ ആക്രമണം ആയിരുന്നെന്നു ശ്രീലങ്കൻ പോലീസ് പറഞ്ഞു. മൂന്നു പേരാണ് എട്ടാമത്തെ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടത്.
മരിച്ചവരിൽ ഒരു മലയാളിയും ഉൾപ്പെടുന്നു. കാസർഗോഡ് മൊഗ്രാൽ പുത്തൂർ സ്വദേശി പി.എസ്. റസീന (61) ആണ് മരിച്ചത്. ഷാംഗ്രില ഹോട്ടലിലെ സ്ഫോടനത്തിലാണ് ഇവര് കൊല്ലപ്പെട്ടത്. റസീന ഭർത്താവിനൊപ്പം ഹോട്ടലില് നിന്ന് ചെക്ക് ഔട്ട് ചെയ്ത് പുറത്തിറങ്ങുമ്പോളായിരുന്നു സ്ഫോടനമുണ്ടായത്.
ക്രിസ്ത്യൻ പള്ളികൾക്കു നേരെ ചാവേർ ആക്രമണം ഉണ്ടാകുമെന്ന് 10 ദിവസങ്ങൾക്കു മുമ്പ് പോലീസിന് മുന്നറിയിപ്പ് ലഭിച്ചിരുന്നതാണ്.ആക്രമണത്തിന്റെ ഉത്തരവാദിത്വം ഭീകരസംഘടനകളൊന്നും ഏറ്റെടുത്തിട്ടില്ല. ചില മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ‘തൗഹീത് ജമാത്ത്’ എന്ന സംഘടനയാണ് സംശയത്തിന്റെ നിഴലിൽ നിൽക്കുന്നത്. ഭീകരർ ചാവേർ സ്ഫോടനത്തിനു പദ്ധതിയിടുന്നതായി വിദേശ രഹസ്യാന്വേഷണ ഏജൻസിയാണ് പോലീസ് മേധാവി പുജുത് ജയസുന്ദരയ്ക്കു റിപ്പോർട്ട് നൽകിയത്. കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മീഷനു നേരെയും സ്ഫോടനം ഉണ്ടായേക്കുമെന്ന് പോലീസ് മേധാവി ഉദ്യോഗസ്ഥർക്ക് അയച്ച മുന്നറിയിപ്പ് സന്ദേശത്തിൽ പറഞ്ഞിരുന്നു.
സ്ഫോടനത്തെത്തുടർന്ന് രാജ്യത്തു രാത്രികളിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയതായി ശ്രീലങ്കൻ സർക്കാർ അറിയിച്ചു.ശ്രീലങ്കയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ബുധനാഴ്ച വരെ അടച്ചിടും. ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സാമൂഹ്യ മാധ്യമങ്ങൾ രാജ്യത്തു താൽക്കാലികമായി നിരോധിച്ചു.
ശ്രീലങ്കയിൽ ഏഴിടത്തു നടന്ന സ്ഫോടനങ്ങളിൽ ഇന്ത്യ നടുക്കം രേഖപ്പെടുത്തി. ലങ്കയിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി വിലയിരുത്തുകയാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പറഞ്ഞു. കൊളംബോയിലെ ഇന്ത്യൻ ഹൈകമ്മിഷണറിൽ നിന്നു തുടർച്ചയായി വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. സ്ഥിതിഗതികൾ സസൂക്ഷ്മം വിലയിരുത്തുകയാണെന്നും സുഷമ ട്വിറ്ററിൽ വ്യക്തമാക്കി.സ്ഫോടനത്തിടയിൽ കുടുങ്ങിപ്പോയ ഇന്ത്യക്കാർക്കു വേണ്ടി കൊളംബോയിലെ ഇന്ത്യൻ ഹൈകമ്മിഷണർ ഓഫിസിൽ ഹെൽപ് ലൈൻ നമ്പറുകൾ ഏർപ്പെടുത്തിയിട്ടുണ്ട് : +94777903082,+94112422788,+94112422789, +94112422789.